ടി20യിൽ 100 വിക്കറ്റ് നേടുന്ന ആദ്യ ഇന്ത്യൻ ബൗളറെന്ന ചരിത്രനേട്ടം പേസർ അർഷ്ദീപ് സിംഗ് സ്വന്തമാക്കി. 64-ാം മത്സരത്തിലാണ് അർഷ്ദീപ് ഈ നേട്ടം കൈവരിച്ചത്, ഇതോടെ യുസ്‌വേന്ദ്ര ചാഹൽ, ജസ്പ്രീത് ബുമ്ര തുടങ്ങിയവരെ പിന്നിലാക്കി.

അബുദാബി: ടി20യില്‍ ചരിത്രനേട്ടം സ്വന്തമാക്കി ഇന്ത്യന്‍ പേസര്‍ അര്‍ഷ്ദീപ് സിംഗ്. ടി20യില്‍ 100 വിക്കറ്റ് നേടുന്ന ആദ്യ ഇന്ത്യന്‍ ബൗളര്‍ എന്ന നേട്ടമാണ് അര്‍ഷ്ദീപ് സ്വന്തമാക്കിയത്. ആദ്യ രണ്ട് മത്സരത്തില്‍ പുറത്തിരുന്ന അര്‍ഷ്ദീപ്, വിശ്രമം നല്‍കിയ ജസ്പ്രിത് ബുമ്രയ്ക്ക് പകരമാണ് ടീമിലെത്തിയത്. അവസാന ഓവറില്‍ വിനായക് ശുക്ലയെ പുറത്താക്കിയാണ് അര്‍ഷ്ദീപ് 100 വിക്കറ്റ് തികച്ചത്. അറുപത്തിനാലാം മത്സരത്തിലാണ് അര്‍ഷ്ദീപിന്റെ 100 വിക്കറ്റ് നേട്ടം. ഒമാനെതിരെ ഒരു വിക്കറ്റാണ് അര്‍ഷ്ദീപ് വീഴ്ത്തിയിരുന്നത്.

96 വിക്കറ്റുള്ള യുസ്‌വേന്ദ്ര ചാഹലാണ് രണ്ടാം സ്ഥാനത്ത്. 80 മത്സരങ്ങളില്‍ നിന്നാണ് ചാഹല്‍ ഇത്രയും വിക്കറ്റുകള്‍ വീഴ്ത്തിയത്. ദീര്‍ഘ കാലമായി ടി20 ഫോര്‍മാറ്റ് കളിക്കാതിരുന്ന ചാഹലിന് ഇനി 100 വിക്കറ്റുകള്‍ വീഴ്ത്താനുകുമോ എന്നുള്ള കാര്യം കണ്ടറിയണം. 117 മത്സരങ്ങളില്‍ 96 വിക്കറ്റുളള ഹാര്‍ദിക് പാണ്ഡ്യ മൂന്നാം സ്ഥാനത്ത്. 72 മത്സരങ്ങളില്‍ 92 വിക്കറ്റുള്ള ജസ്പ്രീത് ബുമ്രയാണ് നാലാം സ്ഥാനത്തുള്ളത്. ഹാര്‍ദിക്കിനും ബുമ്രയ്ക്കും ഏഷ്യാ കപ്പിനിടെ തന്നെ 100 വിക്കറ്റുകള്‍ വീഴ്ത്താനുള്ള അവസരമുണ്ട്. 87 മത്സരങ്ങളില്‍ 90 വിക്കറ്റുള്ള വെറ്ററന്‍ പേസര്‍ ഭുവനേശ്വര്‍ കുമാര്‍ നാലാം സ്ഥാനത്ത്. ഭുവിയും നിലവില്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ സജീവമല്ല.

64 മത്സരങ്ങളില്‍, 1329 പന്തുകളാണ് അര്‍ഷ്ദീപിന് 100 വിക്കറ്റുകള്‍ പൂര്‍ത്തിയാക്കാന്‍ വേണ്ടി വന്നത്. ശരാശരി 18.49. സ്‌ട്രൈക്ക് റേറ്റ് 13.3. അതായത് ട്വന്റി 20യില്‍ 13 പന്തെറിയുമ്പോള്‍ ഒരു വിക്കറ്റെടുക്കാന്‍ അര്‍ഷദീപ് സാധിക്കും. ക്രിക്കറ്റില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച പേസറായി വാഴ്ത്തപ്പെടുന്ന സാക്ഷാല്‍ ജസ്പ്രിത് ബുമ്രയുടെ ട്വന്റി 20യിലെ ശരാശരി 17.6 ആണ്, സ്‌ട്രൈക്ക് റേറ്റ് 16.8.

ഏറ്റവും വേഗത്തില്‍ നേട്ടം കൈവരിക്കുന്ന പേസ് ബൗളറുകൂടിയാണ് അര്‍ഷദീപ്. 53 മത്സരങ്ങളില്‍ നിന്ന് 1185 പന്തുകളെറിഞ്ഞ് സമാനനേട്ടത്തിലേക്ക് എത്തിയ അഫ്ഗാനിസ്ഥാന്റെ റാഷിദ് ഖാനാണ് പട്ടികയില്‍ ഒന്നാമന്‍. പിന്നില്‍ നേപ്പാളിന്റെ സന്ദീപ് ലമിച്ചാനെ. സ്ഥിരതയോടെ വിക്കറ്റെടുക്കാനുള്ള മികവാണ് അര്‍ഷദീപിനെ ട്വന്റി 20യിലെ ഇന്ത്യയുടെ പ്രധാന ബൗളറായി പരിഗണിക്കാനുള്ള കാരണങ്ങളിലൊന്ന്. പവര്‍പ്ലേ ഓവറുകളിലും ഡെത്തിലും ഒരേപോലെ എഫക്ടീവാണ് ഇടം കയ്യന്‍ പേസര്‍.

പവര്‍പ്ലേയില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്തവരുടെ പട്ടികയെടുത്താല്‍ 43 വിക്കറ്റുമായി അര്‍ഷദീപ് തന്നെയാണ് മുന്‍പന്തിയില്‍. 31 വിക്കറ്റുള്ള ഷഹീന്‍ ഷാ അഫ്രിദിയാണ് പിന്നിലുള്ള പ്രമുഖന്‍. ഡെത്ത് ഓവറുകളില്‍ 48 വിക്കറ്റ്. ഇക്കാലയളവില്‍ 40ലധികം വിക്കറ്റ് അവസാന നാല് ഓവറുകളില്‍ നേടിയ മറ്റൊരു ബൗളര്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ തന്നെയില്ല.

YouTube video player