വെസ്റ്റ് ഇന്‍ഡീസിലെ രണ്ട് ടെസ്റ്റുകള്‍ക്ക് ശേഷം അജിങ്ക്യ രഹാനെ ഇംഗ്ലണ്ടിലേക്ക് പറക്കും
മുംബൈ: നീണ്ട 18 മാസത്തെ ഇടവേളയ്‌ക്ക് ശേഷം ടെസ്റ്റ് ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയ അജിങ്ക്യ രഹാനെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഓസ്ട്രേലിയക്ക് എതിരായ ഫൈനലില്‍ തന്‍റെ ക്ലാസ് തെളിയിച്ചിരുന്നു. ടെസ്റ്റ് ടീമിലേക്കുള്ള മടങ്ങിവരവില്‍ തന്‍റെ കസേര ഉറപ്പിക്കാനുള്ള ശ്രമങ്ങളിലാണ് രഹാനെ. ടീം ഇന്ത്യയുടെ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിന് ശേഷം ഇംഗ്ലണ്ടില്‍ കൗണ്ടി ക്രിക്കറ്റില്‍ ലെസ്റ്റര്‍ഷെയറിനായി കളിക്കും എന്നാണ് വാര്‍ത്താ ഏജന്‍സിയായ പിടിഐയുടെ റിപ്പോര്‍ട്ട്. ജനുവരിയില്‍ കൗണ്ടി ടീമുമായി രഹാനെ കരാര്‍ ഒപ്പിട്ടിരുന്നു. ഇംഗ്ലണ്ടില്‍ 4 ഫസ്റ്റ് ക്ലാസ് മത്സരങ്ങളും റോയല്‍ ലണ്ടന്‍ കപ്പിലെ എല്ലാ മത്സരങ്ങളും രഹാനെ കളിക്കും. കൗണ്ടി ക്രിക്കറ്റില്‍ മുമ്പും കളിച്ചിട്ടുള്ള പരിചയം അജിങ്ക്യ രഹാനെയ്‌ക്കുണ്ട്.
വെസ്റ്റ് ഇന്‍ഡീസിലെ രണ്ട് ടെസ്റ്റുകള്‍ക്ക് ശേഷം അജിങ്ക്യ രഹാനെ ഇംഗ്ലണ്ടിലേക്ക് പറക്കും. വിന്‍ഡീസ് പര്യടനത്തിലെ വൈറ്റ് ബോള്‍ മത്സരങ്ങളില്‍ രഹാനെയെ കളിപ്പിക്കാനുള്ള സാധ്യത വിരളമായ സാഹചര്യത്തിലാണിത് എന്നും ബിസിസിഐ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഓസ്ട്രേലിയക്കെതിരെ തന്‍റെ മടങ്ങിവരവിലെ ആദ്യ ഇന്നിംഗ്‌സില്‍ 129 പന്തില്‍ 89 റണ്‍സുമായി ഇന്ത്യയുടെ ടോപ് സ്കോററായിരുന്നു രഹാനെ. രണ്ടാം ഇന്നിംഗ്‌സിലും ടീമിനായി പ്രതിരോധ ചുമതല ഏറ്റെടുത്ത താരം 108 ബോളില്‍ 46 റണ്‍സെടുത്താണ് മടങ്ങിയത്. ടെസ്റ്റ് കരിയറില്‍ 83 മത്സരങ്ങളില്‍ 38.97 ശരാശരിയില്‍ 12 സെഞ്ചുറികളും 26 അര്‍ധസെഞ്ചുറികളും സഹിതം 5066 റണ്‍സ് രഹാനെയ്‌ക്കുണ്ട്. 188 ആണ് ഉയര്‍ന്ന സ്കോര്‍.
വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയാണ് ടീം ഇന്ത്യക്ക് മുന്നില്‍ ഇനി വരാനിരിക്കുന്നത്. രണ്ട് ടെസ്റ്റുകളാണ് പരമ്പരയിലുള്ളത്. ഇതിന് ശേഷം ഡിസംബറില്‍ മാത്രമേ ടീം ഇന്ത്യക്ക് ടെസ്റ്റ് മത്സരങ്ങളുള്ളൂ. ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരെ നടക്കുന്ന ഈ പരമ്പരയിലും അജിങ്ക്യ രഹാനെ കളിക്കാനുള്ള സാധ്യതയാണ് നിലവില്‍ തെളിയുന്നത്. ഇപ്പോള്‍ പരിക്കിന്‍റെ പിടിയിലുള്ള ശ്രേയസ് അയ്യര്‍ തിരിച്ചെത്തിയാലും രഹാനെയ്‌ക്കാവും പരിഗണന ലഭിക്കാന്‍ സാധ്യത. അപ്പോഴും ചേതേശ്വര്‍ പൂജാര, രോഹിത ശര്‍മ്മ തുടങ്ങിയ താരങ്ങള്‍ക്ക് വിന്‍ഡീസ് പര്യടനത്തിലെ ഫോം ടെസ്റ്റ് കരിയര്‍ നിലനിര്‍ത്താന്‍ നിര്‍ണായകമാവും. വിന്‍ഡീസിനെതിരായ പരമ്പരയില്‍ പൂജാരയെ കളിപ്പിക്കേണ്ടതില്ല എന്ന ആവശ്യം ഇതിനകം ശക്തമാണ്. ഹിറ്റ്‌മാനും ടെസ്റ്റ് ക്രിക്കറ്റില്‍ പ്രതാപത്തിന്‍റെ നിഴലില്‍ മാത്രമാണ് ഇപ്പോള്‍ കളിക്കുന്നത്.
Read more: സഞ്ജു സാംസണ്‍ വരും ഏഷ്യാ കപ്പ് ടീമില്‍? താരത്തെ തള്ളാനാവില്ല, സാധ്യതയുള്ള മറ്റ് താരങ്ങളുടെ പട്ടിക
