സിഡ്‌നി: ഓസ്‌ട്രേലിയൻ ടെസ്റ്റ് ടീമില്‍ നായകൻ ടിം പെയ്‌ന്‍റെ നാളുകൾ എണ്ണിത്തുടങ്ങിയെന്ന് ഇന്ത്യന്‍ ഇതിഹാസം സുനിൽ ഗാവസ്‌കർ. സിഡ്‌നി ക്രിക്കറ്റ് ടെസ്റ്റില്‍ നാലാം ഇന്നിംഗ്സിൽ 131 ഓവ‍ർ പന്തെറിഞ്ഞിട്ടും ഇന്ത്യയെ പുറത്താക്കാൻ കഴിയാതിരുന്നത് പെയ്ന്‍റെ കഴിവുകേടാണാണ് എന്നാണ് ഗാവസ്‌കറുടെ വിമര്‍ശനം. സിഡ്‌നിയില്‍ അശ്വിനെ പെയ്‌ന്‍ സ്ലെഡ്‌ജ് ചെയ്തതിനേയും മുന്‍താരം വിമര്‍ശിച്ചു. 

'ഓസീസ് നായകന്റെ ബൗളിംഗ് മാറ്റങ്ങളും ഫീൽഡിംഗ് നിയന്ത്രണങ്ങളുമെല്ലാം തീ‍ർത്തും പാളിപ്പോയി. ഇതിന് പുറമേ നിർണായക ക്യാച്ചുകൾ പാഴാക്കുകയും ചെയ്തു. രവിചന്ദ്ര അശ്വിനോട് പെറുമാറിയ രീതി ക്യാപ്റ്റൻ എന്ന നിലയിൽ ഒരിക്കലും അംഗീകരിക്കാൻ കഴിയാത്ത കാര്യമാണ്' എന്നും ഗാവസ്‌കർ പറഞ്ഞു. നിര്‍ണായക ക്യാച്ചുകള്‍ പെയ്‌ന്‍ പാഴാക്കിയത് മത്സരം സമനിലയിലാകുന്നതില്‍ നിര്‍ണായകമായിരുന്നു. 

അശ്വിനെ സ്ലെഡ്‌ജ് ചെയ്തു പെയ്‌ന്‍

സിഡ്‌നി ടെസ്റ്റിനിടെ അശ്വിനെ സ്ലെഡ്‌ജ് ചെയ്തിരുന്നു ടിം പെയ്‌ന്‍. എന്നാല്‍ വായടപ്പിക്കുന്ന മറുപടി അശ്വിന്‍ ഉടനടി കൊടുത്തു. ''ഒരുപാട് കാത്തിരിക്കാന്‍ വയ്യ, നിങ്ങളെ ഗബ്ബയില്‍ നേരിടുന്നത്.'' എന്നായിരുന്നു അശ്വിന്‍റെ പേരെടുത്ത് വിളിച്ച് പെയ്ന്‍റെ കളിയാക്കല്‍. ''നിങ്ങള്‍ ഇന്ത്യയിലേക്ക് കളിക്കാന്‍ വരുന്നത് കാത്തിരിക്കാനാവുന്നില്ല. അത് നിങ്ങളുടെ അവസാനത്തെ പരമ്പര ആയിരിക്കും'' എന്നായിരുന്നു ഇതിന് അശ്വിന്‍റെ കലക്കന്‍ മറുപടി. 

ആരാധകര്‍ക്ക് ഞെട്ടല്‍; ഓസീസിനെതിരായ അവസാന ടെസ്റ്റില്‍ നിന്ന് ബുമ്രയും പുറത്ത്

സിഡ്‌നിയിലെ നാലാം ഇന്നിംഗ്‌സില്‍ ഓസീസ് മുന്നോട്ടുവച്ച 407 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 131 ഓവറുകള്‍ ബാറ്റ് ചെയ്ത് സമനില എത്തിപ്പിടിക്കുകയായിരുന്നു. അഞ്ച് വിക്കറ്റുകള്‍ മാത്രമേ ഇന്ത്യ നഷ്‌ടപ്പെടുത്തിയുള്ളൂ. റിഷഭ് പന്ത്, ഹനുമ വിഹാരി, രവിചന്ദ്ര അശ്വിന്‍, രവീന്ദ്ര ജഡേജ, ജസ്‌പ്രീത് ബുമ്ര എന്നിവരുടെ പരിക്കിനെയും ഓസീസ് ബൗളിംഗ് ആക്രണത്തേയും മറികടന്നാണ് ഇന്ത്യന്‍ സമനില പിടിച്ചത്. 

വന്‍മതിലായി അശ്വിനും

രോഹിത് ശര്‍മ്മയും(52), ശുഭ്‌മാന്‍ ഗില്ലും(31) മികച്ച തുടക്കം നല്‍കിയപ്പോള്‍ നായകന്‍ അജിങ്ക്യ രഹാനെ നാല് റണ്‍സില്‍ പുറത്തായി. എന്നാല്‍ തകര്‍പ്പന്‍ അര്‍ധ സെ‍ഞ്ചുറികളുമായി പൂജാരയും(205 പന്തില്‍ 77 റണ്‍സ്), റിഷഭും(118 പന്തില്‍ 97) ഇന്ത്യയെ കയകയറ്റി. പിന്നാലെ അശ്വിന്‍-വിഹാരി സഖ്യത്തിന്‍റെ ഐതിഹാസിക ചെറുത്തുനില്‍പ് ഇന്ത്യക്ക് അര്‍ഹിച്ച സമനില സമ്മാനിക്കുകയായിരുന്നു. ഇരുവരും ആറാം വിക്കറ്റില്‍ പുറത്താകാതെ 259 പന്തില്‍ 62 റണ്‍സ് ചേര്‍ത്തു.

ജഡേജയ്‌ക്ക് ഇന്ന് ശസ്‌ത്രക്രിയ; ബ്രിസ്‌ബേൻ ടെസ്റ്റിൽ പേസര്‍ പകരക്കാരനായേക്കും

അഞ്ചാംദിനം അവസാനിക്കാന്‍ ഒരോവര്‍ ബാക്കിനില്‍ക്കേ ഓസീസ് സമനില സമ്മതിച്ചപ്പോള്‍ അശ്വിന്‍ 128 പന്തില്‍ 39 റണ്‍സുമായും വിഹാരി 161 പന്തില്‍ 23 റണ്‍സുമായും പുറത്താകാതെ നില്‍പ്പുണ്ടായിരുന്നു. നാല് ടെസ്റ്റുകളുടെ പരമ്പരയില്‍ ഇരു ടീമും ഓരോ മത്സരങ്ങള്‍ ജയിച്ച് സമനില(1-1) പാലിക്കുകയാണ്. ബ്രിസ്‌ബേനില്‍ 15-ാം തീയതി ആരംഭിക്കുന്ന അവസാന ടെസ്റ്റ് പരമ്പര ജേതാക്കളെ തീരുമാനിക്കും. 

സിഡ്‌നി തുണച്ചു! ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ സ്ഥാനം നിലനിര്‍ത്തി; കനത്ത വെല്ലുവിളിയുമായി കിവീസ്