'ആ ദിനം ഞാൻ ഇന്നും ഓർക്കുന്നു, ആ റൺഔട്ട് തികച്ചും ഹൃദയഭേദകമായിരുന്നു. എന്നാൽ എന്തുകൊണ്ടാണ് ഞാൻ നിങ്ങളെ ഇത്രയധികം ആരാധിക്കുന്നതെന്ന് വ്യക്തമാക്കുന്നതായിരുന്നു ആ മുഹൂർത്തം.
ദില്ലി: ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്‍റെ ക്യാപ്റ്റൻ സ്ഥാനത്തുനിന്നും പടിയിറങ്ങിയ ഹർമൻപ്രീത് കൗറിന് വൈകാരികമായ കുറിപ്പുമായി ആക്ടിവിസ്റ്റും കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകനുമായ അഭിജീത് ദിപ്കെ. ക്രിക്കറ്റിനെയും ഇന്ത്യൻ ടീമിനെയും ജീവന് തുല്യം സ്നേഹിച്ച, ടീമിന്‍റെ വിജയത്തിനായി ആത്മാർത്ഥമായി പോരാടിയ ഹർമൻപ്രീതിനെ എന്നും താൻ ഏറെ ആരാധിച്ചിരുന്നുവെന്ന് ദിപ്കെ കുറിച്ചു.
2025-ൽ ഇന്ത്യക്ക് ആദ്യമായി വനിതാ ഏകദിന ലോകകപ്പ് കിരീടം നേടിത്തന്ന ക്യാപ്റ്റനാണ് ഹർമൻപ്രീത്. കൂടാതെ ഏഷ്യൻ ഗെയിംസിൽ രണ്ട് സ്വർണ്ണ മെഡലുകൾ, കോമൺവെൽത്ത് ഗെയിംസിൽ വെള്ളി മെഡൽ, എണ്ണമറ്റ വിജയങ്ങൾ എന്നിവയും ഹർമന്‍റെ നായകത്വത്തിൽ ഇന്ത്യ സ്വന്തമാക്കി. എന്നാൽ ഈ വിജയങ്ങൾക്കെല്ലാം ഉപരിയായി, ഹർമന്‍റെ കരിയറിലെ ഏറെ വേദനനിറഞ്ഞ ഒരു മുഹൂർത്തത്തെ ഓർത്തെടുത്തുകൊണ്ടാണ് ദിപ്കെ തന്‍റെ കുറിപ്പ് ആരംഭിക്കുന്നത്. 2023 ടി20 ലോകകപ്പ് സെമിഫൈനലിൽ ഓസ്ട്രേലിയക്കെതിരെ ക്രീസിൽ ബാറ്റ് കുടുങ്ങി ഹർമൻപ്രീത് റൺഔട്ടായതും ദേഷ്യത്തോടെ മൈതാനം വിട്ടതുമായ സംഭവമായിരുന്നു അത്.
'ആ ദിനം ഞാൻ ഇന്നും ഓർക്കുന്നു, ആ റൺഔട്ട് തികച്ചും ഹൃദയഭേദകമായിരുന്നു. എന്നാൽ എന്തുകൊണ്ടാണ് ഞാൻ നിങ്ങളെ ഇത്രയധികം ആരാധിക്കുന്നതെന്ന് വ്യക്തമാക്കുന്നതായിരുന്നു ആ മുഹൂർത്തം. ചിലർ നിങ്ങളെ അമിതമായി വികാരഭരിതയാകുന്നവളെന്നും പെട്ടെന്ന് ദേഷ്യപ്പെടുന്നവളെന്നും വിളിച്ചു. എന്നാൽ നിങ്ങൾ കളിയെ അത്രമേൽ സ്നേഹിച്ചിരുന്നു എന്നാണ് ഞാൻ കരുതിയത്. ആ ദേഷ്യത്തിൽ തനിക്കായല്ല, മറിച്ച് തന്‍റെ ടീമിനും രാജ്യത്തിനും വേണ്ടി ജയിക്കാനുള്ള നിങ്ങളുടെ ആഗ്രഹമാണ് ഞങ്ങൾ കണ്ടത്- ദിപ്കെ എഴുതി.
ശാന്തയായ അല്ലെങ്കിൽ തികച്ചും പെർഫെക്റ്റായ ഒരു ക്യാപ്റ്റനാകാൻ ഹർമൻ ഒരിക്കലും ശ്രമിച്ചിട്ടില്ലെന്ന് ദിപ്കെ ചൂണ്ടിക്കാട്ടി. തുടർച്ചയായ തോൽവികൾക്കും വിമർശനങ്ങൾക്കും ശേഷം ഹർമൻപ്രീത് ലോകകപ്പ് ട്രോഫി ഉയർത്തിയത് തന്റെ ഏറ്റവും പ്രിയപ്പെട്ട ക്രിക്കറ്റ് ഓർമ്മയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മറ്റേതൊരു ട്രോഫിയേക്കാളും വലിയ നേട്ടമാണ് ഹർമൻപ്രീത് സ്വന്തമാക്കിയതെന്ന് വ്യക്തമാക്കിയ ദിപ്കെ, ഒരു ടീമിനെ പടുത്തുയർത്തുകയും അവരെ പോരാടാൻ പഠിപ്പിക്കുകയുമാണ് ഹർമൻ ചെയ്തതെന്ന് പറഞ്ഞു. ഇനി ക്യാപ്റ്റൻ സ്ഥാനത്ത് ഇല്ലെങ്കിലും ജയിക്കാൻ അറിയാവുന്ന ഒരു കൂട്ടം കളിക്കാരെ ടീമിന് നൽകി പടിയിറങ്ങുന്നതാണ് ഒരു യഥാർത്ഥ ക്യാപ്റ്റന്‍റെ അടയാളമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇനി മറ്റാരെങ്കിലും ടീമിനെ നയിച്ചേക്കാം, എന്നാൽ ആ പോരാട്ടവീര്യത്തിൽ എന്നും ഹർമന്‍റെ ഒരംശം ഉണ്ടാകുമെന്നും ഓർമ്മകൾക്ക് നന്ദിയെന്നും പറഞ്ഞാണ് ദിപ്കെ കുറിപ്പ് അവസാനിപ്പിക്കുന്നത്.
