ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച പ്ലേയിംഗ് ഇലവനെ തെരഞ്ഞെടുത്ത് ദക്ഷിണാഫ്രിക്കന്‍ ബാറ്റിംഗ് ഇതിഹാസം എ ബി ഡിവില്ലിയേഴ്സ്. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്ക് ഡിവില്ലിയേഴ്സിന്‍റെ ലോക ഇലവനില്‍ ഇടം ലഭിച്ചില്ല.

ലണ്ടൻ: ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച പ്ലേയിംഗ് ഇലവനെ തെരഞ്ഞെടുത്ത് ദക്ഷിണാഫ്രിക്കന്‍ ബാറ്റിംഗ് ഇതിഹാസം എ ബി ഡിവില്ലിയേഴ്സ്. ഇന്ത്യൻ ബാറ്രിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്ക് ഡിവില്ലിയേഴ്സിന്‍റെ ലോക ഇലവനില്‍ ഇടം ലഭിച്ചില്ല. ഏത് ലോക ഇലവനിലും ഇടം നേടാന്‍ അർഹതയുള്ള താരമായിട്ടും സ്വന്തം പേരും ഡിവില്ലിയേഴ്സ് ലോക ഇലവനില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

ദക്ഷിണാഫ്രിക്കന്‍ നായകനായിരുന്ന ഗ്രെയിം സ്മിത്തും ഓസ്ട്രേലിയന്‍ ഓപ്പണറായ മാത്യു ഹെയ്ഡനുമാണ് ഡിവില്ലിയേഴ്സിന്‍റെ ലോക ഇലവനിലെ ഓപ്പണര്‍മാര്‍. മുന്‍ ഓസ്ട്രേലിയന്‍ നായകന്‍ റിക്കി പോണ്ടിംഗിനെയാണ് ഡിവില്ലിയേഴ്സ് മൂന്നാം നമ്പറിലേക്ക് തെരഞ്ഞെടുത്തിരിക്കുന്നത്. ഇന്ത്യയുടെ വിരാട് കോലിയാണ് ബാറ്റിംഗ് നിരയിലെ നാലാം നമ്പറില്‍.

ഓസ്ട്രേലിയന്‍ മുന്‍ നായകന്‍ സ്റ്റീവ് സ്മിത്ത് കെയ്ന്‍ വില്യംസണ്‍ എന്നിവരടങ്ങുന്നതാണ് ഡിവില്ലിയേഴ്സ് തെര‍ഞ്ഞെടുത്ത ലോക ഇലവന്‍റെ ബാറ്റിംഗ് നിര. വിക്കറ്റ് കീപ്പറായി മൂന്ന് പേരുടെ പേരാണ് ഡിവില്ലിയേഴ്സ് നിര്‍ദേശിക്കുന്നത്. ഇന്ത്യയുടെ എംം എസ് ധോണി, ഓസ്ട്രേലിയയുടെ ആദം ഗില്‍ക്രിസ്റ്റ്, ദക്ഷിണാഫ്രിക്കയുടെ മാര്‍ക്ക് ബൗച്ചര്‍ എന്നിവരില്‍ നിന്നാണ് വിക്കറ്റ് കീപ്പറെ തെരഞ്ഞെടുക്കേണ്ടത്.

പേസര്‍മാരായി ഓസ്ട്രേലിയയുടെ മിച്ചല്‍ ജോണ്‍സണ്‍, പാകിസ്ഥാന്‍റെ മുഹമ്മദ് ആസിഫ് എന്നിവര്‍ ഇടം നേടിയപ്പോള്‍ മുത്തയ്യ മുരളീധരനും ഷെയ്ന്‍ വോണുമാണ് സ്പിന്നര്‍മാര്‍, ഗ്ലെന്‍ മക്‌ഗ്രാത്താണ് ടീമിലെ പന്ത്രണ്ടാമന്‍.

എ ബി ഡിവില്ലിയേഴ്സ് തെരഞ്ഞെടുത്ത ലോക ഇലവന്‍: ഗ്രെയിം സ്മിത്ത്, ഹെയ്ഡൻ, പോണ്ടിംഗ്, വിരാട് കോലി, സ്റ്റീവ് സ്മിത്ത്, വില്യംസൺ, ധോണി/ഗിൽക്രിസ്റ്റ്/ബൗച്ചർ, ജോൺസൺ, എം ആസിഫ്, മുരളീധരൻ, വോൺ.

പന്ത്രണ്ടാമൻ - ഗ്ലെൻ മഗ്രാത്ത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക