ക്യാപ്റ്റൻ സൂര്യകുമാർ യാദവിനും ടീമിൽ സ്ഥാനം ഉറപ്പിക്കാൻ ശ്രമിക്കുന്ന സഞ്ജു സാംസണും ഈ പരമ്പര നിർണായകമാണ്. ഹാർദ്ദിക് പാണ്ഡ്യയുടെ അഭാവത്തിൽ ശിവം ദുബെ ഫിനിഷറുടെയും ബൗളറുടെയും ഇരട്ട റോളിൽ എത്തിയേക്കും.
കാന്‍ബറ: ടി20 പരമ്പരയില്‍ നാളെ ആദ്യ മത്സരത്തില്‍ ഓസ്‌ട്രേലിയക്കെതിരെ ഇറങ്ങുകയാണ് ഇന്ത്യ. ഏകദിന പരമ്പരയിലെ തോല്‍വി മറക്കാനാണ് സൂര്യകുമാര്‍ യാദവിന്റെ നേതൃത്വത്തില്‍ ടീം ഇറങ്ങുന്നത്. കാന്‍ബറയിലാണ് അഞ്ച് മത്സര പരമ്പരയിലെ ആദ്യ ടി20. അടുത്തവര്‍ഷം ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളിലായി നടക്കുന്ന ടി20 ലോകകപ്പിനുള്ള ടീമിനെ ഒരുക്കാനുള്ള നിര്‍ണായക പരമ്പര കൂടിയാണിത്. സഞ്ജു സാംസണ്‍ ഉള്‍പ്പെടെയുള്ള താരങ്ങള്‍ക്ക് നിര്‍ണായകം. പരാജയപ്പെട്ടാല്‍ സൂര്യകുമാര്‍ യാദവിന്റെ ക്യാപ്റ്റന്‍സിയും ചോദ്യം ചെയ്യപ്പെടും. മാത്രമല്ല, അത്ര ഫോമിലുമല്ല താരം.
ഏഷ്യാ കപ്പില്‍ ഓപ്പണര്‍ സ്ഥാനത്തു നിന്ന് മാറി മധ്യനിരയില്‍ കളിച്ച സഞ്ജുവിന് ആ സ്ഥാനത്ത് ടീമിലിടം ഉറപ്പിക്കാന്‍ ഓസീസിനെതിരെ മികച്ച പ്രകടനം നടത്തിയെ മതിയാവു. ഏഷ്യാ കപ്പില്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കാന്‍ സഞ്ജുവിന് സാധിച്ചിരുന്നു. വ്യത്യസ്ഥ സാഹചര്യത്തില്‍ ഇന്ത്യ നാളെ ഇറങ്ങുമ്പോള്‍ ടീം എങ്ങനെ ആയിരിക്കുമെന്ന് പരിശോധിക്കാം. ആദ്യ ടി20യിലും ഓപ്പണര്‍മാരായി ശുഭ്മാന്‍ ഗില്ലും അഭിഷേക് ശര്‍മയും ഇറങ്ങുമ്പോള്‍ മൂന്നാം നമ്പറില്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും നാലാം നമ്പറില്‍ തിലക് വര്‍മയുമാകും ക്രീസിലെത്തുക.
അഞ്ചാം നമ്പറിലായിരിക്കും സഞ്ജു ക്രീസിലെത്തുക. ഹാര്‍ദ്ദിക് പാണ്ഡ്യയുടെ അഭാവത്തില്‍ ഫിനിഷറുടെ റോളില്‍ സഞ്ജുവിന് അധിക ഉത്തരവാദിത്തമുണ്ട്. ശിവം ദുബെ ആയിരിക്കും ആറാം നമ്പറില്‍ ഫിനിഷറായി ഇറങ്ങുക. ഹാര്‍ദ്ദിക്കിനെ പോലെ നിര്‍ണായക ഓവറുകള്‍ എറിയേണ്ട ഉത്തരവാദിത്തവും ശിവം ദുബെക്കുണ്ടാകും. ശിവം ദുബെക്കൊപ്പം നിതീഷ് കുമാര്‍ റെഡ്ഡിയെയും പേസ് ഔള്‍ റൗണ്ടറായി പ്ലേയിംഗ് ഇലവനിലേക്ക് പരിഗണിച്ചേക്കും. എന്നാല്‍ ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തിനിടെ പരിക്കേറ്റ നിതീഷിന്റെ പരിക്ക് പൂര്‍ണമായും ഭേദമായിട്ടില്ലെന്നാണ് സൂചന.
ഈ സാഹചര്യത്തില്‍ ഏഴാമനായി അക്‌സര്‍ പട്ടേല്‍ ടീമിലെത്തും. അക്‌സര്‍ ടീമിലുള്ളതിനാല്‍ വരുണ്‍ ചക്രവര്‍ത്തി-കുല്‍ദീപ് യാദവ് എന്നിവരിലൊരാള്‍ മാത്രമെ പ്ലേയിംഗ് ഇലവനില്‍ കളിക്കൂ എന്നാണ് കരുതുന്നത്. കാന്‍ബറയില്‍ സ്പിന്നര്‍മാര്‍ക്ക് കാര്യമായ റോളുണ്ടാവില്ലെന്നാണ് പിച്ച് റിപ്പോര്‍ട്ട്. പേസ് നിരയില്‍ ജസ്പ്രീത് ബുമ്ര തിരിച്ചെത്തുമ്പോള്‍ ഹര്‍ഷിത് റാണയും അര്‍ഷ്ദീപ് സിംഗുമാകും മറ്റ് രണ്ട് പേസര്‍മാര്‍.
ആദ്യ ടി20ക്കുള്ള ഇന്ത്യയുടെ സാധ്യതാ ഇലവന്‍: അഭിഷേക് ശര്‍മ, ശുഭ്മാന്‍ ഗില്‍, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), തിലക് വര്‍മ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ശിവം ദുബെ, അക്‌സര്‍ പട്ടേല്‍, ഹര്‍ഷിത് റാണ, വരുണ്‍ ചക്രവര്‍ത്തി, ജസ്പ്രീത് ബുമ്ര, അര്‍ഷ്ദീപ് സിംഗ്.



