ഏഷ്യാ കപ്പിലെ രണ്ടാമത്തെ ഫൈനലിസ്റ്റുകളെ തീരുമാനിക്കുന്ന നിർണായക മത്സരത്തിൽ ടോസ് നേടിയ ബംഗ്ലാദേശ് ഫീൽഡിംഗ് തിരഞ്ഞെടുത്തു. ഈ മത്സരത്തിൽ വിജയിക്കുന്ന ടീം ഞായറാഴ്ച നടക്കുന്ന ഫൈനലിൽ ഇന്ത്യയെ നേരിടും.

ദുബായ്: ഏഷ്യാ കപ്പിലെ ഫൈനലിസ്റ്റുകളെ നിര്‍ണയിക്കാനുള്ള ജീവന്‍ മരണ പോരാട്ടത്തില്‍ പാകിസ്ഥാനെതിരെ നിര്‍ണായക ടോസ് ജയിച്ച ബംഗ്ലാദേശ് ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. ഇന്ത്യയോട് ഇന്നലെ തോറ്റ ടീമില്‍ മൂന്ന് മാറ്റങ്ങളുമായാണ് ബംഗ്ലാദേശ് ഇറങ്ങുന്നത്. ക്യാപ്റ്റൻ ലിറ്റണ്‍ ദാസിന് പകരം ജേക്കര്‍ അലി തന്നെയാണ് ഇന്നും ബംഗ്ലാദേശിനെ നയിക്കുന്നത്. അതേസമയം, ശ്രീലങ്കയെ തോല്‍പിച്ച ടീമില്‍ മാറ്റങ്ങളൊന്നുമില്ലാതെയാണ് പാകിസ്ഥാൻ ഇറങ്ങുന്നത്.

ഇന്നത്തെ മത്സരത്തില്‍ ജയിക്കുന്നവര്‍ക്ക് ‌‌ഞായറാഴ്ച നടക്കുന്ന കിരീടപ്പോരില്‍ ഇന്ത്യയുമായി ഏറ്റുമുട്ടും. ഇന്ത്യയോട് തോറ്റ പാകിസ്ഥാനും ബംഗ്ലാദേശും ശ്രീലങ്കയെ തോല്‍പിച്ചു. ഇതോടെയാണ് ഇരുടീമും തമ്മിലുളള പോരാട്ടം നിര്‍ണായകമായത്. തോല്‍ക്കുന്ന ടീം പുറത്താവും. ഇരു ടീമുകളും ഇത്തവണ ഏഷ്യാകപ്പില്‍ ആദ്യമായിട്ടാണ് നേര്‍ക്കുനേര്‍ വരുന്നത്. ഇന്നലെ ബംഗ്ലാദേശിനെ 41 റണ്‍സിന് വീഴ്ത്തിയാണ് തുടര്‍ച്ചയായ രണ്ടാം ജയത്തോടെ ഇന്ത്യ ഏഷ്യാ കപ്പ് ഫൈനലിലെത്തിയത്. ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യ ഉയര്‍ത്തിയ 169 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ബംഗ്ലാദേശ് 19.3 ഓവറില്‍ 127 റണ്‍സിന് ഓള്‍ ഔട്ടായി.

ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം.

ബംഗ്ലാദേശ്: സെയ്ഫ് ഹസ്സൻ, പർവേസ് ഹൊസൈൻ ഇമോൺ, തൗഹിദ് ഹൃദോയ്, ഷമീം ഹൊസൈൻ, ജേക്കർ അലി(ക്യാപ്റ്റൻ), നൂറുൽ ഹസൻ, മെഹ്ദി ഹസൻ, റിഷാദ് ഹൊസൈൻ, ടസ്കിൻ അഹമ്മദ്, തൻസിം ഹസൻ സാക്കിബ്, മുസ്തഫിസുർ റഹ്മാൻ.

പാകിസ്ഥാന്‍: സാഹിബ്‌സാദ ഫർഹാൻ, ഫഖർ സമാൻ, സയിം അയൂബ്, സൽമാൻ ആഘ(ക്യാപ്റ്റൻ), ഹുസൈൻ തലാത്, മുഹമ്മദ് ഹാരിസ്, മുഹമ്മദ് നവാസ്, ഫഹീം അഷ്‌റഫ്, ഷഹീൻ അഫ്രീദി, ഹാരിസ് റൗഫ്, അബ്രാർ അഹമ്മദ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക