സിഡ്‌നി: ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യന്‍ ടീമിന് പരിക്കിന്‍റെ അടുത്ത പ്രഹരം. ബ്രിസ്‌ബേനില്‍ നടക്കേണ്ട അവസാന ടെസ്റ്റില്‍ സ്റ്റാര്‍ പേസര്‍ ജസ്‌പ്രീത് ബുമ്രയും കളിക്കില്ലെന്ന് വാര്‍ത്ത ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. സിഡ്‌നി ടെസ്റ്റില്‍ ഫീല്‍ഡിംഗിനിടെയേറ്റ പരിക്കാണ് ബുമ്രയ്‌ക്ക് തിരിച്ചടിയായത്. ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയും മധ്യനിര ബാറ്റ്സ്‌മാന്‍ ഹനുമ വിഹാരിയും ബ്രിസ്‌ബേനില്‍ കളിക്കില്ലെന്ന് നേരത്തെ വ്യക്തമായിരുന്നു. 

ജഡേജയ്‌ക്ക് ഇന്ന് ശസ്‌ത്രക്രിയ; ബ്രിസ്‌ബേൻ ടെസ്റ്റിൽ പേസര്‍ പകരക്കാരനായേക്കും

അടുത്ത മാസം ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത് കൂടി പരിഗണിച്ചാണ് ബുമ്രക്ക് വിശ്രമം അനുവദിക്കാനുള്ള ബിസിസിഐയുടെ തീരുമാനം എന്നാണ് റിപ്പോര്‍ട്ട്. ഇംഗ്ലണ്ടിനെതിരായ നാല് ടെസ്റ്റുകളിലുടെ പരമ്പരയില്‍ ബുമ്ര കളിക്കുമെന്നാണ് പ്രതീക്ഷയെന്ന് ബിസിസിഐ വൃത്തങ്ങള്‍ പിടിഐയോട് പറഞ്ഞു. 

ബുമ്രയും പരിക്കേറ്റ് വിശ്രമിക്കുന്നതോടെ രണ്ട് മത്സരങ്ങളുടെ മാത്രം പരിചയസമ്പത്തുള്ള മുഹമ്മദ് സിറാജ് ആകും ബ്രിസ്‌ബേന്‍ ടെസ്റ്റില്‍ ഇന്ത്യന്‍ പേസാക്രണം നയിക്കുക. ഇതേ പര്യടനത്തിനിടെ ഏകദിനത്തിലും ടി20യിലും അരങ്ങേറിയ ടി. നടരാജന് ടെസ്റ്റ് അരങ്ങേറ്റത്തിനും അവസരമൊരുങ്ങും എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇരുവരേയും കൂടാതെ നവ്‌ദീപ് സൈനിയും ഷാര്‍ദുല്‍ താക്കൂറും പേസര്‍മാരായി ഇടംപിടിക്കും. രവീന്ദ്ര ജഡേജയ്‌ക്ക് പകരമാണ് താക്കൂര്‍ എത്തുക. 

ഇന്ത്യക്ക് അടുത്ത തിരിച്ചടി; വിഹാരി അവസാന ടെസ്റ്റിനില്ല; ഇംഗ്ലണ്ട് പരമ്പരയും നഷ്‌ടമാകും