സിഡ്‌നി: ഓസ്‌ട്രേലിയ-ഇന്ത്യ മൂന്നാം ടെസ്റ്റിന്‍റെ അവസാന ദിനം സിഡ്‌നി പിച്ചില്‍ ഇന്ത്യന്‍ താരം റിഷഭ് പന്തിന്‍റെ ഗാര്‍ഡ് മാര്‍ക് ഓസീസ് മുന്‍ നായകന്‍ സ്റ്റീവ് സ്‌മിത്ത് മായ്‌ക്കുന്നതായുള്ള വീഡിയോ വലിയ വിവാദമായിരുന്നു. സംഭവത്തില്‍ സ്‌മിത്ത് വലിയ പ്രതിഷേധം നേരിടുമ്പോള്‍ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഓസീസ് നായകന്‍ ടിം പെയ്‌ന്‍. സ്‌മിത്തിനെ പൂര്‍ണമായും സംരക്ഷിക്കുകയാണ് പെയ്‌ന്‍.

'ഞാന്‍ സ്‌മിത്തിനോട് സംസാരിച്ചിരുന്നു. കാര്യങ്ങളെ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതില്‍ അദേഹം നിരാശനാണ്. സ്‌മിത്ത് ടെസ്റ്റ് മത്സരങ്ങള്‍ കളിക്കുന്നത് കാണുന്നവര്‍ക്ക് അറിയാം.അദേഹം എപ്പോഴും ഗാര്‍ഡ് അടയാളപ്പെടുത്താറുണ്ട്. ക്രീസില്‍ എത്തുമ്പോഴൊക്കെ അദേഹം ഷാഡോ ബാറ്റിംഗ് നടത്താറുണ്ട്'. 

'സ്‌മിത്ത് മനപ്പൂര്‍വം പന്തിന്‍റെ ഗാര്‍ഡ് മായ്‌ക്കാന്‍ ശ്രമിക്കുകയായിരുന്നില്ല. അങ്ങനെയായിരുന്നു എങ്കില്‍ ഇന്ത്യന്‍ താരങ്ങള്‍ അപ്പോള്‍ തന്നെ പ്രശ്‌നമുണ്ടാക്കുമായിരുന്നു. മൈതാനത്ത് എത്തുമ്പോഴൊക്കെ ക്രീസിലെത്തി എങ്ങനെയാണ് കളിക്കാന്‍ പോകുന്നതെന്ന് സാങ്കല്‍പിക പരിശീലനം നടത്തുന്നത് അദേഹത്തിനൊപ്പം കളിച്ച ടെസ്റ്റ് മത്സരങ്ങളിലും ഷെഫീല്‍ഡ് ഷീല്‍ഡ് മത്സരങ്ങളിലും കണ്ടിട്ടുണ്ട്. സ്‌മിത്തിനുള്ള ഒരു ശീലം തെറ്റായ രീതിയില്‍ ചര്‍ച്ചയാവുകയായിരുന്നു' എന്നുമാണ് പെയ്‌ന്‍റെ മറുപടി. 

സിഡ്‌നിയിലെ അഞ്ചാംദിനം ഡ്രിങ്ക്‌സ് ഇടവേളയ്‌ക്കിടെയായിരുന്നു വിവാദ സംഭവം. ഇടവേളയ്‌ക്കിടെ ക്രീസിലെത്തിയ ഒരു താരം ഷൂ കൊണ്ട് ഗാര്‍ഡ് മാര്‍ക്ക് മായ്‌ക്കാന്‍ ശ്രമിക്കുന്നതായിരുന്നു വീഡിയോയില്‍. തൊട്ടുപിന്നാലെ ക്രീസിലെത്തിയ റിഷഭ് വരയ്‌ക്കായി തെരയുന്നതും വീഡിയോയില്‍ കാണാം. എന്നാല്‍ മുന്‍പ് വരച്ച വര അദേഹത്തിന് കണ്ടെത്താനായില്ല. വര വികൃതമാക്കുന്ന താരത്തിന്‍റെ മുഖം ക്യാമറയില്‍ വ്യക്തമല്ലെങ്കിലും ജഴ്‌സി നമ്പര്‍ 49 ആണെന്ന് തെളിഞ്ഞതോടെ ആരാധകര്‍ സ്‌മിത്തിന് നേര്‍ക്ക് തിരിയുകയായിരുന്നു. 

ഇതിന് പിന്നാലെ സ്‌മിത്തിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് മുന്‍ താരങ്ങള്‍ ഉള്‍പ്പടെ ഉയര്‍ത്തിയത്. ഇന്ത്യക്കെതിരെ എല്ലാ തന്ത്രങ്ങളും സ്‌മിത്ത് പുറത്തെടുത്തു എന്ന് കടന്നാക്രമിച്ചു ഇതിഹാസ ഓപ്പണര്‍ വീരേന്ദര്‍ സെവാഗ്. ഷൂ പല കാര്യങ്ങള്‍ക്ക് ഉപയോഗിക്കാം, എതിര്‍ താരത്തിന്‍റെ ഗാര്‍ഡ് മാര്‍ക്ക് മായിക്കാനും...എന്നായിരുന്നു ആകാശ് ചോപ്രയുടെ പ്രതികരണം. ഇംഗ്ലീഷ് മുന്‍ നായകന്‍ മൈക്കല്‍ വോണും സ്‌മിത്തിനെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തി. 

അതേസമയം സിഡ്‌നിയില്‍ അവസാന ഇന്നിംഗ്‌സില്‍ 131 ഓവറുകള്‍ പ്രതിരോധിച്ച് ഇന്ത്യ ഐതിഹാസിക സമനില നേടിയപ്പോള്‍ തകര്‍പ്പന്‍ അര്‍ധ സെഞ്ചുറി നേടിയ റിഷഭ് പന്തിന്‍റെ ഇന്നിഗ്‌സ് നിര്‍ണായകമായിരുന്നു. അഞ്ചാമനായി ക്രീസിലെത്തി 118 പന്തില്‍ 12 ഫോറും മൂന്ന് സിക്‌സും സഹിതം താരം 97 റണ്‍സെടുത്തു. 

വീണ്ടും സ്‌മിത്തിന്‍റെ ചതിയന്‍ പ്രയോഗം? പന്തിന്‍റെ ഗാര്‍ഡ് മാര്‍ക്ക് മായ്‌ക്കാന്‍ ശ്രമിച്ചതായി വീഡിയോ, വിവാദം