സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ പഞ്ചാബ് ക്യാപ്റ്റൻ അഭിഷേക് ശർമ്മ തുടർച്ചയായ രണ്ടാം മത്സരത്തിലും പരാജയപ്പെട്ടു.
ദില്ലി: സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും നിരാശപ്പെടുത്തി അഭിഷേക് ശര്‍മ. പഞ്ചാബിന്റെ ക്യാപ്റ്റന്‍ കൂടിയാണ് ഇന്ത്യന്‍ ടി20 ടീമിന്റെ ഓപ്പണറായ അഭിഷേക്. ഹൈദരാബാദിലെ ജിംഖാന ഗ്രൗണ്ടില്‍ ഹരിയാനയ്ക്കെതിരായ വെറും ആറ് റണ്‍സിന് താരം പുറത്തായി. 208 റണ്‍സ് വിജയലക്ഷ്യം പിന്തുടരുമ്പോഴായിരുന്നു അഭിഷേകിന്റെ മോശം പ്രകടനം. റണ്‍ചേസിന്റെ മൂന്നാം ഓവറിലെ നാലാം പന്തില്‍ അന്‍ഷുല്‍ കംബോജിന്റെ പന്തില്‍ അഭിഷേക് പുറത്താവുകയായിരുന്നു.
അടുത്ത മാസം ദക്ഷിണാഫ്രിക്കയ്ക്കെതിരായ അഞ്ച് മത്സരങ്ങളുള്ള ടി20 പരമ്പരയ്ക്കുള്ള ഇന്ത്യയുടെ ടീമില്‍ ഉള്‍പ്പെടുത്താന്‍ ഒരുങ്ങുന്ന അഭിഷേകിന്, കഴിഞ്ഞ നാല് മത്സരങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ കഴിഞ്ഞിട്ടില്ല. പഞ്ചാബിന്റെ ആദ്യ മത്സരത്തില്‍ ബുധനാഴ്ച ഹിമാചല്‍ പ്രദേശിനെതിരെ വെറും 4 റണ്‍സിന് അദ്ദേഹം പുറത്തായി. ദക്ഷിണാഫ്രിക്ക എയ്ക്കെതിരായ ഇന്ത്യ എയ്ക്കായി നടന്ന മൂന്ന് അനൗദ്യോഗിക ഏകദിനങ്ങളില്‍ അദ്ദേഹം 31, 32, 11 റണ്‍സ് നേടി.
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഹോം പരമ്പരയ്ക്കുള്ള ഇന്ത്യയുടെ ഏകദിന ടീമില്‍ ഇടം നേടാന്‍ അഭിഷേകിന് മികച്ച അവസരം ലഭിച്ചിരുന്നു. പക്ഷേ എ പരമ്പരയില്‍ ലഭിച്ച അവസരം മുതലെടുക്കുന്നതില്‍ അദ്ദേഹം പരാജയപ്പെട്ടു. രാജ്‌കോട്ടില്‍ ദക്ഷിണാഫ്രിക്ക എയ്ക്കെതിരെ ഇന്ത്യ എയ്ക്കായി മഹാരാഷ്ട്ര ബാറ്റര്‍ റുതുരാജ് ഗെയ്ക്വാദ് ഒരു സെഞ്ച്വറിയും ഒരു അര്‍ദ്ധസെഞ്ച്വറിയും നേടി. അതിന്റെ ഫലമായി പരിക്കേറ്റ ശുഭ്മാന്‍ ഗില്ലിന് പകരക്കാരനായി അദ്ദേഹത്തെ ഇന്ത്യയുടെ ഏകദിന ടീമില്‍ ഉള്‍പ്പെടുത്തി.
അതേസമയം, കേരള ക്യാപ്റ്റന്‍ സഞ്ജു സാംസണും ഇന്ന് തിളങ്ങാന്‍ സാധിച്ചില്ല. റെയില്‍വേസിനെതിരായ മത്സരത്തില്‍ 25 പന്തില്‍ 19 റണ്‍സെടുക്കാന്‍ മാത്രമാണ് സഞ്ജുവിന് സാധിച്ചത്. മത്സരത്തില്‍ കേരളം 32 റണ്‍സിന് പരാജയപ്പെടുകയും ചെയ്തു. 150 റണ്‍സെന്ന ഭേദപ്പെട്ട വിജയലക്ഷ്യം പിന്തുടര്‍ന്ന കേരളത്തിന് 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 117 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. സല്‍മാന്‍ നിസാര്‍ 18 റണ്‍സെടുത്തപ്പോള്‍ അഖില്‍ സ്‌കറിയയും അങ്കിത് ശര്‍മയും 15 റണ്‍സ് വീതമെടുത്തു.
റെയില്‍വേസിനായി അടല്‍ ബിഹാരി റായി മൂന്നും ശിവം ചൗധരി രണ്ടും വിക്കറ്റെടുത്തു. മുഷ്താഖ് അലി ട്രോഫിയില്‍ കേരളത്തിന്റെ ആദ്യ തോല്‍വിയാണിത്. ആദ്യ മത്സരത്തില്‍ കേരളം ഒഡിഷയെ 10 വിക്കറ്റിന് തകര്‍ത്തിരുന്നു. സ്‌കോര്‍ റെയില്‍വേസ് 20 ഓവറില്‍ 149-7, കേരളം 20 ഓവറില്‍ 117-8.

