മാഞ്ചസ്റ്റര്‍: ആഷസ് പരമ്പരയിലെ നാലാം ടെസ്റ്റില്‍ ഓസീസിനെതിരെ തോല്‍വി മുന്നില്‍ക്കണ്ട് ഇംഗ്ലണ്ട്. 383 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടരുന്ന ഇംഗ്ലണ്ടിന് നാലാം ദിനം റണ്ണെടുക്കും മുമ്പെ രണ്ട് വിക്കറ്റുകള്‍ നഷ്ടമായി. റോറി ബേണ്‍സ്, ക്യാപ്റ്റന്‍ ജോ റൂട്ട് എന്നിവരാണ് പാറ്റ് കമിന്‍സിന്റെ ആദ്യ ഓവറിലെ തുടര്‍ച്ചയായ പന്തുകളില്‍ പുറത്തായത്.

ആദ്യ ഇന്നിംഗ്സിലേതിന് സമാനമായി സ്റ്റീവ് സ്മിത്തിന്റെ തകര്‍പ്പന്‍ ബാറ്റിംഗാണ് രണ്ടാം ഇന്നിംഗ്സിലും ഓസീസിന് മികച്ച ലീഡ് ഉറപ്പാക്കിയത്. 82 റണ്‍സെടുത്ത സ്മിത്താണ് ഓസീസിന്റെ ടോപ് സ്കകോറര്‍. 196 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡുമായി രണ്ടാം ഇന്നിംഗ്സ് തുടങ്ങിയ ഓസീസ് ആറ് വിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സുമായി രണ്ടാം ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്തു. സ്മിത്തിന് പുറമെ മാത്യു വെയ്ഡ്(34), ടിം പെയ്ന്‍(23) എന്നിവര്‍ മാത്രമാണ് ഓസീസിന്റെ രണ്ടാം ഇന്നിംഗ്സില്‍ തിളങ്ങിയത്. ഇംഗ്ലണ്ടിനായി ജോഫ്ര ആര്‍ച്ചര്‍ മൂന്നും സ്റ്റുവര്‍ട്ട് ബ്രോഡ് രണ്ടും വിക്കറ്റെടുത്തു.

നാലാം ദിനം 200/5 എന്ന സ്കോറില്‍ ഒന്നാം ഇന്നിംഗ്സ് പുനരാരംഭിച്ച ഇംഗ്ലണ്ട് 301 റണ്‍സിന് പുറത്തായി. 41 റണ്‍സെടുത്ത ജോസ് ബട്‌ലറും 26 റണ്‍സെടുത്ത ബെന്‍ സ്റ്റോക്സുമാണ് മധ്യനിരയില്‍ ഇംഗ്ലണ്ടിനായി ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. ഓസീസിനായി ഹേസല്‍വുഡ് നാലും സ്റ്റാര്‍ക്ക്, കമിന്‍സ് എന്നിവര്‍ മൂന്ന് വീതം വിക്കറ്റുകളും വീഴ്ത്തി.