2.4 ബില്യണ്‍ ഡോളറാണ് 2026-2029 വര്‍ഷത്തെ സംപ്രേഷണ കരാറിനായി ഐസിസി ആവശ്യപ്പെടുന്നത്. 2024-27 വര്‍ഷത്തെ സംപ്രേഷണ കരാറിനായി ജിയോ സ്റ്റാര്‍ 3 ബില്യണ്‍ ഡോളറായിരുന്നു മുടക്കിയിരുന്നത്.

മുംബൈ: അടുത്തവര്‍ഷം നടക്കുന്ന ടി20 ലോകകപ്പിന് മുമ്പ് ഐസിസി ടൂര്‍ണമെന്‍റുകളുടെ സംപ്രേഷണ കരാറില്‍ നിന്ന് പിന്‍മാറാനൊരുങ്ങി ജിയോ സ്റ്റാര്‍. 2027വരെ ഐസിസി ടൂര്‍ണമെന്‍റുകളുടെ സംപ്രേഷണ അവകാശം ബാക്കിയിരിക്കെയാണ് ജിയോ സ്റ്റാര്‍ കരാറില്‍ നിന്ന് പിന്‍മാറാന്‍ താല്‍പര്യം അറിയിച്ചതെന്ന് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ജിയോ സ്റ്റാര്‍ പിന്‍മാറാന്‍ താല്‍പര്യം അറിയിച്ചതോടെ 2026-2029 വര്‍ഷത്തേക്ക് പുതിയ സംപ്രേഷണ കരാര്‍ നല്‍കാന്‍ ഐസിസി നടപടികള്‍ തുടങ്ങിയെങ്കിലും ഉയര്‍ന്ന തുക കാരണം സോണി, ആമസമോണ്‍, നെറ്റ്ഫ്ലിക്സ് തുടങ്ങിയ പ്രമുഖർ ആരും രംഗത്തുവന്നിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

2.4 ബില്യണ്‍ ഡോളറാണ് 2026-2029 വര്‍ഷത്തെ സംപ്രേഷണ കരാറിനായി ഐസിസി ആവശ്യപ്പെടുന്നത്. 2024-27 വര്‍ഷത്തെ സംപ്രേഷണ കരാറിനായി ജിയോ സ്റ്റാര്‍ 3 ബില്യണ്‍ ഡോളറായിരുന്നു മുടക്കിയിരുന്നത്. ടി20 ലോകകപ്പിന് മുമ്പ് പുതിയ സംപ്രേഷണ കരാര്‍ ഒപ്പിടാനായില്ലെങ്കില്‍ ജിയോ സ്റ്റാര്‍ തന്നെ 2027വരെ തുടരേണ്ടിവരും. 2024-25 വര്‍ഷത്തെ സംപ്രേണ കരാറില്‍ ജിയോ സ്റ്റാറിന്‍റെ പ്രതീക്ഷിക നഷ്ടം 25,760 കോടി രൂപയാണെന്നും തൊട്ടു മുന്‍വര്‍ഷത്തെ അപേക്ഷിച്ച്(12,319 കോടി) ഇരട്ടിയാണിതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സംപ്രേഷണ കരാര്‍ വില്‍ക്കുന്നതിലൂടെ ഐസിസിക്ക് വന്‍ വരുമാനമുണ്ടാകുന്നുണ്ടെങ്കിലും തങ്ങള്‍ക്ക് അതിനനുസരിച്ചുള്ള വരുമാന വര്‍ധനവുണ്ടാകുന്നില്ലെന്നാണ് ജിയോ സ്റ്റാറിന്‍റെ നിലപാട്. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്‍റെ ഉടമസ്ഥതയിലുള്ള വയാകോമുമായുള്ള ലയനത്തിന് മുമ്പ് 2024 മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ 12,548 കോടി രൂപയായിരുന്നു സ്റ്റാര്‍ ഇന്ത്യയുടെ നഷ്ടം. ഇതില്‍ 12,319 കോടി രൂപയും ഐസിസി സംപ്രേഷണ കരാറില്‍ നിന്നുള്ളതാണ്. അതേസമയം ഇക്കാലയളവില്‍ ഐസിസി 474 മില്യണ്‍ ഡോളറിന്‍റെ ലാഭം നേടുകയും ചെയ്തു.

ജിയോ സ്റ്റാറിന്‍റെ പ്രധാന സ്പോണ്‍സര്‍മാരില്‍ പ്രമുഖര്‍ ഡ്രീം ഇലവനെയും മൈ ഇലവന്‍ സര്‍ക്കിളിനെയും പോലുള്ള ഗെയിമിംഗ് ആപ്പുകളായിരുന്നു. എന്നാല്‍ പണംവെച്ച് കളിക്കുന്ന ഗെയിമിംഗ് ആപ്പുകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയതോടെ ഇവരെല്ലാം പിന്‍മാറിയത് ജിയോ സ്റ്റാറിന് കനത്ത തിരിച്ചടിയായി. ഇതുവഴി 7000 കോടി രൂപയുടെ വരുമാന നഷ്ടമാണ് ജിയോ സ്റ്റാറിനുണ്ടായത്. കടുത്ത മത്സരം മൂലം വരുമാന നഷ്ടം കണക്കിലെടുത്ത് ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയുടെ സംപ്രേഷണ കരാര്‍ സ്വന്തമാക്കിയ സോണി സ്പോര്‍ട്സ് ഡിജിറ്റല്‍ സംപ്രേഷണ അവകാശം ജിയോ സ്റ്റാറിന് മറിച്ചുവിറ്റിരുന്നു. നെറ്റ്ഫ്ലിക്സ് സ്പോര്‍ട്സ് സംപ്രേഷണത്തില്‍ പ്രാരംഭ ദിശയിലാണ്. ഡബ്ല്യുഡബ്ല്യുഇയുമായി മാത്രമാണ് നിലവില്‍ നെറ്റ്ഫ്ലിക്സിന് സ്പോര്‍ട്സ് സംപ്രേഷണ കരാറുള്ളത്. ആമസോണ്‍ പ്രൈമിനാകട്ടെ ന്യൂസിലന്‍ഡ് ക്രിക്കറ്റുമായി മാത്രമാണ് നിലവില്‍ സംപ്രേഷണ കരാറുള്ളത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക