ഇന്നലെ സാക് ക്രൗലി തകര്‍പ്പന്‍ സെഞ്ചുറി നേടിയെങ്കില്‍ ഇന്ന് ജോണി ബെയ്‌ര്‍സ്റ്റോയുടെ ബാസ്‌ബോള്‍ ബാറ്റിംഗിലാണ് ഇംഗ്ലണ്ടിനെ 600നടുത്ത് സ്കോറിലേക്ക് നയിച്ചത്

മാഞ്ചസ്റ്റര്‍: വെറും 107.4 ഓവ‍ര്‍, 592 റണ്‍സ്! ആഷസ് നാലാം ടെസ്റ്റില്‍ 275 റണ്‍സിന്‍റെ ഒന്നാം ഇന്നിംഗ്‌സ് ലീഡുമായി ബാസ്‌ബോള്‍ ശൈലിയില്‍ ഇംഗ്ലണ്ടിന്‍റെ ബാറ്റിംഗ്. ഓസീസിന്‍റെ 317 റണ്‍സ് പിന്തുടര്‍ന്ന ഇംഗ്ലണ്ട് ആദ്യ ഇന്നിംഗ്‌സില്‍ 107.4 ഓവറില്‍ 592 റണ്‍സ് അടിച്ചുകൂട്ടി പുറത്താവുകയായിരുന്നു. ഇന്നലെ സാക് ക്രൗലി 182 പന്തില്‍ 189 റണ്‍സ് നേടിയെങ്കില്‍ ഇന്ന് സെഞ്ചുറിക്കരികെ എത്തിയ ജോണി ബെയ്‌ര്‍സ്റ്റോയുടെ ബാസ്‌ബോള്‍ ബാറ്റിംഗിലാണ് ഇംഗ്ലണ്ടിനെ 600നടുത്ത് സ്കോറിലേക്ക് നയിച്ചത്. എന്നാല്‍ 81 പന്തില്‍ 99* റണ്‍സുമായി ജോണി പുറത്താവാതെ നിന്നത് ഇംഗ്ലീഷ് ആരാധകര്‍ക്ക് കണ്ണീരായി. പേസ‍ര്‍ ജോഷ് ഹേസല്‍വുഡിന്‍റെ അഞ്ച് വിക്കറ്റ് നേട്ടം ഓസീസിനെ തുണച്ചില്ല. 

ബാസ്‌ബോള്‍ ബെയ്‌ര്‍സ്റ്റോ

മറുപടി ബാറ്റിംഗില്‍ ബെന്‍ ഡക്കെറ്റ് ഒരു റണ്ണുമായി മടങ്ങിയെങ്കിലും 182 പന്തില്‍ തകര്‍ത്തടിച്ച് 189 റണ്‍സ് നേടിയ സാക്ക് ക്രൗലിയും 82 പന്തില്‍ 54 റണ്‍സുമായി മൊയീന്‍ അലിയും ഇംഗ്ലണ്ടിനെ 130ലെത്തിച്ചിരുന്നു. ഇതിന് ശേഷം ജോ റൂട്ട് 95 പന്തില്‍ 84 ഉം ഹാരി ബ്രൂക്ക് 100 പന്തില്‍ 61 ഉം നായകന്‍ ബെന്‍ സ്റ്റോക്‌സ് 74 പന്തില്‍ 51 ഉം റണ്‍സുമായി ഇംഗ്ലണ്ടിനെ അനായാസം 450 കടത്തി. ക്രിസ് വോക്‌സ് പൂജ്യത്തിലും മാര്‍ക്ക് വുഡ് ആറിലും സ്റ്റുവര്‍ട്ട് ബ്രോഡ് ഏഴിലും മടങ്ങിയതൊന്നും ബെയ്‌ര്‍സ്റ്റോയെ പിന്നോട്ട് വലിച്ചില്ല. ഒരറ്റത്ത് നിലയുറപ്പിച്ച് തകര്‍ത്തടിച്ച ബെയ്‌ര്‍സ്റ്റോ 81 പന്തില്‍ 99* റണ്‍സുമായി നില്‍ക്കേ ജിമ്മിന്‍ ആന്‍ഡേഴ്‌സണെ(5) കാമറൂണ്‍ ഗ്രീന്‍ പുറത്താക്കിയതോടെ ഇംഗ്ലീഷ് ഇന്നിംഗ്‌സ് അവസാനിക്കുകയായിരുന്നു. ഓസീസിനായി ജോഷ് ഹേസല്‍വുഡ് അഞ്ചും മിച്ചല്‍ സ്റ്റാര്‍ക്കും കാമറൂണ്‍ ഗ്രീനും രണ്ട് വീതവും പാറ്റ് കമ്മിന്‍സ് ഒരു വിക്കറ്റും നേടി. 

വോക്‌സിന് അഞ്ച് വിക്കറ്റ്

നേരത്തെ, ഇംഗ്ലീഷ് പേസര്‍ ക്രിസ് വോക്‌സിന്‍റെ അഞ്ച് വിക്കറ്റ് പ്രകടനമാണ് ഓസീസിനെ ചെറിയ സ്‌കോറില്‍ ഒതുക്കിയത്. കരിയറില്‍ 600 ടെസ്റ്റ് വിക്കറ്റുകള്‍ പൂര്‍ത്തിയാക്കിയ സ്റ്റുവര്‍ട്ട് ബ്രോഡ് ഓള്‍ഡ് ട്രഫോഡില്‍ രണ്ട് വിക്കറ്റെടുത്തു. മാര്‍നസ് ലബുഷെയ്ന്‍(51), മിച്ചല്‍ മാര്‍ഷ്(51) എന്നിവരാണ് ഓസീസ് നിരയില്‍ പിടിച്ചുനിന്നത്. ട്രാവിഡ് ഹെഡ്(48), സ്റ്റീവന്‍ സ്‌മിത്ത്(41) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ഡേവിഡ് വാര്‍ണര്‍(32), ഉസ്മാന്‍ ഖവാജ(3), കാമറൂണ്‍ ഗ്രീന്‍(16), അലക്‌സ് ക്യാരി(20), പാറ്റ് കമ്മിന്‍സ്(1), ജോഷ് ഹേസല്‍വുഡ്(4) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍. മിച്ചല്‍ സ്റ്റാര്‍ക്ക് (36*) പുറത്താവാതെ നിന്നു. 

Read more: മൊയീന്‍ അലിക്ക് ഇംഗ്ലണ്ട് ക്രിക്കറ്റിലെ അപൂര്‍വ നേട്ടം! പട്ടികയില്‍ ബ്രോഡും ഫ്‌ളിന്റോഫും ബോതവും

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം