ലിവര്‍പൂള്‍ ആന്‍ഡ് ഡിസ്ട്രിക്ട് ക്രിക്കറ്റ് ടൂര്‍ണമെന്‍റിലാണ് ഫോംബൈ എഫ്‌സിക്കെതിരെ അശുതോഷ് 70 പന്തില്‍ സെഞ്ചുറി നേടിയത്. 

ലണ്ടൻ: ഇംഗ്ലണ്ട് ലയൺസിനെതിരെ ഇന്ത്യ എക്കായി കരുണ്‍ നായര്‍ ഡബിള്‍ സെഞ്ചുറി നേടിയതിന് പിന്നാലെ ഇംഗ്ലണ്ടില്‍ മറ്റൊരു ഇന്ത്യൻ താരത്തിന് കൂടി സെഞ്ചുറി. ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സില്‍ കരുണിന്‍റെ സഹതാരമായ അശുതോഷ് ശര്‍മയാണ് ഇംഗ്ലണ്ടില്‍ സെഞ്ചുറി നേടിയത്. കരുണിന്‍റെ സെഞ്ചുറി ഇന്ത്യ എക്ക് വേണ്ടിയായിരുന്നെങ്കില്‍ ഇംഗ്ലീഷ് ക്ലബ്ബ് ക്രിക്കറ്റില്‍ വീഗാന്‍ ക്രിക്കറ്റ് ക്ലബ്ബിനുവേണ്ടിയായിരുന്നു അശുതോഷിന്‍റെ സെഞ്ചുറി. 

ലിവര്‍പൂള്‍ ആന്‍ഡ് ഡിസ്ര്ടിക്ട് ക്രിക്കറ്റ് ടൂര്‍ണമെന്‍റിലാണ് ഫോംബൈ എഫ്‌സിക്കെതിരെ അശുതോഷ് 70 പന്തില്‍ സെഞ്ചുറി നേടിയത്. അഞ്ചാമനായി ക്രീസിലിറങ്ങിയാണ് അരങ്ങേറ്റത്തില്‍ തന്നെ അശുതോഷ് സെഞ്ചുറി കുറിച്ചത്. ആദ്യം ബാറ്റ് ചെയ്ത വീഗാന്‍ ക്ലബ്ബ് 10 ഓവറില്‍ 17-3 എന്ന സ്കോറില്‍ ബാറ്റിംഗ് തകര്‍ച്ച നേരിടുമ്പോഴാണ് അശുതോഷ് ക്രീസിലെത്തിയത്. നാലാം വിക്കറ്റില്‍ അവീന്‍ ദലുഗോഡക്ക് ഒപ്പം 153 റണ്‍സ് കൂട്ടുകെട്ടുയര്‍ത്തിയശേഷമാണ് വേര്‍പിരിഞ്ഞത്. എട്ട് ബൗണ്ടറിയും ആറ് സിക്സും പറത്തിയാണ് അശുതോഷ് 70 പന്തില്‍ സെഞ്ചുറി തികച്ചത്.

അശുതോഷ് സെഞ്ചുറി തികച്ച് 34-ാം ഓവറില്‍ പുറത്തായശേഷം മികച്ച കൂട്ടുകെട്ടുകളുണ്ടാക്കാന്‍ കഴിയാതിരുന്ന വീഗാന്‍ ക്ലബ്ബ് 52 ഓവറില്‍ 241 റൺസിന് ഓള്‍ ഔട്ടായി. മത്സരത്തില്‍ ഫോംബൈ ആറ് വിക്കറ്റിന് ജയിച്ചു. കഴിഞ്ഞ ഐപിഎല്‍ സീസണില്‍ പഞ്ചാബിനായി അരങ്ങേറിയ അശുതോഷ് 189 റണ്‍സ് നേടി ഫിനിഷറായി തിളങ്ങിയിരുന്നു. ഇത്തവണ ഡല്‍ഹി കുപ്പായത്തില്‍ കളിച്ച അശുതോഷ് 204 റണ്‍സാണ് ഐപിഎല്ലില്ഡ നേടിയത്. ഇംഗ്ലണ്ടില്‍ എത്തിയ ദിവസം തന്നെ സെഞ്ചുറി നേടിയ അശുതോഷ് വരവറിയിച്ചിരിക്കുന്നുവെന്നായിരുന്നു ഐപിഎല്ലില്‍ ഡല്‍ഹി മെന്‍ററായിരുന്ന കെവിന്‍ പീറ്റേഴ്സന്‍റെ ട്വീറ്റ്.

Scroll to load tweet…

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക