ഇതിനിടെ യശസ്വിയും സര്‍ഫറാസ് ഖാനും തിരിച്ചു കയറിവരുന്നത് കണ്ട ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഇരുവരോടും തിരിച്ചുപോയി ബാറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടു.

രാജ്കോട്ട്: ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്‍റെ നാലാം ദിനം നാടകീയ നിമിഷങ്ങള്‍കൊണ്ട് സമ്പന്നമായിരുന്നു. മൂന്നാം ദിനം സെഞ്ചുറിയുമായി റിട്ടയേര്‍ഡ് ഹര്‍ട്ടായി ക്രീസ് വിട്ട യശസ്വി ജയ്സ്വാള്‍ വീണ്ടും ക്രീസിലിറങ്ങി വെടിക്കെട്ട് ഡബിള്‍ സെഞ്ചുറി പൂര്‍ത്തിയാക്കിയതും സര്‍ഫറാസ് ഖാന്‍ അരങ്ങേറ്റ ടെസ്റ്റിലെ രണ്ടാം അര്‍ധസെഞ്ചുറി തികച്ചതും ശുഭ്മാന്‍ ഗിൽ സെഞ്ചുറിക്ക് ഒമ്പത് റണ്‍സകലെ റണ്ണൗട്ടായതും മൂന്നാം ദിനം വ്യക്തിപരമായ കാരണങ്ങളാല്‍ ടീം വിട്ട ആര്‍ അശ്വിന്‍ ചായക്ക് ശേഷം ഇന്ത്യക്കായി ഇറങ്ങിയതുമെല്ലാം അതില്‍ ചിലതായിരുന്നു.

എന്നാല്‍ ഏറ്റവും നാടകീയമായ സംഭവം മറ്റൊന്നായിരുന്നു. യശസ്വി ജയ്സ്വാള്‍ ഡബിള്‍ സെഞ്ചുറി പൂര്‍ത്തിയാക്കിയശേഷം ഇന്ത്യ ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്തെന്ന് കരുതി യശസ്വിയും സര്‍ഫറാസ് ഖാനും ചേര്‍ന്ന് ക്രീസില്‍ നിന്ന് ഡ്രസ്സിംഗ് റൂമിലേക്ക് നടന്നു. എന്നാല്‍ ഇന്ത്യ യഥാര്‍ത്ഥത്തില്‍ ഡിക്ലയര്‍ ചെയ്തിരുന്നില്ല. 550ന് മുകളിലുള്ള വിജയലക്ഷ്യം മുന്നോട്ടുവെക്കുക എന്നതായിരുന്നു രോഹിത്തിന്‍റെ പ്ലാന്‍. ബാസ്ബോള്‍ ശൈലിയില്‍ അടിച്ചു തകര്‍ത്താലും ഇംഗ്ലണ്ടിന് എത്തിപ്പിടിക്കാനാവാത്ത ലക്ഷ്യം മുന്നോട്ടുവെക്കണമെന്ന ഉദ്ദേശത്തിലായിരുന്നു രോഹിത്.

ബാസ്ബോള്‍ ഡബിളുമായി യശസ്വി, വെടിക്കെട്ട് ഫിഫ്റ്റിയുമായി സര്‍ഫറാസ്, ഇംഗ്ലണ്ടിന് മുന്നിൽ റണ്‍മല ഉയര്‍ത്തി ഇന്ത്യ

ഇതിനിടെ യശസ്വിയും സര്‍ഫറാസ് ഖാനും തിരിച്ചു കയറിവരുന്നത് കണ്ട ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഇരുവരോടും തിരിച്ചുപോയി ബാറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടു. പോയി ബാറ്റ് ചെയ്യ് എന്ന് രോഹിത് ഡ്രസ്സിംഗ് റൂമില്‍ നിന്ന് അലറി വിളിക്കുന്നതും ഇവരെന്താണിത് കാണിക്കുന്നതെന്ന അര്‍ത്ഥത്തില്‍ ദേഷ്യത്തോടെ കൈമലര്‍ത്തി കാണിക്കുന്നതും വീഡിയോ ദൃശ്യങ്ങളില്‍ കാണാം.

Scroll to load tweet…

പിരിയാത്ത അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടില്‍ 27 ഓവറില്‍ ആറ് റണ്‍സിലേറെ ശരാശരിയില്‍ 172 റണ്‍സാണ് സര്‍ഫറാസും യശസ്വിയും ചേര്‍ന്ന് അടിച്ചു ഇന്ന് കൂട്ടിയത്. സ്പിന്നര്‍മാരെ തുടര്‍ച്ചയായി സിക്സുകള്‍ക്ക് പറത്തിയ യശസ്വി 14 ബൗണ്ടറികളും 12 സിക്സുകളും അടക്കം 236 പന്തില്‍ 214 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ ആറ് ഫോറും മൂന്ന് സിക്സും പറത്തിയ സര്‍ഫറാസ് 68 റണ്‍സുമായി പുറത്താകാതെ നിന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക