ശിവസുന്ദർ ദാസ്, അജയ് രാത്ര, ആർ.പി. സിങ് എന്നിവരും പ്രഗ്യാൻ ഓജയ്ക്കൊപ്പം യോഗത്തിൽ പങ്കെടുത്തു. എന്നാൽ സ്ഥാനമൊഴിയുന്ന ചീഫ് സെലക്ടർ അജിത് അഗാർക്കർ ഈ യോഗത്തിൽ ഉണ്ടായിരുന്നില്ല.

ഗുവാഹത്തി: അജിത് അഗാർക്കർ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ ചീഫ് സെലക്ടർ പദവിയിൽ നിന്ന് സ്ഥാനമൊഴിയുന്നതോടെ, മുൻ ഇടങ്കയ്യൻ സ്പിന്നർ പ്രഗ്യാൻ ഓജ അടുത്ത ചീഫ് സെലക്ടറാകാൻ സാധ്യതയെന്ന് റിപ്പോർട്ട്. 39-കാരനായ പ്രഗ്യാൻ ഓജ നിലവിൽ നാലംഗ സെലക്ഷൻ കമ്മിറ്റിയുടെ ഇടക്കാല ചീഫ് സെലക്ടറായി പ്രവർത്തിച്ചു വരികയാണ്. ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള രണ്ടാം ഏകദിനത്തിന് മുന്നോടിയായി ചൊവ്വാഴ്ച ഗുവാഹത്തിയിലെ ബർസപാര സ്റ്റേഡിയത്തിൽ വെച്ച് ഇന്ത്യൻ പരിശീലകൻ ഗൗതം ഗംഭീറുമായി നാലംഗ സെലക്ഷൻ കമ്മിറ്റി ദീർഘനേരം ചർച്ച നടത്തിയിരുന്നു.

ശിവസുന്ദർ ദാസ്, അജയ് രാത്ര, ആർ.പി. സിങ് എന്നിവരും പ്രഗ്യാൻ ഓജയ്ക്കൊപ്പം യോഗത്തിൽ പങ്കെടുത്തു. എന്നാൽ സ്ഥാനമൊഴിയുന്ന ചീഫ് സെലക്ടർ അജിത് അഗാർക്കർ ഈ യോഗത്തിൽ ഉണ്ടായിരുന്നില്ല. തിരുവനന്തപുരത്തെ ഒന്നാം ഏകദിനത്തിന് ശേഷം ഗുവാഹത്തിയിലെത്തിയ ഇന്ത്യൻ ടീം വിശ്രമത്തിലായിരുന്ന സമയത്താണ് സെലക്ടർമാരും പരിശീലകനും തമ്മിൽ കൂടിക്കാഴ്ച നടത്തിയത്. ഒരു പരമ്പരയ്ക്കിടെ സെലക്ഷൻ കമ്മിറ്റി അംഗങ്ങൾ മുഴുവനായി ഒത്തുചേരുന്നത് അപൂർവ്വമാണ്. വരാനിരിക്കുന്ന ന്യൂസിലൻഡ് പര്യടനത്തിനുള്ള ടീം തിരഞ്ഞെടുപ്പും കളിക്കാരുടെ ജോലിഭാരം ക്രമീകരിക്കലുമായിരുന്നു ചർച്ചയിലെ പ്രധാന ചര്‍ച്ചാ വിഷയം.

ഇന്ത്യക്കായി 24 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 113 വിക്കറ്റുകൾ നേടിയിട്ടുള്ള താരമാണ് പ്രഗ്യാൻ ഓജ. നിലവിലെ സെലക്ഷൻ കമ്മിറ്റിയിൽ ഏറ്റവും കൂടുതൽ ടെസ്റ്റ് മത്സരങ്ങൾ കളിച്ച പരിചയസമ്പത്താണ് ഓജയ്ക്ക് അനുകൂലമാകുന്നത്. അഗാർക്കർ സ്ഥാനമൊഴിഞ്ഞതോടെ താൽക്കാലിക ചുമതലയേറ്റെടുത്ത ഓജയ്ക്ക് വൈകാതെ തന്നെ സ്ഥിരം ചീഫ് സെലക്ടറായി ചുമതല ലഭിച്ചേക്കും. ഒക്ടോബർ 22 മുതൽ നവംബർ 27 വരെ നീളുന്ന ന്യൂസിലൻഡ് പര്യടനമാണ് സെലക്ഷൻ കമ്മിറ്റിക്ക് മുന്നിലുള്ള പ്രധാന വെല്ലുവിളി. പര്യടനത്തിൽ അഞ്ച് ടി20, അഞ്ച് ഏകദിനം, രണ്ട് ടെസ്റ്റ് മത്സരങ്ങൾ എന്നിവ ഇന്ത്യ കളിക്കും.

കൂടാതെ ഒക്ടോബർ 24-ന് ആരംഭിക്കുന്ന ഇന്ത്യ 'എ' ടീമിന്റെ ന്യൂസിലൻഡ് പര്യടനത്തിനുള്ള ടീമിനെയും പ്രഖ്യാപിക്കേണ്ടതുണ്ട്. മത്സരങ്ങൾ അടുപ്പിച്ചായതിനാൽ പ്രമുഖ താരങ്ങളുടെ ജോലിഭാരം ക്രമീകരിക്കുന്നതിലാകും സെലക്ടർമാരും പരിശീലകൻ ഗൗതം ഗംഭീറും പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുക. 2027 ഏകദിന ലോകകപ്പിനുള്ള മികച്ച ടീം കോമ്പിനേഷൻ കണ്ടെത്താനുള്ള നീക്കങ്ങൾ കൂടിയാകും വരാനിരിക്കുന്ന പരമ്പരകളിലൂടെ സെലക്ടർമാർ ലക്ഷ്യമിടുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക