നാലാം നമ്പറിലേക്ക് ബാറ്ററെ കണ്ടെത്താനാവാത്തത് തിരിച്ചടിയാണ് എന്ന് മുമ്പ് വ്യക്തമാക്കിയിട്ടുള്ള ഹിറ്റ്‌മാന്‍ ഇപ്പോള്‍ ഈ ചര്‍ച്ച തന്നെ അവസാനിപ്പിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത്

മുംബൈ: ഏകദിന ക്രിക്കറ്റ് ലോകകപ്പ് മുന്‍നില്‍ക്കേ ഇന്ത്യന്‍ ടീമിനെ ചൊല്ലി നടക്കുന്ന വലിയ ചര്‍ച്ച നാലാം നമ്പറിലാണ്. നാലാം നമ്പറിനെ ഇതിഹാസതുല്യമാക്കിയ യുവ്‌രാജ് സിംഗിന് ഒരു പിന്‍ഗാമിയെ കണ്ടെത്താന്‍ ഇന്ത്യയുടെ കഴിഞ്ഞകാല ടീമിനൊന്നും സാധിച്ചില്ല എന്ന വിമര്‍ശനം ശക്തമാണ്. എന്നാല്‍ നാലാം നമ്പര്‍ ചര്‍ച്ചയോട് സൗമ്യമായ നിലപാടല്ല ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മയ്‌ക്ക്. ഏകദിനത്തില്‍ നാലാം നമ്പറിലേക്ക് ബാറ്ററെ കണ്ടെത്താനാവാത്തത് തിരിച്ചടിയാണ് എന്ന് മുമ്പ് വ്യക്തമാക്കിയിട്ടുള്ള ഹിറ്റ്‌മാന്‍ ഇപ്പോള്‍ ഈ ചര്‍ച്ച തന്നെ അവസാനിപ്പിക്കുന്ന സമീപനമാണ് സ്വീകരിച്ചിരിക്കുന്നത്.

'നാലാം നമ്പര്‍ നമുക്കൊരു പ്രശ്‌നമാണ്. യുവിക്ക് ശേഷം ഒരു താരവും ആ പൊസിഷനില്‍ ഏറെക്കാലം കളിച്ചിട്ടില്ല. പരിക്കുകള്‍ ഉചിതനായ നാലാം നമ്പര്‍ താരത്തെ കണ്ടെത്തുന്നതിന് തടസമായി' എന്നും രോഹിത് നേരത്തെ വ്യക്തമാക്കിയതാണ്. എന്നാല്‍ ഏകദിന ലോകകപ്പിന് മുമ്പ് നടക്കുന്ന ഏഷ്യാ കപ്പിനുള്ള ടീം പ്രഖ്യാപനത്തില്‍ രോഹിത് പറഞ്ഞത് ഇങ്ങനെ. 'ഒരു ബാറ്റിംഗ് പൊസിഷനെ കുറിച്ച് മാത്രം ചര്‍ച്ച നടത്തുന്നതില്‍ കാര്യമില്ല. എല്ലാ ബാറ്റിംഗ് ക്രമവും നിര്‍ണായകമാണ്. പരിക്കുള്ളതിനാല്‍ ഏറെ കാര്യങ്ങള്‍ പരിഗണിക്കാനുണ്ട്. ഏതാണ് ടീമിന് ഉചിതമായ കോംപിനേഷന്‍ എന്ന് കണ്ടെത്തണം. എല്ലാ താരങ്ങള്‍ക്കും ഒരവസരം നല്‍കണം' എന്നും രോഹിത് ശര്‍മ്മ ഏഷ്യാ കപ്പ് ടീം പ്രഖ്യാപനത്തിന് ശേഷം പറഞ്ഞു. ടീം ഇന്ത്യ നാലാം നമ്പറില്‍ ഏറെ താരങ്ങളെ പരീക്ഷിച്ചത് വലിയ വിമര്‍ശനത്തിന് ഇടയാക്കിയ വിഷയമാണ്. 

2019ലെ കഴിഞ്ഞ ഏകദിന ലോകകപ്പ് മുതല്‍ വലിയ ചര്‍ച്ചാവിഷയമായ ബാറ്റിംഗ് നമ്പറാണ് നാല്. വിജയ് ശങ്കറെ വരെ പരീക്ഷിച്ച് പരാജയപ്പെട്ട സെലക്ട‍ര്‍മാര്‍ക്കും മാനേജ്‌മെന്‍റിനും യുവിക്ക് ശേഷം ദീര്‍ഘകാലത്തേക്ക് ഒരു താരത്തെ കണ്ടെത്താനായില്ല എന്നത് വസ്‌തുതയാണ്. ഏകദിനത്തില്‍ നാലാം നമ്പറില്‍ സ്ഥിരസാന്നിധ്യമായിരിക്കേ പരിക്ക് ശ്രേയസ് അയ്യര്‍ക്ക് തിരിച്ചടിയായി. വരുന്ന ഏഷ്യാ കപ്പിലേക്ക് ശ്രേയസ് മടങ്ങിവന്നത് നാലാം നമ്പര്‍ ചര്‍ച്ചകള്‍ക്ക് ഒരു പരിഹാരമായേക്കും. ശ്രേയസിന് പരിക്കേറ്റതോടെ പകരം പരീക്ഷിച്ച സൂര്യകുമാര്‍ യാദവിന് ഏകദിനത്തില്‍ തിളങ്ങാനായിരുന്നില്ല. ട്വന്‍റി 20യില്‍ പക്ഷേ പുത്തന്‍ താരം തിലക് വര്‍മ്മ നാലാം നമ്പറിലേക്ക് പ്രതീക്ഷ നല്‍കിക്കഴിഞ്ഞു. 

Read more: ലോകകപ്പ് അരികെ, യുവിക്ക് ശേഷം നാലാം നമ്പര്‍ താരമായിട്ടില്ല; വീഴ്‌ച സമ്മതിച്ച് രോഹിത് ശര്‍മ്മ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം