ദില്ലി: രോഹിത് ശര്‍മ, എം എസ് ധോണി, വിരാട് കോലി എന്നിവരില്ലാത്ത ഐപിഎല്‍ ഇലവനെ കുറിച്ച് ആരാധകര്‍ക്ക് ചിന്തിക്കാന്‍ പോലും കഴിയില്ല. എന്നാല്‍ മുന്‍ ഇന്ത്യന്‍ താരവും ഇപ്പോള്‍ കമന്റേറ്ററുമായ ആകാശ ചോപ്രയുടെ ഐപിഎല്‍ ഇലവനില്‍ മൂവരുമില്ല. നിര്‍ത്തിവച്ച ഐപിഎല്ലില്‍ നിന്നാണ് ചോപ്ര മികച്ച ഐപിഎല്‍ ഇലവനെ തിരഞ്ഞെടുത്തത്. 

ഡല്‍ഹി കാപിറ്റല്‍സ്, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ എന്നീ ടീമുകളില്‍ നിന്ന് മൂന്ന് താരങ്ങള്‍ വീതം ചോപ്രയുടെ ടീമില്‍ ഇടം കണ്ടെത്തി. ചെന്നൈ സൂപ്പര്‍ കിംഗ്‌സില്‍ രണ്ട് താരങ്ങളാണ് ടീമിലെത്തിയത്. രാജസ്ഥാന്‍ റോയല്‍സ്, പഞ്ചാബ് കിംഗ്‌സ്, മുംബൈ ഇന്ത്യന്‍സ് എന്നീ ടീമുകളില്‍ നിന്ന് ഓരോ താരങ്ങളും ടീമിലെത്തി. സണ്‍റൈസേഴ്‌സ് ഹൈദാരാബാദ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് എന്നീ ടീമുകളില്‍ നിന്ന് ആര്‍ക്കും ടീമിലെത്താന്‍ സാധിച്ചില്ല. 

ഓപ്പണര്‍ ശിഖര്‍ ധവാന്‍, വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത്, പേസര്‍ ആവേഷ് ഖാന്‍ എന്നിവരാണ് ഡല്‍ഹി താരങ്ങള്‍. ബാംഗ്ലൂരില്‍ നിന്ന് ഗ്ലെന്‍ മാക്‌സ്‌വെല്‍, എബി ഡിവില്ലിയേഴ്‌സ്, ഹര്‍ഷല്‍ പട്ടേല്‍ എന്നിവരും ടീമിലെത്തി. ചെന്നൈയുടെ രവീന്ദ്ര ജഡേജ, ഫാഫ് ഡു പ്ലെസിസ് എന്നിവരും ചോപ്രയുടെ ടീമില്‍ കളിക്കും. രാജസ്ഥാന്‍ ക്യാപ്റ്റനും മലയാളിയുമായ സഞ്ജു സാംസണ്‍ ടീമിലിടം കണ്ടെത്താനായില്ല. എന്നാല്‍ ഓള്‍ റൗണ്ടര്‍ ക്രിസ് മോറിസ് ഇടം കണ്ടെത്തി. പഞ്ചാബ് ക്യാപ്റ്റന്‍ കെ എല്‍ രാഹുല്‍ ധവാനൊപ്പം ഓപ്പണ്‍ ചെയ്യും. മുംബൈയുടെ രാഹുല്‍ ചാഹറാണ് ടീമിലെ സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍.

ആകാശ് ചോപ്രയുടെ ടീം: ശിഖര്‍ ധവാന്‍, കെ എല്‍ രാഹുല്‍, ഫാഫ് ഡു പ്ലെസിസ്, ഗ്ലെന്‍ മാക്‌സ്‌വെല്‍, എബി ഡിവില്ലിയേഴ്‌സ്, റിഷഭ് പന്ത്, രവീന്ദ്ര ജഡേജ, ക്രിസ് മോറിസ്, രാഹുല്‍ ചാഹര്‍, ആവേശ് ഖാന്‍, ഹര്‍ഷല്‍ പട്ടേല്‍.