ഇന്ത്യ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയാണ് അവസാനമായി ടെസ്റ്റ് പരമ്പര കളിച്ചത്. പരമ്പര 1-1ന് സമനിലയിലാക്കാന്‍ സാധിച്ചിരുന്നു.

ചെന്നൈ: കഴിഞ്ഞ ദിവസം മുന്‍ ഇംഗ്ലണ്ട് ക്രിക്കറ്റര്‍ മൈക്കല്‍ വോണ്‍ ഇന്ത്യന്‍ ടീമിനെ കുറിച്ച് വ്യത്യസ്ഥമായ അഭിപ്രായം പങ്കുവച്ചിരുന്നു. കഴിവുള്ള താരങ്ങളുണ്ടായിട്ടും കിരീടങ്ങളൊന്നും നേടാന്‍ ഇന്ത്യക്ക് സാധിക്കുന്നില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. ഇങ്ങനെയായിരുന്നു വോണിന്റെ വാക്കുകള്‍... ''അടുത്ത കാലത്തൊന്നും അവര്‍ക്ക് കിരീടങ്ങളൊന്നും ലഭിച്ചിട്ടില്ല. അവര്‍ ഒന്നും നേടുന്നില്ല. ഇന്ത്യക്കുള്ള എല്ലാ താരങ്ങളേയും പരിഗണിക്കുമ്പോള്‍ അവര്‍ നേട്ടങ്ങള്‍ കൈവരിക്കേണ്ടതായിരുന്നു.'' വോണ്‍ വ്യക്തമാക്കി. ഓസ്ട്രേലിയയും പാക്കിസ്ഥാനും തമ്മിലുള്ള രണ്ടാം ടെസ്റ്റ് മത്സരത്തിനിടെ നടന്ന ഫോക്സ് സ്പോര്‍ട്സ് പാനല്‍ സംഭാഷണത്തിനിടെയാണ് വോണ്‍ ഈ ചര്‍ച്ചയ്ക്ക് തുടക്കമിട്ടത്.

ഇപ്പോഴതിന് മറുപടി പറയുകയാണ് ഇന്ത്യന്‍ സ്പിന്നര്‍ ആര്‍ അശ്വിന്‍. തന്റെ യുട്യൂബ് ചാനലിലാണ് അശ്വിന്‍ സംസാരിക്കുന്നത്. ഇന്ത്യ മികച്ച ടീമായെന്നാണ് അശ്വിന്‍ പറയുന്നത്. ''വോണിന്റെ വാക്കുകള്‍ക്ക് ശേഷം നമ്മുടെ ടീമിന്റെ പ്രകടനത്തെ കുറിച്ച് നിരവധി വിദഗ്ധര്‍ ഇന്ത്യ ഒരു മികച്ച ടീമാണോ എന്ന് ചോദ്യം ചെയ്യാന്‍ തുടങ്ങി. സത്യം പറഞ്ഞാല്‍, എനിക്ക് ചിരിയാണ് വന്നത്. ഇന്ത്യയെപ്പോലുള്ള ഒരു രാജ്യത്ത്, എല്ലാ മുക്കിലും മൂലയിലും നമ്മള്‍ ക്രിക്കറ്റ് സംസാരിക്കുകയും കായിക വിനോദത്തെ ഒരു മതമായി കണക്കാക്കുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെയാണ് അനാവശ്യ വിമര്‍ശനങ്ങളുണ്ടാകുന്നത്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ട് മത്സരങ്ങളുടെ പരമ്പര ഇന്ത്യ 1-1ന് സമനിലയിലാക്കി. ഓസ്ട്രേലിയയില്‍ തങ്ങളുടെ അവസാന രണ്ട് ടെസ്റ്റ് പരമ്പരകളും ഇന്ത്യ സ്വന്തമാക്കി. 2022 ല്‍ ഇംഗ്ലണ്ടിനെതിരെയും ടീം സമനില നേടിയിരുന്നു, അഞ്ച് മത്സരങ്ങളുടെ പരമ്പര 2-2 ന് സമനിലയില്‍.'' ഇതെല്ലാം വലിയ നേട്ടങ്ങളാണെന്ന് അശ്വിന്‍ മറുപടി പറഞ്ഞു.

ഇന്ത്യ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയാണ് അവസാനമായി ടെസ്റ്റ് പരമ്പര കളിച്ചത്. പരമ്പര 1-1ന് സമനിലയിലാക്കാന്‍ സാധിച്ചിരുന്നു. ഇനി ഇംഗ്ലണ്ടിനെതിരെ അഞ്ച് ടെസ്റ്റുകള്‍ ഉള്‍പ്പെടുന്ന പരമ്പരയും ഇന്ത്യ കൡക്കുന്നുണ്ട്. ശേഷം ജൂണില്‍ ടി20 ലോകകപ്പിനുമിറങ്ങും.

രോഹിത്തും ഗില്ലും ദയനീയം, ബുമ്ര പൊളി! ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ താരങ്ങള്‍ക്ക് ലഭിച്ച മാര്‍ക്ക് ഇങ്ങനെ