രണ്ടാം ഇന്നിംഗ്‌സില്‍ കൂടുതല്‍ റണ്‍സ് നേടിയാല്‍ കൂടുതല്‍ പോയിന്‍റ് ലഭിക്കും. അര്‍ധ സെഞ്ചുറിക്കും സെഞ്ചുറിക്കും വ്യത്യസ്ത പോയിന്‍റുകളാണുള്ളത്. ടീമിനായി പ്രതിസന്ധി ഘട്ടത്തില്‍ റണ്‍സ് കണ്ടെത്തിയാല്‍ കൂടുതല്‍ റേറ്റിംഗ് ലഭിക്കും.
ദുബായ്: ഏഷ്യാ കപ്പ് ക്രിക്കറ്റിലെ ഇന്ത്യാ-പാക്കിസ്ഥാന്‍ പോരാട്ടത്തില്‍ ആര് ജയിക്കും എന്നതിനൊപ്പം ആരാധകരെ ആകാംക്ഷയിലാക്കുന്ന ചില കണക്കുകളും കാര്യങ്ങളുമുണ്ട്. ഇന്നത്തെ മത്സരം മുന്‍ നായകന്‍ വിരാട് കോലിയുടെ 100ാമത്തെ രാജ്യാന്തര ടി20 മത്സരമാണ്. കോലി ഫോമിലേക്ക് മടങ്ങിയെത്തുമോ എന്നാണ് ആരാധകര്‍ ഇന്ന് പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന ഒരു കാര്യം.
ഇത് കഴിഞ്ഞാല്‍ പാക് നായകന്‍ ബാബര്‍ അസമിനെ പിന്തള്ളി സൂര്യകുമാര്‍ യാദവ് ഐസിസി ടി20 റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തെത്തുമോ എന്നതും ആരാധകര്‍ ആകാംക്ഷയോടെ ഉറ്റുനോക്കുന്നു. നിലവില്‍ 818 പോയിന്‍റുമായാണ് ബാബര്‍ അസം ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. 816 പോയിന്‍റുമായി സൂര്യകുമാര്‍ യാദവ് തൊട്ടുപിന്നിലും. ഇന്ന് ഏഷ്യാ കപ്പില്‍ ഇന്ത്യ-പാക് ടീമുകള്‍ മുഖാമുഖം വരുമ്പോള്‍ സ്‌കൈക്ക് ബാബറിനെ മറികടക്കാനുള്ള അവസരമുണ്ട്. ഒരൊറ്റ ഇംപാക്‌ട്‌ഫുള്‍ ഇന്നിംഗ്‌സ് മതി ഇതിന് സൂര്യക്ക്. ബാബര്‍ 20ല്‍ താഴെ കുറവ് റണ്‍സില്‍ പുറത്താവുകയും സൂര്യകുമാര്‍ അര്‍ധ സെഞ്ചുറിയോ ഇംപാക്ട് ഉണ്ടാക്കുന്ന ഇന്നിംഗ്സോ കളിച്ചാല്‍ പോയിന്‍റ് പട്ടികയില്‍ തലപ്പത്തെത്തും. അതല്ലെങ്കില്‍ ബാബര്‍ അര്‍ധ സെഞ്ചുറി നേടിയാലും സൂര്യകുമാര്‍ അതിനേക്കാള്‍ ഇംപാക്‌ടുള്ള ഇന്നിംഗ്‌സ് കളിച്ചാലും മതി.
റാങ്കിംഗില്‍ പരിഗണിക്കുന്ന ഘടകങ്ങള്‍
രണ്ടാം ഇന്നിംഗ്‌സില്‍ കൂടുതല്‍ റണ്‍സ് നേടിയാല്‍ കൂടുതല്‍ പോയിന്‍റ് ലഭിക്കും. അര്‍ധ സെഞ്ചുറിക്കും സെഞ്ചുറിക്കും വ്യത്യസ്ത പോയിന്‍റുകളാണുള്ളത്. ടീമിനായി പ്രതിസന്ധി ഘട്ടത്തില്‍ റണ്‍സ് കണ്ടെത്തിയാല്‍ കൂടുതല്‍ റേറ്റിംഗ് ലഭിക്കും. ഉയര്‍ന്ന സ്‌കോറുകള്‍ പിറക്കുന്ന മത്സരങ്ങളേക്കാള്‍ കുറഞ്ഞ ടോട്ടലുള്ള മത്സരത്തിലാണ് ബാറ്റര്‍ക്ക് കൂടുതല്‍ പോയിന്‍റുകള്‍ ലഭിക്കുക. ടീം ജയിക്കുമ്പോള്‍ ടോപ് സ്‌കോററാവുന്ന ബാറ്റര്‍ക്ക് കൂടുതല്‍ പോയിന്‍റ് കിട്ടും. കരുത്തുറ്റ ടീമിനെതിരെയാണേല്‍ ബോണസ് പോയിന്‍റുമുണ്ട്. നോട്ടൗട്ടായാലും ബോണസ് പോയിന്‍റുണ്ട്.
റാങ്കിംഗില്‍ സ്വപ്നതുല്യ കുതിപ്പ്
ആദ്യ മത്സരം കളിക്കുമ്പോള്‍ 1178ാമതായിരുന്നു സൂര്യ. അഞ്ചാം മത്സരത്തിലെത്തിയപ്പോഴേക്കും റാങ്കിംഗ് 77 ആയി. പത്താം മത്സരത്തില്‍ ഇത് 66ഉം 15-ാം മത്സരത്തില്‍ 49ഉം ആയിരുന്നു സൂര്യയുടെ റാങ്കിംഗ്. എന്നാല്‍ ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ സെഞ്ചുറിയോടെ 20-ാം മത്സരമാകുമ്പോഴേക്കും റാങ്കിംഗില്‍ നാലാം സ്ഥാനത്തേക്ക് സൂര്യകുമാര്‍ കയറി. 22ാം മത്സരത്തില്‍ രണ്ടാം സ്ഥാനത്തുമെത്തി. ഇന്ത്യക്കായി ഇതുവരെ കളിച്ച 23 മത്സരങ്ങളില്‍ 38 റണ്‍സ് ശരാശരിയില്‍ 672 റണ്‍സാണ് സൂര്യയുടെ നേട്ടം. പ്രഹരശേഷിയാകട്ടെ 175.60 ആണ്. ഒരു സെഞ്ചുറിയും അഞ്ച് അര്‍ധസെഞ്ചുറിയും സൂര്യകുമാര്‍ നേടി.
കോലിക്കും രാഹുലിനും ശേഷം സൂര്യ
ഇന്ത്യന്‍ മുന്‍ നായകന്‍ വിരാട് കോലിക്കും(897), കെ എല്‍ രാഹുലിനും(816)നും ശേഷം ടി20 റാങ്കിംഗില്‍ 800 റേറ്റിംഗ് പോയന്‍റ് പിന്നിടുന്ന മൂന്നാമത്തെ മാത്രം ഇന്ത്യന്‍ ബാറ്റര്‍ കൂടിയാണ് സൂര്യകുമാര്‍. ടി20 ക്രിക്കറ്റില്‍ അരങ്ങേറി തന്‍റെ 22-ാം മത്സരത്തിലാണ് സൂര്യകുമാര്‍ രണ്ടാം റാങ്കിലേക്ക് ഉയര്‍ന്നത് എന്ന പ്രത്യേകതയുമുണ്ട്.
