ഏഷ്യാ കപ്പില്‍ ഹോങ്കോംഗിനെതിരെ ബംഗ്ലാദേശിന് 143 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഹോങ്കോംഗ് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 143 റണ്‍സടിച്ചു.

അബുദാബി: ഏഷ്യാ കപ്പില്‍ ഹോങ്കോംഗിനെതിരെ ബംഗ്ലാദേശിന് 143 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഹോങ്കോംഗ് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 143 റണ്‍സടിച്ചു. 40 പന്തില്‍ 42 റണ്‍സെടുത്ത നിസാഖത്ത് ഖാനാണ് ഹോങ്കോംഗിന്‍റെ ടോപ് സ്കോറര്‍. ക്യാപ്റ്റൻ യാസിം മുര്‍താസ 19 പന്തില്‍ 28 റണ്‍സടിച്ചപ്പോള്‍ ഓപ്പണര്‍ സീഷാന്‍ അലി 34 പന്തില്‍ 30 റണ്‍സടിച്ചു.

View post on Instagram

തകര്‍ച്ചയോടെ തുടക്കം

ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ ഹോങ്കോംഗിന് രണ്ടാം ഓവറില്‍ തന്നെ ഓപ്പണര്‍ അൻഷുമാന്‍ റാത്തിനെ നഷ്ടമായി. 5 പന്തില്‍ നാലു റണ്‍സെടുത്ത റാത്തിനെ ടസ്കിന്‍ അഹമ്മദാണ് മടക്കിയത്. രണ്ടാം വിക്കറ്റില്‍ പിടിച്ചു നിന്ന സീഷാന്‍ അലിയും ബാബര്‍ ഹയാത്തും ചേര്‍ന്ന് ഹോങ്കോംഗിനെ 30 റണ്‍സിലെത്തിച്ചു.14 റണ്‍സെടുത്ത ബാബര്‍ ഹയാത്തിനെ ഹസന്‍ സാക്കിബ് വീഴ്ത്തിയെങ്കിലും മൂന്നാം വിക്കറ്റില്‍ 41 റണ്‍സ് കൂട്ടിച്ചേര്‍ത്ത സീഷാന്‍ അലി-നിസാഖത്ത് ഖാന്‍ സഖ്യം ഹോങ്കോംഗിനെ 71 റണ്‍സിലെത്തിച്ചു.

View post on Instagram

സീഷാന്‍ അലിയെ ഹസന്‍ സാക്കിബ് മടക്കിയെങ്കിലും ക്യാപ്റ്റന്‍ മുര്‍താസയെ കൂട്ടുപിടിച്ച് നിസാഖത്ത് ഖാന്‍ ഹോങ്കോംഗിനെ 100 കടത്തി. പതിനെട്ടാം ഓവറില്‍ മുര്‍താസ മടങ്ങിയെങ്കിലും പോരാട്ടം തുടര്‍ന്ന നിസാഖത്ത് ഖാന്‍ ഹോങ്കോംഗിന് ഭേദപ്പെട്ട സ്കോര്‍ സമ്മാനിച്ചു. ബംഗ്ലാദേശിനുവേണ്ടി ടസ്കിന്‍ അഹമ്മദും ഹസന്‍ സാക്കിബും റിഷാദ് ഹൊസൈനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ നാലോവറില്‍ 22 റണ്‍സ് വഴങ്ങിയ മുസ്തഫിസുര്‍ റഹ്മാന്‍ വിക്കറ്റൊന്നും ലഭിച്ചില്ല. ആദ്യ മത്സരത്തില്‍ ഹോങ്കോംഗ് അഫ്ഗാനിസ്ഥാനോട് 94 റണ്‍സിന്‍റെ കനത്ത തോല്‍വി വഴങ്ങിയിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക