ആകാശ് ചോപ്ര തെരഞ്ഞെടുത്ത ഇന്ത്യയുടെ 15 അംഗ ലോകകപ്പ് ടീമില്‍ ഓപ്പണര്‍ യശസ്വി ജയ്സ്വാളിന് ഇടമില്ലെന്നതാണ് ഏറ്റവും വലിയ പ്രത്യേകത.

ദില്ലി: അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കേണ്ട ടി20 ലോകകപ്പിന് ഇനി മൂന്ന് മാസം മാത്രമാണ് ബാക്കിയുള്ളത്. ലോകകപ്പില്‍ കളിക്കുന്ന 15 അംഗ ടീമിനെ തെരഞ്ഞെടുക്കാനുള്ള അവസാനവട്ട ഒരുക്കത്തിലാണ് ഇന്ത്യൻ ടീം. ദക്ഷിണാഫ്രിക്കക്കും ന്യൂസിലന്‍ഡിനുമെതിരെ അഞ്ച് മത്സരങ്ങൾ വീതമുളള ടി20 പരമ്പരകളാണ് ഇന്ത്യക്ക് ടി20 ലോകകപ്പിന് മുന്നോടിയായുള്ളത്. ഈ പരമ്പരകളില്‍ നിന്ന് ഇന്ത്യൻ ടീമിനെ തെരഞ്ഞെടുക്കുമെന്നാണ് പൊതുവെ പ്രതീക്ഷിക്കപ്പെടുന്നത്. മലയാളി താരം സഞ്ജു സാംസണ്‍ ഓപ്പണറോ വിക്കറ്റ് കീപ്പറോ ആയി ടീമിലെത്തുമോ എന്നതും ആരാധകര്‍ ആകാംക്ഷയോടെ ഉറ്റുനോക്കുന്നു. ലോകകപ്പിന് മൂന്ന് മാസം കൂടിയുണ്ടെങ്കിലും ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമിൽ ആരൊക്കെയുണ്ടാകുമെന്ന് ഇപ്പോഴെ പ്രവചിക്കുകയാണ് മുന്‍ ഇന്ത്യൻ താരവും കമന്‍റേറ്ററുമായ ആകാശ് ചോപ്ര.

ആകാശ് ചോപ്ര തെരഞ്ഞെടുത്ത ഇന്ത്യയുടെ 15 അംഗ ലോകകപ്പ് ടീമില്‍ ഓപ്പണര്‍ യശസ്വി ജയ്സ്വാളിന് ഇടമില്ലെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ആകാശ് ചോപ്ര തെരഞ്ഞെടുത്ത ടീമിലും ഓപ്പണര്‍മാരായി എത്തുന്നത് അഭിഷേക് ശര്‍മയും വൈസ് ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്ലും തന്നെയാണ്. ക്യാപ്റ്റനായി സൂര്യകുമാര്‍ യാദവ് തുടരുമ്പോള്‍ തിലക് വര്‍മയും ആകാശ് ചോപ്രയുടെ ടീമിലിടം നേടി. വിക്കറ്റ് കീപ്പര്‍മാരായി സഞ്ജു സാസണെയും ജിതേഷ് ശര്‍മയെയുമാണ് ആകാശ് ചോപ്ര തെരഞ്ഞെടുത്തത്.

ഹാര്‍ദ്ദിക് പാണ്ഡ്യയും ശിവം ദുബെയുമാണ് ഓള്‍ റൗണ്ടര്‍മാര്‍. അക്സര്‍ പട്ടേലും വാഷിംഗ്ടണ്‍ സുന്ദറും സ്പിന്‍ ഓള്‍ റൗണ്ടര്‍മാരാകുമ്പോള്‍ കുല്‍ദീപ് യാദവും വരുണ്‍ ചക്രവര്‍ത്തിയും സ്പിന്നര്‍മാരായി ടീമിലെത്തി. പേസര്‍മാരായി അര്‍ഷ്ദീപ് സിംഗ്, ജസ്പ്രീത് ബുമ്ര, ഹര്‍ഷിത് റാണ എന്നിവരെയാണ് ആകാശ് ചോപ്ര 15 അംഗ ടീമിലെടുത്തിരിക്കുന്നത്.

ടി20 ലോകകപ്പിനായി ആകാശ് ചോപ്ര തെരഞ്ഞെടുത്ത ഇന്ത്യൻ ടീം: അഭിഷേക് ശര്‍മ, ശുഭ്മാന്‍ ഗില്‍, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, ജിതേഷ് ശര്‍മ, സഞ്ജു സാംസണ്‍, ഹാര്‍ദ്ദിക് പാണ്ഡ്യ, ശിവം ദുബെ, വാഷിംഗ്ടൺ സുന്ദര്‍, അക്സര്‍ പട്ടേല്‍, വരുണ്‍ ചക്രവര്‍ത്തി, കുല്‍ദീപ് യാദവ്, അര്‍ഷ്ദീപ് സിംഗ്, ജസ്പ്രീത് ബുമ്ര, ഹര്‍ഷിത് റാണ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക