ഒരവസരത്തില്‍ 85/4 എന്ന നിലയില്‍ പ്രതിരോധത്തിലായ ഓസീസിനെ അഞ്ചാം വിക്കറ്റില്‍ 155 റണ്‍സ് കൂട്ടുകെട്ടുമായി കരകയറ്റുകയായിരുന്നു മിച്ചല്‍ മാര്‍ഷും ട്രാവിസ് ഹെഡും
ഹെഡിംഗ്‌ലെ: ആഷസ് ക്രിക്കറ്റ് പരമ്പരയിലെ മൂന്നാം ടെസ്റ്റില്‍ തുടക്കത്തിലെ കൂട്ടത്തകര്‍ച്ചയ്‌ക്ക് ശേഷം ഇംഗ്ലണ്ടിനെതിരെ ഓസീസിന്‍റെ ശക്തമായ തിരിച്ചുവരവ്. നാല് വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം ടെസ്റ്റ് കളിച്ച് ഗംഭീര സെഞ്ചുറി നേടിയ മിച്ചല്‍ മാര്‍ഷാണ് ഓസീസിന് രക്ഷകനായത്. ഇതോടെ ആദ്യ ദിനം ചായക്ക് പിരിയുമ്പോള്‍ 52.1 ഓവറില്‍ 240-5 എന്ന ശക്തമായ നിലയിലാണ് ഒന്നാം ഇന്നിംഗ്‌സില്‍ ഓസീസ്. 67 പന്തില്‍ 39* റണ്‍സുമായി ട്രാവിസ് ഹെഡ് ക്രീസിലുണ്ട്. 85/4 എന്ന നിലയില്‍ നിന്ന് ശക്തമായി തിരിച്ചെത്തിയ ഓസീസിന് മാര്‍ഷിനെ നഷ്‌ടമായതോടെ മത്സരം രണ്ടാം സെഷന്‍ അവസാനിപ്പിക്കുകയായിരുന്നു.
ഒരവസരത്തില്‍ 85/4 എന്ന നിലയില്‍ പ്രതിരോധത്തിലായ ഓസീസിനെ അഞ്ചാം വിക്കറ്റില്‍ 155 റണ്‍സ് കൂട്ടുകെട്ടുമായി കരകയറ്റുകയായിരുന്നു മിച്ചല്‍ മാര്‍ഷും ട്രാവിസ് ഹെഡും. കാമറൂണ്‍ ഗ്രീനിന് പകരക്കാരനായി പ്ലേയിംഗ് ഇലവനിലെത്തിയ മാര്‍ഷ് ആറാമനായിറങ്ങി തുടക്കം മുതല്‍ ആക്രമിച്ച് കളിച്ചതോടെ 59 പന്തില്‍ അര്‍ധസെഞ്ചുറിയിലെത്തി. തകര്‍ത്തടിച്ച് 102 പന്തില്‍ മാര്‍ഷ് സെഞ്ചുറി തികച്ചപ്പോള്‍ ഹെഡ് ഉറച്ച പിന്തുണ നല്‍കി. 51-ാം ഓവറില്‍ ക്രിസ് വോക്‌സിനെ തുടര്‍ച്ചയായി സിക്‌സിനും ഫോറിനും പറത്തിയ മാര്‍ഷിനെ അടുത്ത വരവില്‍ വോക്‌സ് തന്നെ പുറത്താക്കുകയായിരുന്നു. മാര്‍ഷ് 118 പന്തില്‍ 17 ഫോറും 4 സിക്‌സും സഹിതമാണ് 118 റണ്‍സ് നേടിയത്.
നേരത്തെ, ടോസ് നഷ്‌ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ഓസീസിന് നഷ്‌ടങ്ങളോടെയായിരുന്നു തുടക്കം. ഡേവിഡ് വാര്‍ണര്‍, സ്റ്റീവ് സ്‌മിത്ത് എന്നിവരുടെ നിര്‍ണായക വിക്കറ്റുകള്‍ പേസര്‍ സ്റ്റുവര്‍ട്ട് ബ്രോഡ് നേടി. 5 പന്തില്‍ 4 റണ്‍സുമായി വാര്‍ണര്‍ പതിവുപോലെ ബ്രോഡിന് കീഴടങ്ങി. 100-ാം ടെസ്റ്റിന്‍റെ പ്രതീക്ഷയുമായി എത്തിയ സ്‌മിത്തിന് 31 പന്തില്‍ 22 നേടി മടങ്ങാനായിരുന്നു വിധി. 58 പന്തില്‍ 21 റണ്‍സെടുത്ത മാര്‍നസ് ലബുഷെയ്‌നെ ക്രിസ് വോക്‌സും 37 പന്തില്‍ 13 റണ്‍സെടുത്ത ഉസ്‌മാന്‍ ഖവാജയെ മാര്‍ക്ക് വുഡും പറഞ്ഞയച്ചു. ഇതോടെയാണ് ഓസീസ് 24.2 ഓവറില്‍ 85-5 എന്ന നിലയില്‍ പതറിയത്.
Read more: ബ്രോഡ് പേടി മാറാതെ ഡേവിഡ് വാര്‍ണര്‍; വീണ്ടും പുറത്തായി നാണക്കേടിന്‍റെ റെക്കോര്‍ഡില്‍
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
