ഇന്ത്യക്കായി 35 ടി20 മത്സരങ്ങള്‍ കളിച്ച തിലക് വര്‍മക്ക് 1000 റണ്‍സെന്ന നേട്ടത്തിലെത്താന്‍ ഇന്ന് വേണ്ടത് വെറും ഒമ്പത് റണ്‍സാണ്.

ഗോള്‍ഡ് കോസ്റ്റ്: ഇന്ത്യ-ഓസ്ട്രേലിയ നാലാം ടി20 മത്സരത്തിനിറങ്ങുമ്പോള്‍ അപൂര്‍വനേട്ടത്തിന് അരികിലാണ് ഇന്ത്യൻ ഓപ്പണര്‍ അഭിഷേക് ശര്‍മയും മധ്യനിര ബാറ്റര്‍ തിലക് വര്‍മയും. ടി20 ക്രിക്കറ്റില്‍ ഇന്ത്യൻ കുപ്പായത്തില്‍ ആയിരം റണ്‍സെന്ന നാഴികക്കല്ല് പിന്നിടാന്‍ അഭിഷേക് ശര്‍മക്ക് ഇന്ന് വേണ്ടത് 39 റണ്‍സാണ്. ഇന്ത്യക്കായി 27 ടി20 മത്സരങ്ങള്‍ കളിച്ച അഭിഷേക് 192.20 എന്ന അസൂയാവഹമായ സ്ട്രൈക്ക് റേറ്റില്‍ രണ്ട് സെഞ്ചുറികളും ആറ് അര്‍ധസെഞ്ചുറികളും അടക്കം 961 റണ്‍സാണ് ഇതുവരെ നേടിയത്. 

ഓസീസിനെതിരെ മിന്നും ഫോമിലുള്ള അഭിഷേക് ആദ്യ ടി20യില്‍ 11 പന്തില്‍ 19 റണ്‍സെടുത്ത് പുറത്തായപ്പോള്‍ ഇന്ത്യ തകര്‍ന്നടിഞ്ഞ രണ്ടാം മത്സരത്തില്‍ 37 പന്തില്‍ 68 റണ്‍സടിച്ച് ടോപ് സ്കോററായിരുന്നു. ഇന്ത്യ ജയിച്ച മൂന്നാം മത്സരത്തില്‍ 16 പന്തില്‍ 25 റണ്‍സായിരുന്നു അഭിഷേകിന്‍റെ നേട്ടം. ഇന്ത്യക്കായി 35 ടി20 മത്സരങ്ങള്‍ കളിച്ച തിലക് വര്‍മക്ക് 1000 റണ്‍സെന്ന നേട്ടത്തിലെത്താന്‍ ഇന്ന് വേണ്ടത് വെറും ഒമ്പത് റണ്‍സാണ്. 35 മത്സരങ്ങളിലെ 32 ഇന്നിംഗ്സുകളില്‍ നിന്ന് 991 റണ്‍സാണ് തിലക് നേടിയത്. 147.26 സ്ട്രൈക്ക് റേറ്റില്‍ രണ്ട് സെഞ്ചുറിയും നാല് അര്‍ധസെഞ്ചുറിയും തിലക് സ്വന്തമാക്കി.

അഭിഷേകും തിലക് വര്‍മയും കഴിഞ്ഞാല്‍ ആയിരം റണ്‍സിന്‍റെ പടിവാതിലില്‍ നില്‍ക്കുന്നത് മലയാളി താരം സഞ്ജു സാംസണാണ്. 51 ടി20 മത്സരങ്ങളിലെ 43 ഇന്നിംഗ്സുകളിൽ നിന്നായി 995 റണ്‍സാണ് സഞ്ജു നേടിയത്. 147.41 സ്ട്രൈക്ക് റേറ്റുള്ള സഞ്ജു മൂന്ന് സെഞ്ചുറിയും മൂന്ന് അര്‍ധസെഞ്ചുറിയും നേടിയത്. ഓസീസിനെതിരായ രണ്ടാം ടി20യില്‍ മൂന്നാമനായി ക്രീസിലെത്തിയ സഞ്ജുവിന് തിലകിനും അഭിഷേകിനും മുമ്പെ 1000 റണ്‍സ് തികയ്ക്കാന്‍ അവസരമുണ്ടായിരുന്നു. എന്നാല്‍ രണ്ട് റണ്‍സെടുത്ത് പുറത്തായ സഞ്ജുവിന് മൂന്നാം ടി20യില്‍ പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിച്ചില്ല. പകരമിറങ്ങിയ ജിതേഷ് ശര്‍മ തിളങ്ങിയതോടെ വരും മത്സരങ്ങളിലും സഞ്ജുവിന് അവസരം ലഭിക്കാനുള്ള സാധ്യത കുറവാണെന്നാണ് സൂചന.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക