സിഡ്‌നി: സിഡ്‌നി ടെസ്റ്റിന്‍റെ ആദ്യ ഇന്നിംഗ്‌സില്‍ പ്രതിരോധിത്തിലൂന്നിയ ഇന്നിംഗ്‌സാണ് ചേതേശ്വര്‍ പൂജാര കാഴ്‌ചവെച്ചത്. അര്‍ധ സെഞ്ചുറി നേടിയെങ്കിലും ഇതിന് 174 പന്തുകള്‍ വേണ്ടിവന്നു. സാവധാനം സ്‌കോര്‍ ചെയ്യുന്നതില്‍ പൂജാര രൂക്ഷ വിമര്‍ശനം നേരിടുന്നതിനിടെ ഉപദേശവുമായി രംഗത്തെത്തി ഓസീസ് ഇതിഹാസം റിക്കി പോണ്ടിംഗ്. 

'പൂജാരയുടേത് ശരിയായ സമീപനമാണ് എന്ന് തോന്നുന്നില്ല. സ്‌കോറിംഗ് റേറ്റ് കൂട്ടുന്നതില്‍ കുറച്ചുകൂടി താല്‍പര്യം കാട്ടേണ്ടിയിരിക്കുന്നു എന്ന് തോന്നുന്നു. കാരണം പൂജാരയുടെ കളി സഹതാരങ്ങളില്‍ വലിയ സമ്മര്‍ദം സൃഷ്‌ടിക്കുന്നതായി തോന്നുന്നു' എന്നുമാണ് ട്വിറ്ററില്‍ ആരാധകന്‍റെ ചോദ്യത്തിന് വിഖ്യാത താരത്തിന്‍റെ പ്രതികരണം. 

തന്‍റെ ടെസ്റ്റ് കരിയറിലെ ഏറ്റവും വേഗം കുറഞ്ഞ അര്‍ധ സെഞ്ചുറിയാണ് പൂജാര സിഡ്‌നിയില്‍ നേടിയത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 2018ല്‍ ജൊഹന്നസ്‌ബര്‍ഗില്‍ 173 പന്തില്‍ അമ്പത് തികച്ചതായിരുന്നു നേരത്തെയുണ്ടായിരുന്ന റെക്കോര്‍ഡ്. റാഞ്ചിയില്‍ 2017ല്‍ ഓസ്‌ട്രേലിയക്കെതിരെ 155 പന്തില്‍ നേടിയ അര്‍ധ സെഞ്ചുറിയാണ് ഇക്കാര്യത്തില്‍ മൂന്നാമത്. 

53 പന്തില്‍ 9 റണ്‍സെന്ന നിലയിലാണ് സിഡ്‌നിയില്‍ മൂന്നാംദിനം പൂജാര ബാറ്റിംഗിനിറങ്ങിയത്. ഓസ്‌ട്രേലിയയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 338 റണ്‍സ് പിന്തുടരവേ ഹനുമ വിഹാരിക്കൊപ്പം 52 റണ്‍സും റിഷഭ് പന്തിനൊപ്പം 57 റണ്‍സ് കൂട്ടുകെട്ടും സൃഷ്‌ടിച്ചു. എന്നാല്‍ അര്‍ധ സെഞ്ചുറിക്ക് രണ്ട് പന്തുകള്‍ പിന്നാലെ പൂജാര ഔട്ടായി. പാറ്റ് കമ്മിന്‍സിന്‍റെ മികച്ചൊരു പന്തില്‍ വിക്കറ്റ് കീപ്പര്‍ ടിം പെയ്‌ന്‍ ക്യാച്ചെടുത്ത് പുറത്താക്കുകയായിരുന്നു. 

ഇന്ത്യന്‍ ബാറ്റിങ് നിരയുടെ നട്ടെല്ലൊടിച്ച് കമ്മിന്‍സ്; ഓസീസിന് ഒന്നാം ഇന്നിങ്‌സ് ലീഡ്