വിരാട് കോലിക്ക് സച്ചിൻ ടെണ്ടുൽക്കറുടെ 100 സെഞ്ച്വറികൾ എന്ന റെക്കോർഡ് മറികടക്കാൻ സാധിക്കുമെന്ന് അജിങ്ക്യ രഹാനെ വ്യക്തമാക്കി. എന്നാൽ താൻ റെക്കോർഡുകളെക്കുറിച്ചല്ല, ടീമിന് വേണ്ടി മികച്ച പ്രകടനം പുറത്തെടുക്കാനാണ് ശ്രമിക്കുന്നതെന്ന് കോലി പ്രതികരിച്ചു. സച്ചിനും ധോണിക്കും താൻ എക്കാലത്തും വലിയ സ്ഥാനമാണ് നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുംബൈ: അന്താരാഷ്ട്ര ക്രിക്കറ്റില്‍ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ റെക്കോര്‍ഡായ 100 സെഞ്ച്വറികള്‍ തികയ്ക്കാന്‍ വിരാട് കോലിക്ക് സാധിക്കുമെന്ന് മുന്‍ ഇന്ത്യന്‍ താരം അജിങ്ക്യ രഹാനെ. വെസ്റ്റ് ഇന്‍ഡീസിനെതിരായ മത്സരത്തില്‍ 86-ാം സെഞ്ച്വറി നേടിയതിന് പിന്നാലെയാണ് രഹാനെയുടെ പ്രതികരണം. കോലി സ്വയം സമ്മര്‍ദ്ദം ഏറ്റെടുക്കുമ്പോഴാണ് കൂടുതല്‍ മികച്ച പ്രകടനം പുറത്തെടുക്കാറുള്ളതെന്നും, തനിക്ക് മാതൃകയായ സച്ചിന്റെ റെക്കോര്‍ഡിനെക്കുറിച്ച് കോലി ചിന്തിക്കുന്നുണ്ടാകുമെന്നും രഹാനെ വ്യക്തമാക്കി.
ക്രിക്കറ്റ് വെബ്സൈറ്റായ ക്രിക്ക്ബസിന് നല്‍കിയ അഭിമുഖത്തിലാണ് രഹാനെ ഇക്കാര്യം വ്യക്തമാക്കിയത്. പലപ്പോഴും റെക്കോര്‍ഡുകളെയും നാഴികക്കല്ലുകളെ കുറിച്ച് ചിന്തിക്കുന്നത് സ്വാര്‍ത്ഥതയായി ആളുകള്‍ കാണാറുണ്ടെങ്കിലും, കോലിയെ സംബന്ധിച്ച് അത്തരം സമ്മര്‍ദ്ദങ്ങളാണ് മികച്ച രീതിയില്‍ കളിക്കാന്‍ അദ്ദേഹത്തെ സഹായിക്കുന്നതെന്ന് രഹാനെ പറഞ്ഞു.
എന്നാല്‍ നേട്ടങ്ങളെ കുറിച്ച് താന്‍ എപ്പോഴും ചിന്തിക്കാറില്ലെന്നായിരുന്നു മത്സരശേഷം വിരാട് കോലിയുടെ പ്രതികരണം. സാഹചര്യത്തിനനുസരിച്ച് ടീമിന് വേണ്ടി മികച്ച പ്രകടനം പുറത്തെടുക്കുക മാത്രമാണ് തന്റെ ലക്ഷ്യമെന്നും, കളി ആസ്വദിക്കുന്നതിനാണ് മുന്‍ഗണന നല്‍കുന്നതെന്നും കോലി വ്യക്തമാക്കിയിരുന്നു.
കോലിയുടെ വാക്കുകള്‍ ഇങ്ങനെയായിരുന്നു... എന്നെ സംബന്ധിച്ച് സച്ചിന്‍ എക്കാലത്തും സച്ചിന്‍ തന്നെയാണ്. എന്റെ ആദ്യ ക്യാപ്റ്റന്‍ എന്ന നിലയില്‍ എം എസ്. ധോണിയും എക്കാലത്തും ധോണി തന്നെയായിരിക്കും. ഉള്ളില്‍ ആ കാര്യങ്ങള്‍ക്ക് ഒരിക്കലും മാറ്റം വരില്ല. താനൊരു വലിയ നേട്ടങ്ങള്‍ കൈവരിച്ച വലിയ ആളാണെന്ന ചിന്ത എനിക്ക് ഒരിക്കലും ഉണ്ടായിട്ടില്ല.' കോലി പറഞ്ഞു. താന്‍ ഒരിക്കലും മറ്റുള്ളവരേക്കാള്‍ മികച്ചവനാണെന്ന് സ്വയം കരുതിയിട്ടില്ലെന്നും, ക്രിക്കറ്റിനായി കഠിനാധ്വാനം ചെയ്യാനും ശരിയായ കാര്യങ്ങള്‍ ചെയ്യാനുമാണ് താന്‍ എപ്പോഴും ശ്രമിക്കാറുള്ളതെന്നും കോലി പറഞ്ഞു.

