വിരാട് കോലിയെ ഏകദിന ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് ബിസിസിഐ നീക്കിയതിനോട് പ്രതികരിച്ചിരിക്കുകയാണ് ഇന്ത്യന്‍ മുന്‍താരവും കമന്‍റേറ്ററുമായ ആകാശ് ചോപ്ര

മുംബൈ: ഇന്ത്യന്‍ ഏകദിന ക്രിക്കറ്റ് ടീം (Team India) നായകസ്ഥാനത്ത് വിരാട് കോലിക്ക് (Virat Kohli) പകരം രോഹിത് ശര്‍മ്മയെ (Rohit Sharma) കഴിഞ്ഞ ദിവസം നിയമിച്ചിരുന്നു. കോലിയെ അപ്രതീക്ഷിതമായി മാറ്റിയതില്‍ ബിസിസിഐ (BCCI) വിമര്‍ശനവും പിന്തുണയും നേരിടുന്നതിനിടെ പ്രതികരിച്ചിരിക്കുകയാണ് ഇന്ത്യന്‍ മുന്‍താരവും കമന്‍റേറ്ററുമായ ആകാശ് ചോപ്ര (Aakash Chopra). തന്‍റെ യൂട്യൂബ് ചാനലിലൂടെയാണ് ചോപ്രയുടെ പ്രതികരണം. 

ചോപ്ര പറയുന്നത് ഇങ്ങനെ

ഏകദിന ടീമിന്‍റെ നായകസ്ഥാനം മാറുമെന്ന് നേരത്തെ ചര്‍ച്ചയുണ്ടായിരുന്നു. വിരാട് കോലി ടി20 നായകസ്ഥാനം ഒഴിഞ്ഞ ദിവസം തന്നെ വ്യക്തമായിരുന്നു അദേഹത്തിന് ഏകദിന ക്യാപ്റ്റന്‍സി ഉടന്‍ നഷ്‌ടമാവുമെന്ന്. ടി20യില്‍ നയിക്കുന്ന നായകന്‍ തന്നെയാവും തീര്‍ച്ചയായും ഏകദിനത്തിലും ടീമിനെ നയിക്കുക. വൈറ്റ് ബോള്‍ ക്രിക്കറ്റിനെയും റെഡ് ബോള്‍ ക്രിക്കറ്റിനേയും കുറിച്ച് എന്നും അഭിപ്രായവ്യത്യാസങ്ങളുണ്ട്. ആ പ്രശ്‌നം പരിഹരിച്ചു എന്നുമാണ് ആകാശ് ചോപ്രയുടെ വാക്കുകള്‍. 

ടി20 ലോകകപ്പോടെയാണ് വിരാട് കോലി ഇന്ത്യന്‍ ടി20 നായക പദവി ഒഴിഞ്ഞത്. ടി20 നായകപദവി ഒഴിയേണ്ടതില്ലെന്ന് സെപ്റ്റംബറില്‍ ബിസിസിഐ നിര്‍ദേശിച്ചെങ്കിലും കോലി വഴങ്ങിയില്ല. ഇതിനുപിന്നാലെ ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ നായകസ്ഥാനവും കോലി രാജിവെച്ചു. ടി20 ലോകകപ്പിന് ശേഷം നടന്ന ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയില്‍ കോലിക്ക് പകരം രോഹിത് ശര്‍മ്മയെ നായകനായി തെരഞ്ഞെടുത്തിരുന്നു. ന്യൂസിലന്‍ഡിനെതിരായ മൂന്ന് ടി20കളുടെ പരമ്പര തൂത്തുവാരി രോഹിത് പുതുയുഗം തുടങ്ങിയതോടെ ഏകദിന ക്യാപ്റ്റന്‍സിയിലും മാറ്റം വന്നു. 

രോഹിത് ഏകദിന നായകനായേക്കുമെന്ന് അഭ്യൂഹങ്ങള്‍ ശക്തമായിരുന്നുവെങ്കിലും അപ്രതീക്ഷിതമായാണ് ബിസിസിഐ ഇക്കാര്യം പ്രഖ്യാപിച്ചത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ സെലക്‌ടര്‍മാര്‍ രോഹിത്തിനെ ഏകദിന നായകനായി തെരഞ്ഞെടുക്കുകയായിരുന്നു. ഒറ്റവരി ട്വീറ്റിലൂടെയായിരുന്നു ഈ പ്രഖ്യാപനം. 

പ്രതികരിച്ച് ഗാംഗുലി

ഏകദിന, ടി20 ടീമുകള്‍ക്ക് വ്യത്യസ്ത നായകന്മാര്‍ അനുചിതമെന്നതാണ് ബിസിസിഐ നിലപാട് എന്നാണ് പ്രസിഡന്‍റ് സൗരവ് ഗാംഗുലിയുടെ പ്രതികരണം. 'ബിസിസിഐ പ്രസിഡന്‍റെന്ന നിലയില്‍ കോലിയോട് സംസാരിച്ചിരുന്നു. സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനും കോലിയോട് കാര്യങ്ങള്‍ വിശദീകരിച്ചു. കോലി ടെസ്റ്റില്‍ നായകനായി തുടരു'മെന്നും ഗാംഗുലി വ്യക്തമാക്കി. ഏകദിനങ്ങളിലും ടി20യിലും ക്യാപ്റ്റനെന്ന നിലയില്‍ നല്‍കിയ സംഭാവനകള്‍ക്ക് കോലിക്ക് ദാദ നന്ദി പറഞ്ഞു. 2017ല്‍ എം എസ് ധോണിയില്‍ നിന്ന് ഏകദിന, ടി20 ടീമുകളുടെ നായകസ്ഥാനം കോലി ഏറ്റെടുത്തത്. 

സെലക്ഷന്‍ കമ്മിറ്റിയും ബിസിസിഐയും ചേര്‍ന്ന് ആലോചിച്ചാണ് ഏകദിന ക്യാപ്റ്റന്‍സിയില്‍ നിന്ന് കോലിയെ മാറ്റാനുള്ള തീരുമാനമെടുത്തത്. 2023ലെ ഏകദിന ലോകകപ്പില്‍ ടീമിനെ കിരീടത്തിലേക്ക് നയിച്ച് ഐസിസി കിരീടങ്ങളില്ലാത്ത നായകനെന്ന ദുഷ്പേര് മാറ്റാമെന്ന കോലിയുടെ വിദൂര സാധ്യതയും സെലക്ഷന്‍ കമ്മിറ്റി തീരുമാനത്തോടെ അടഞ്ഞു. അടുത്ത വര്‍ഷം ഓസ്ട്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പിലും 2023ല്‍ ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പിലും രോഹിത് തന്നെയാവും ഇന്ത്യയെ നയിക്കുക. 

Virat Kohli : വിരാട് കോലിയെ തണുപ്പിക്കാന്‍ ബിസിസിഐ; നന്ദിയറിയിച്ച് നിര്‍ണായക നീക്കം