വെസ്റ്റ് ഇന്‍ഡീസ് സൂപ്പര്‍ താരം ആന്ദ്രെ റസല്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങള്‍ക്കു ശേഷം വിരമിക്കും. 

ജമൈക്ക: രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് വെസ്റ്റ് ഇന്‍ഡീസ് സൂപ്പര്‍ താരം ആന്ദ്രെ റസല്‍. ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളോടെ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുമെന്ന് 37കാരനായ റസല്‍ വ്യക്തമാക്കി. അഞ്ച് മത്സര പരമ്പയിലെ ആദ്യ രണ്ട് മത്സരങ്ങള്‍ക്കുള്ള ടീമില്‍ റസലിനെ സെലക്ടര്‍മാര്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. റസലിന്‍റെ ഹോം ഗ്രൗണ്ടായ ജമൈക്കയിലെ സബീന പാര്‍ക്കിലാണ് ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങള്‍.

വെസ്റ്റ് ഇന്‍ഡീസിനായി കളിക്കാന്‍ കഴിഞ്ഞത് വാക്കുകള്‍ കൊണ്ട് വിവരിക്കാനാവാത്ത അഭിമാനമാണെന്നും കുട്ടിയായിരുന്നപ്പോൾ വിന്‍ഡീസ് കുപ്പായത്തില്‍ കളിക്കാന്‍ കഴിയുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്നും വളര്‍ന്നു യുവതാരങ്ങള്‍ക്ക് പ്രചോദനമായി വിന്‍ഡീസ് ജേഴ്സിയില്‍ തന്നെ അടയാളപ്പെടുത്തണമെന്നാണ് ആഗ്രഹമെന്നും വിടവാങ്ങൽ കുറിപ്പില്‍ റസല്‍ പറഞ്ഞു. വിന്‍ഡീസിനായി കളിക്കുന്നത് ഏറെ ഇഷ്ടപ്പെടുന്നുവെന്നും ഹോം ഗ്രൗണ്ടില്‍ കുടുംബത്തിന് മുന്നില്‍ അവസാന മത്സരം കളിക്കാനാവുന്നുവെന്നത് ഏറെ സന്തോഷിപ്പിക്കുന്നുവെന്നും റസല്‍ പറഞ്ഞു.

Scroll to load tweet…

2019 മുതല്‍ വെസ്റ്റ് ഇന്‍ഡീസിനായി ടി20 ക്രിക്കറ്റില്‍ മാത്രമാണ് റസല്‍ കളിക്കുന്നത്. വിന്‍ഡീസ് കുപ്പായത്തില്‍ 84 ടി20 മത്സരം കളിച്ച റസല്‍ 22 റണ്‍സ് ശരാശരിയിലും 163.08 സ്ട്രൈക്ക് റേറ്റിലും 1078 റണ്‍സ് നേടി. 71 റണ്‍സാണ് മികച്ച സ്കോര്‍. പേസ് ഓള്‍ റൗണ്ടര്‍ കൂടിയായ റസല്‍ 61 വിക്കറ്റുകളും സ്വന്തമാക്കി. കരിയറില്‍ ഒരേയൊരു ടെസ്റ്റില്‍ മാത്രമാണ് റസല്‍ വിന്‍ഡീസിനായി കളിച്ചത്. 56 ഏകദിനങ്ങളിലും വിന്‍ഡീസിനായി കളിച്ച റസല്‍ നാല് അര്‍ധസെഞ്ചുറികള്‍ അടക്കം 130 പ്രഹശേഷിയിലും 27.21 ശരാശരിയിലും 1034 റണ്‍സും നേടി. 92 റണ്‍സാണ് ഏകദിനത്തിലെ മികച്ച സ്കോര്‍. ഏകദിനങ്ങളില്‍ 70 വിക്കറ്റും റസലിന്‍റെ പേരിലുണ്ട്.

2012ലും 2016ലും ടി20 ലോകകപ്പില്‍ കീരീടം നേടിയ വിന്‍ഡീസ് ടീമില്‍ അംഗമായിരുന്ന റസല്‍ അടുത്ത വര്‍ഷം ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കാനിരിക്കുന്ന ടി20 ലോകകപ്പിനു മുമ്പാണ് വിരമിക്കല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ലോകത്തെ വിവിധ ടി20 ലീഗുകളില്‍ സജീവമായ റസല്‍ 561 ടി20 മത്സരങ്ങളില്‍ നിന്ന് 9316 റണ്‍സും 485 വിക്കറ്റുകളും നേടിയിട്ടുണ്ട്. സമീപകാലത്ത് വിന്‍ഡീസ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിക്കുന്ന രണ്ടാമത്തെ സൂപ്പര്‍ താരമാണ് റസല്‍. 29കാരനായ നിക്കോളാസ് പുരാനും അടുത്തിടെ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ആരാധകരെ ഞെട്ടിച്ചിരുന്നു.

ഓസ്‌ട്രേലിയയ്‌ക്കെതിരായ ടി20 മത്സരങ്ങൾക്കുള്ള വെസ്റ്റ് ഇൻഡീസ് ടീം: ഷായ് ഹോപ്പ് (ക്യാപ്റ്റൻ), ജുവൽ ആൻഡ്രൂ, ജെഡിയ ബ്ലേഡ്‌സ്, റോസ്റ്റൺ ചേസ്, മാത്യു ഫോർഡ്, ഷിമ്രോൺ ഹെറ്റ്‌മെയർ, ജേസൺ ഹോൾഡർ, അകേൽ ഹൊസൈൻ, അൽസാരി ജോസഫ്, ബ്രാൻഡൻ കിംഗ്, എവിൻ ലൂയിസ്, ഗുഡാകേഷ് മോട്ടീ, റോവ്മാൻ പവൽ, ആൻഡ്രെ റസ്സൽ, ഷെർഫെയ്ൻ റൂഥർഫോർഡ്, റൊമാരിയോ ഷെപ്പേർഡ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക