ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തിൽ പാകിസ്ഥാന് ബൗളിംഗ് മികവ്. ക്വിന്റൺ ഡികോക്കിന്റെ അർധസെഞ്ചുറി ഒഴിച്ചുനിർത്തിയാൽ തകർന്നടിഞ്ഞ ദക്ഷിണാഫ്രിക്കയെ 143 റൺസിന് പാക് ബൗളർമാർ പുറത്താക്കി, അബ്രാർ അഹമ്മദ് നാല് വിക്കറ്റ് വീഴ്ത്തി.

ലഹോര്‍: ദക്ഷിണാഫ്രിക്കയുമായിട്ടുള്ള ഏകദിന പരമ്പരയുടെ അവസാന മത്സരത്തിൽ ബൗളിംഗില്‍ മികച്ച പ്രകടനവുമായി പാകിസ്ഥാൻ. ആദ്യ ബാറ്റ് ചെയ്ത് ദക്ഷിണാഫ്രിക്കയെ 143 റണ്‍സിനാണ് പാക് ബൗളര്‍മാര്‍ എറിഞ്ഞിട്ടത്. തിരിച്ചുവരവിൽ മിന്നുന്ന ഫോമിലുള്ള വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ക്വിന്‍റൺ ഡികോക്കിന്‍റെ അര്‍ധ സെഞ്ചുറി മാത്രമാണ് സൗത്ത് ആഫ്രിക്കയുടെ ദയനീയ സ്ഥിതി മാറ്റിയത്. ഒരു വിക്കറ്റ് നഷ്ടത്തിൽ 72 റണ്‍സ് എന്ന നിലയിൽ നിന്നാണ് ദക്ഷിണാഫ്രിക്ക തകര്‍ന്നത്.

തുടക്കം മിന്നി

ഇഖ്ബാല്‍ സ്റ്റേഡിയത്തിൽ ആദ്യം ബാറ്റിംഗിന് ഇറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്കായി ഡിക്കോക്കും പ്രിറ്റോറിയസും മികച്ച തുടക്കമാണ് നൽകിയത്. 14.2 ഓവറിൽ 72 റണ്‍സ് എടുത്ത് നിൽക്കുമ്പോഴാണ് സല്‍മാൻ അലി അഗാ പ്രിറ്റോറിയസിനെ വീഴ്ത്തുന്നത്. പിന്നാലെ തുടര്‍ച്ചയായി വിക്കറ്റുകൾ വീണതോടെ ദക്ഷിണാഫ്രിക്ക പരുങ്ങലിലായി. മികച്ച ഫോമിലുള്ള ഡികോക്കിനെ (53) മുഹമ്മദ് നവാസ് വിക്കറ്റിന് മുന്നില്‍ കുരുങ്ങിയത് നിര്‍ണായകമായി.

തുടര്‍ന്ന് അബ്രാർ അഹമ്മദിന്‍റെ ബൗളിംഗിന് മുന്നിൽ സൗത്ത് ആഫ്രിക്കൻ ബാറ്റര്‍മാര്‍ക്ക് മറുപടിയുണ്ടായില്ല. 10 ഓവറിൽ 27 റണ്‍സ് മാത്രം വിട്ടുകൊടുത്ത് അബ്രാർ നാല് വിക്കറ്റുകളാണ് നേടിയത്. നായകൻ ഷഹീൻ ആഫ്രീദി, സല്‍മാൻ അലി അഗാ, മുഹമ്മദ് നവാസ് എന്നിവര്‍ രണ്ട് വിക്കറ്റുകൾ വീതം പേരിലാക്കി. മറുപടി ബാറ്റിംഗിൽ മോശം തുടക്കമാണ് പാകിസ്ഥാനും ലഭിച്ചത്. സ്കോര്‍ ബോര്‍ഡ് തുറക്കും മുമ്പ് ഫഖര്‍ സമാൻ പുറത്തായി. പരമ്പരയിൽ ഓരോ മത്സരങ്ങൾ ഇരുടീമുകളും വിജയിച്ചതിനാല്‍ ഈ മത്സരം വിജയിക്കുന്ന ടീമിന് പരമ്പര വിജയിക്കാനാകും.