സിഡ്‌നി: സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഇന്ത്യന്‍ താരങ്ങള്‍ വംശീയാധിക്ഷേപം നേരിട്ട സംഭവം അപലപിച്ച് അന്താരാഷ്‌ട്ര ക്രിക്കറ്റ് കൗണ്‍സില്‍(ഐസിസി). സംഭവത്തില്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയയോട് വിശദമായ റിപ്പോര്‍ട്ട് ഐസിസി ആവശ്യപ്പെട്ടു. 

'ക്രിക്കറ്റില്‍ വിവേചനങ്ങള്‍ക്ക് സ്ഥാനമില്ല. ചെറിയൊരു വിഭാഗം കാണികള്‍ ഇന്ത്യന്‍ താരങ്ങളെ വംശീയാധിക്ഷേപം നടത്തിയത് അതീവ നിരാശരാക്കുന്നു. അംഗ രാജ്യങ്ങളും ആരാധകരും പാലിക്കേണ്ട ഒരു സമഗ്ര വിവേചന വിരുദ്ധ നയം നമുക്കുണ്ട്. ഗ്രൗണ്ട് അധികൃതരും ക്രിക്കറ്റ് ഓസ്‌ട്രേലിയയും സ്വീകരിച്ച നടപടിയെ സ്വാഗതം ചെയ്യുന്നു. സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയക്കും അധികൃതര്‍ക്കും എല്ലാ പിന്തുണയും നല്‍കും. ക്രിക്കറ്റില്‍ വംശീയത അംഗീകരിക്കുന്ന പ്രശ്നമില്ല' എന്നും ഐസിസി വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. 

മുഹമ്മദ് സിറാജിന് നേരെ വീണ്ടും വംശീയാധിക്ഷേപം; ഓസ്‌ട്രേലിയന്‍ ആരാധകരെ പുറത്താക്കി

സിഡ്‌നി ക്രിക്കറ്റ് ടെസ്റ്റില്‍ രണ്ട് തവണയാണ് ഇന്ത്യന്‍ താരങ്ങള്‍ക്ക് നേരെ ഓസ്‌ട്രേലിയന്‍ ആരാധകരില്‍ ചിലര്‍ അധിഷേപങ്ങള്‍ നടത്തിയത്. മൂന്നാംദിനം പേസര്‍മാരായ മുഹമ്മദ് സിറാജും ജസ്‌പ്രീത് ബുമ്രയും വംശീയാധിക്ഷേപം നേരിട്ടതാണ് ആദ്യ സംഭവം. പിന്നാലെ ഇന്ത്യന്‍ ടീം ഐസിസി മാച്ച് റഫറി ഡേവിഡ് ബൂണിന് പരാതി നല്‍കി. പരാതിയിന്‍മേല്‍ ഐസിസി അന്വേഷണം ആരംഭിച്ചിരുന്നു. 

നാലാം ദിനവും മുഹമ്മദ് സിറാജ് അധിക്ഷേപങ്ങള്‍ നേരിട്ടു. ഇതോടെ മത്സരം കുറച്ച് സമയത്തേക്ക് തടസപ്പെടുകയുണ്ടായി. സിറാജും നായകന്‍ അജിങ്ക്യ രഹാനെയും ഫീല്‍ഡ് അംപയര്‍മാരോട് പരാതിപ്പെട്ടതിനെ തുടര്‍ന്ന് ആരോപണവിധേയരായ ആറ് കാണികളെ പൊലീസെത്തി സ്റ്റേഡിയത്തില്‍ നിന്ന് പുറത്താക്കി. ഈസമയം ക്രീസിലുണ്ടായിരുന്ന ഓസീസ് നായകന്‍ ടിം പെയ്‌ന്‍ വിഷയത്തില്‍ ഇടപെടുകയും ഇന്ത്യന്‍ താരങ്ങളെ പിന്തുണയ്‌ക്കുകയും ചെയ്തത് ശ്രദ്ധേയമായി. 

ഇന്ത്യന്‍ താരങ്ങള്‍ വംശീയാധിക്ഷേപം നേരിട്ടതില്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയ മാപ്പ് പറഞ്ഞിട്ടുണ്ട്. സംഭവത്തില്‍ ന്യൂസൗത്ത് വെയ്‌ല്‍സ് പൊലീസ് അന്വേഷണം ആരംഭിച്ചു. നേരത്തെ മെല്‍ബണ്‍ ടെസ്റ്റിനിടെയും വംശീയാധിക്ഷേപ പരാതിയുയര്‍ന്നിരുന്നു. 

സിറാജിനെതിരായ വംശീയാധിക്ഷേപം; മാപ്പ് പറഞ്ഞ് ക്രിക്കറ്റ് ഓസ്‌ട്രേലിയ, അന്വേഷണം ആരംഭിച്ചു