മെല്‍ബണില്‍ നടക്കുന്ന ബോക്സിംഗ് ഡേ ക്രിക്കറ്റ് ടെസ്റ്റിന്‍റെ രണ്ടാം ദിനമാണ് ഇംഗ്ലണ്ട് ക്യാംപിലെ സപ്പോര്‍ട്ട് സ്റ്റാഫിന് കൊവിഡ് സ്ഥിരീകരിച്ചത്. രണ്ടാം ദിനം രാവിലെ ഇംഗ്ലണ്ട് കളിക്കാരെ ആന്‍റിജന്‍ പരിശോധനകള്‍ക്ക് വിധേയരാക്കിയശേഷമാണ് ഇന്നത്തെ മത്സരം തുടങ്ങിയത്.

മെല്‍ബണ്‍: ഓസ്ട്രേലിയക്കെതിരായ ആഷസ്(AUS vs ENG) പരമ്പരയിലെ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിനിടെ ഇംഗ്ലണ്ട് ടീം (England Team)ക്യാംപില്‍ കൊവിഡ്(Covid 19) സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് പരമ്പരയുടെ ഭാവി അനിശ്ചിതത്വത്തില്‍. ഇംഗ്ലണ്ട് ടീമിലെ രണ്ട് സപ്പോര്‍ട്ട് സ്റ്റാറ് അംഗങ്ങള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് ഇംഗ്ലണ്ട് ടീം അംഗങ്ങളെ മുഴുവന്‍ കൊവിഡ് പരിശോധനക്ക് വിധേയരാക്കി. ഇതിന്‍റെ ഫലം അനുസരിച്ചാകും പരമ്പരയുടെ ഭാവി.

മെല്‍ബണില്‍ നടക്കുന്ന ബോക്സിംഗ് ഡേ ക്രിക്കറ്റ് ടെസ്റ്റിന്‍റെ രണ്ടാം ദിനമാണ് ഇംഗ്ലണ്ട് ക്യാംപിലെ സപ്പോര്‍ട്ട് സ്റ്റാഫിന് കൊവിഡ് സ്ഥിരീകരിച്ചത്. രണ്ടാം ദിനം രാവിലെ ഇംഗ്ലണ്ട് കളിക്കാരെ ആന്‍റിജന്‍ പരിശോധനകള്‍ക്ക് വിധേയരാക്കിയശേഷമാണ് ഇന്നത്തെ മത്സരം തുടങ്ങിയത്. സപ്പോര്‍ട്ട് സ്റ്റാഫിന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് രണ്ടാം ദിനത്തിലെ കളിക്കുശേഷം മുഴുവന്‍ കളിക്കാരെയും സപ്പോര്‍ട്ട് സ്റ്റാഫിനെയും ആര്‍ടിപിസിആര്‍ പരിശോധനകള്‍ക്ക് വിധേയരാക്കുകയായിരുന്നു.

ഇതിന്‍റെ ഫലം അറിഞ്ഞശേഷമെ മൂന്നാം ദിനത്തിലെ മത്സരത്തിന്‍റെ കാര്യത്തില്‍ തീരുമാനമാകു. കളിക്കാര്‍ക്ക് ആര്‍ക്കെങ്കിലും കൊവിഡ് സ്ഥിരീകരിച്ചാല്‍ പകരക്കാരെ കളിപ്പിക്കാന്‍ ഐസിസി അനുമതി നല്‍കിയിച്ചുണ്ട്. രണ്ടാം ദിനത്തിലെ കളിക്കുശേഷം കളിക്കാരെ ആര്‍ടിപിസിആര്‍ പരിശോധനകള്‍ക്ക് വിധേയരാക്കിയ കാര്യം ഇംഗ്ലണ്ട് പേസ് ബൗളര്‍ ജെയിംസ് ആന്‍ഡേഴ്സണും സ്ഥിരീകരിച്ചിരുന്നു.

അതേസമയം, കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ സിഡ്നിയില്‍ നടക്കേണ്ട നാലാം ടെസ്റ്റ് മെല്‍ബണില്‍ തന്നെ നടത്തുന്ന കാര്യവും ക്രിക്കറ്റ് ഓസ്ട്രേലിയയുടെ പരിഗണനയിലാണ്. മെല്‍ബണ്‍ ടെസ്റ്റിന്‍റെ ഒന്നാം ദിനം ഇംഗ്ലണ്ടിന്‍റെ ഒന്നാം ഇന്നിംഗ്സ് 185 റണ്‍സിന് അവസാനിച്ചിരുന്നു. രണ്ടാം ദിനം ഓസ്ട്രേലിയയെ 267 റണ്‍സിന് ഓള്‍ ഔട്ടാക്കി തിരിച്ചടിച്ചെങ്കിലും രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ രണ്ടാം ഇന്നിംഗ്സില്‍ 31 റണ്‍സെടുക്കുന്നതിനിടെ നാലു വിക്കറ്റ് നഷ്ടമായ ഇംഗ്ലണ്ട് പ്രതിരോധത്തിലാണ്.