മറുപടി ബാറ്റിംഗില്‍ 33 റണ്‍സെടുത്ത ഓപ്പണർ സാക്ക് ക്രൗലിക്ക് ശേഷം നായകന്‍ ബെന്‍ സ്റ്റോക്സ് മാത്രമാണ് ഇംഗ്ലണ്ടിനായി പൊരുതിയത്

ഹെഡിംഗ്‍ലെ: ആഷസ് പരമ്പരയിലെ മൂന്നാം ടെസ്റ്റില്‍ 26 റണ്‍സിന്‍റെ ആദ്യ ഇന്നിംഗ്സ് ലീഡ് വഴങ്ങി ഇംഗ്ലണ്ട്. ആറ് വിക്കറ്റ് വീഴ്ത്തിയ ക്യാപ്റ്റനും പേസറുമായ പാറ്റ് കമ്മിന്‍സിന് മുന്നില്‍ തകർന്നടിഞ്ഞ ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്റ്റോക്സിന്‍റെ ത്രില്ലർ ഫിഫ്റ്റിക്കിടയിലും 52.3 ഓവറില്‍ 237 റണ്‍സില്‍ പുറത്താവുകയായിരുന്നു. സ്റ്റോക്സ് 108 പന്തില്‍ 6 ഫോറും 5 സിക്സറും സഹിതം 80 റണ്‍സെടുത്ത് പത്താമനായി മടങ്ങി. വാലറ്റത്തിനെ കൂട്ടുപിടിച്ച് സ്റ്റോക്സ് പുറത്തെടുത്ത തകർപ്പനടിയാണ് ലീഡ് ഭാരം കുറച്ചത്. ഒന്നാം ഇന്നിംഗ്സില്‍ ഓസീസ് മിച്ചല്‍ മാർഷിന്‍റെ സെഞ്ചുറിക്കരുത്തില്‍ 263 റണ്‍സ് നേടിയിരുന്നു. 

മറുപടി ബാറ്റിംഗില്‍ 33 റണ്‍സെടുത്ത ഓപ്പണർ സാക്ക് ക്രൗലിക്ക് ശേഷം നായകന്‍ ബെന്‍ സ്റ്റോക്സ് മാത്രമാണ് ഇംഗ്ലണ്ടിനായി പൊരുതിയത്. സ്റ്റോക്സാണ് ഇംഗ്ലണ്ടിന്‍റെ ടോപ് സ്കോറർ. ബെന്‍ ഡക്കെറ്റ് 2 റണ്‍സിനും ഹാരി ബ്രൂക്ക് 3നും ജോ റൂട്ട് 19നും ജോണി ബെയ്ർസ്റ്റോ 12നും മൊയീന്‍ അലി 21നും ക്രിസ് വോക്സ് 10നും സ്റ്റുവർട്ട് ബ്രോഡ് 7നും പുറത്തായപ്പോള്‍ 8 പന്തില്‍ 24 അടിച്ച മാർക്ക് വുഡ് വാലറ്റത്ത് സ്റ്റോക്സിന് തുണയായി. രണ്ടാംദിനത്തിന്‍റെ ആദ്യ സെഷനില്‍ തന്നെ റൂട്ടിനെ മടക്കി തുടങ്ങിയ കമ്മിന്‍സ് ആറ് വിക്കറ്റ് നേട്ടവുമായി ഇംഗ്ലണ്ടിനെ പ്രതിരോധത്തിലാക്കുകയായിരുന്നു. 199 റണ്ണിന് 9 വിക്കറ്റ് നഷ്ടമായ ശേഷം ഓലീ റോബിന്‍സണിനെ ഒരറ്റത്ത് നിർത്തി ടോഡ് മർഫിയെ സിക്സറുകള്‍ പറത്തിയ സ്റ്റോക്സ് ഇംഗ്ലണ്ടിന്‍റെ ഭാരം കുറച്ച് 237 റണ്‍സില്‍ ടീം സ്കോർ എത്തിക്കുകയായിരുന്നു. കമ്മിന്‍സിന്‍റെ ആറിന് പുറമെ മിച്ചല്‍ സ്റ്റാർക്ക് രണ്ടും മിച്ചല്‍ മാർഷും ടോഡ് മർഫിയും ഓരോ വിക്കറ്റും നേടി. സ്റ്റോക്സിനെയാണ് മർഫി മടക്കിയത്. 

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ മിച്ചല്‍ മാർഷിന്‍റെ ഏകദിന ശൈലിയിലുള്ള സെഞ്ചുറിക്കിടയിലും 60.4 ഓവറില്‍ 263 റണ്‍സില്‍ പുറത്താവുകയായിരുന്നു. ആദ്യ ദിനം ചായക്ക് പിരിയുമ്പോള്‍ 52.1 ഓവറില്‍ 240-5 എന്ന ശക്തമായ നിലയിലായിരുന്നു എങ്കില്‍ പിന്നീടുള്ള 23 റണ്‍സിനിടെ അവശേഷിക്കുന്ന അഞ്ച് വിക്കറ്റുകള്‍ നഷ്ടമായി ഓസീസ് 263 റണ്‍സില്‍ പുറത്താവുകയായിരുന്നു. മാർക് വുഡ് അഞ്ചും ക്രിസ് വോക്സ് മൂന്നും സ്റ്റുവർട്ട് ബ്രോഡ് രണ്ടും വിക്കറ്റ് വീഴ്ത്തി. 85 റണ്‍സിന് നാല് വിക്കറ്റ് വീണ് തുടക്കത്തിലെ തകർച്ച നേരിട്ട ഓസീസിനെ മിച്ചല്‍ മാർഷും ട്രാവിഡ് ഹെഡും ചേർന്ന് അഞ്ചാം വിക്കറ്റിലെ 155 റണ്‍സ് കൂട്ടുകെട്ടുമായി കരകയറ്റിയിരുന്നു. 118 പന്തില്‍ 118 റണ്‍സടിച്ച മിച്ചല്‍ മാർഷാണ് ഓസീസിന്‍റെ ടോപ് സ്കോറർ. ഹെഡ് 74 പന്തില്‍ 39 റണ്‍സ് നേടി. ഡേവിഡ് വാർണർ(4) ഉസ്മാന്‍ ഖവാജ(13), മാർനസ് ലബുഷെയ്ന്‍(21), സ്റ്റീവ് സ്‍മിത്ത്(22) എന്നിങ്ങനെയായിരുന്നു ടോപ് ഫോറിന്‍റെ സ്കോർ.

Read more: കണ്ണീന്ന് പൊന്നീച്ച പാറി! വേഗം 91, 93, 95, 93, 94, 93 മൈല്‍; മാർക് വുഡ് എറിഞ്ഞത് ഏറ്റവും വേഗമേറിയ ഓവർ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാംAsianet News Live |Malayalam Live News|ഏഷ്യാനെറ്റ് ന്യൂസ് ലൈവ്|Kerala Live TV News