സിഡ്നി: ഇന്ത്യ-ഓസ്ട്രേലിയ സംയുക്ത ടീമിനെ തെരഞ്ഞെടുത്താല്‍ തന്റെ ആദ്യ ചോയ്സ് ഇന്ത്യയുടെ വെടിക്കെട്ട് ഓപ്പണറായിരുന്ന വീരേന്ദര്‍ സെവാഗ് ആയിരിക്കുമെന്ന് ഓസ്ട്രേലിയന്‍ ഏകദിന ടീം നായകന്‍ ആരോണ്‍ ഫിഞ്ച്. ഒരു ടോക് ഷോയില്‍ പങ്കെടുക്കവെയാണ് അപ്രതീക്ഷിതമായി ഇന്ത്യ ഓസീസ് സംയുക്ത ടീമിനെ തെരഞ്ഞെടുക്കാന്‍ അവതാരകന്‍ ഫിഞ്ചിനോട് ആവശ്യപ്പെട്ടത്.


ഒട്ടും ആലോചിക്കാതെ ഫിഞ്ച് ആദ്യം തെരഞ്ഞെടുത്ത പേര് സെവാഗിന്റെതായിരുന്നു. സെവാഗിനെയാണ് താന്‍ ആദ്യം തെരഞ്ഞെടുക്കയെന്ന് ഫിഞ്ച് പറഞ്ഞു. സെവാഗ് ഫോമിലായാല്‍ പിന്നെ ആ കളി തീര്‍ന്നു എന്ന് കൂട്ടിയാല്‍ മതി. രോഹിത് ശര്‍മയെയും ഓപ്പണറായി തെരഞ്ഞെടുക്കണമെന്നുണ്ടെങ്കിലും ആദം ഗില്‍ക്രിസ്റ്റും സെവാഗും കൂടി ഓപ്പണ്‍ ചെയ്ത് കാണണമെന്നാണ് തന്റെ ആഗ്രഹമെന്നും ഫിഞ്ച് പറഞ്ഞു.

Also Read: കേരള ബ്ലാസ്റ്റേഴ്‌സ് കൊച്ചി വിടില്ല; പുതിയ വിവരങ്ങള്‍ പുറത്ത്

മൂന്നാം നമ്പറില്‍ ഓസീസ് മുന്‍ നായകന്‍ റിക്കി പോണ്ടിംഗിനെയാണ് ഫിഞ്ച് തെരഞ്ഞെടുത്തത്. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി നാലാം നമ്പറിലാണ് ബാറ്റിംഗിനിറങ്ങുന്നത്. ഹര്‍ദ്ദിക് പാണ്ഡ്യയും ആന്‍ഡ്ര്യു സൈമണ്ട്സുമാണ് ഫിഞ്ചിന്റെ സംയുക്ത ടീമിലെ ഓള്‍ റൗണ്ടര്‍മാര്‍. ബ്രെറ്റ് ലീ, ജസ്പ്രീത് ബുമ്ര, ഗ്രെന്‍ മക്‌ഗ്രാത്ത് എന്നിവരും ഫിഞ്ചിന്റെ ടീമില്‍ ഇടം പിടിച്ചു.

ഐപിഎല്‍ കരാര്‍ മോഹിച്ച് ഇന്ത്യന്‍ താരങ്ങളോട് ഓസീസ് താരങ്ങള്‍ മൃദുസമീപനം സ്വീകരിക്കുന്നുവെന്ന മുന്‍ നായകന്‍ മൈക്കല്‍ ക്ലാര്‍ക്കിന്റെ പരാമര്‍ശങ്ങളും ഫിഞ്ച് തള്ളി. എല്ലാവര്‍ക്കും അവരവരുടെ അഭിപ്രായം പറയാന്‍ സ്വാതന്ത്ര്യമുണ്ടെന്നും എന്നാല്‍ ടീമിനകത്ത് എന്താണ് നടക്കുന്നത് എന്ന് അതിനകത്തുള്ളവര്‍ക്ക് മാത്രമെ മനസിലാവൂ എന്നും ഫിഞ്ച് പറഞ്ഞു.