മാത്യു വെയ്ഡ് 26 പന്തില്‍ 26 റണ്‍സെടുത്തപ്പോള്‍ റിച്ചാര്‍ഡ്സണ്‍ 20 പന്തില്‍ 9 റണ്‍സെടുത്തു. 24 റണ്‍സെടുത്ത ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചും 21 റണ്‍സെടുത്ത ഡേവിഡ് വാര്‍ണറും ഓസിസിനായി തിളങ്ങി.
കൊളംബോ: ശ്രീലങ്കക്കെതിരായ രണ്ടാം ടി20 മത്സരത്തില്‍ ഓസീസിന് മൂന്ന് വിക്കറ്റിന്‍റെ (Sri Lanka vs Australia)ആവേശജയം. ശ്രീലങ്ക ഉയര്‍ത്തി 125 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസീസ് മികച്ച തുടക്കത്തിനുശേഷം വാനിന്ദു ഹസരങ്കയുടെ(Wanindu Hasaranga) സ്പിന്നിന് മുന്നില്‍ പകച്ചെങ്കിലും മാത്യു വെയ്ഡിന്‍റെയും ജെയ് റിച്ചാര്‍ഡ്സന്‍റെ പോരാട്ടവീര്യത്തിലൂടെ വിജയം പിടിച്ചെടുത്തു. 99-7 എന്ന സ്കോറില്‍ പതറിയ ഓസീസിനെ ഇരുവരും ചേര്‍ന്ന പിരിയാത്ത എട്ടാം വിക്കറ്റ് കൂട്ടുകെട്ടാണ് ജയത്തിലേക്ക് നയിച്ചത്.
മാത്യു വെയ്ഡ് 26 പന്തില്‍ 26 റണ്‍സെടുത്തപ്പോള്‍ റിച്ചാര്‍ഡ്സണ്‍ 20 പന്തില്‍ 9 റണ്‍സെടുത്തു. 24 റണ്‍സെടുത്ത ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചും 21 റണ്‍സെടുത്ത ഡേവിഡ് വാര്‍ണറും ഓസിസിനായി തിളങ്ങി. ശ്രീലങ്കക്കായി വാനിന്ദു ഹസരങ്ക നാലു വിക്കറ്റ് വീഴ്ത്തി. ജയത്തോടെ മൂന്ന് മത്സര പരമ്പര ഓസീസ് 2-0ന് സ്വന്തമാക്കി. സ്കോര്‍ ശ്രീലങ്ക 20 ഓവറില്‍ 124-9, ഓസ്ട്രേലിയ 17.5 ഓവറില്‍ 126-7.
തകര്‍പ്പന്‍ തുടക്കം പിന്നെ തകര്‍ച്ച
ലങ്ക ഉയര്‍ത്തിയ 125 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചും ഡേവിഡ് വാര്‍ണറും ചേര്‍ന്ന് തകര്‍പ്പന്‍ തുടക്കമാണ് ഓസീസിന് നല്‍കിയത്. ഓപ്പണിംഗ് വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 2.4 ഓവറില്‍ 33 റണ്‍സടിച്ചതോടെ ആദ്യ മത്സരത്തിലേതുപോലെ ഓസീസ് അതിവേഗം ലക്ഷ്യത്തിലെത്തുമെന്ന് കരുതി. എന്നാല്‍ ഫിഞ്ചിനെ(13 പന്തില്‍ 24)വീഴ്ത്തി ഹസരങ്ക ഓസീസിന്‍റെ കുതിപ്പ് തടഞ്ഞു. മിച്ചല്‍ മാര്‍ഷും വാര്‍ണറും ചേര്‍ന്ന് ഓസീസിനെ 4.4 ഓവറില്‍ 50 കടത്തി.
കറക്കി വീഴ്ത്തി ഹസരങ്ക
ഫിഞ്ചിന് പിന്നാലെ മിച്ചല്‍ മാര്‍ഷിനെ(ഏഴ് പന്തില്‍ 11)ഹസരങ്ക മടക്കുകയും സ്റ്റീവ് സ്മിത്തിനെ(5) തുഷാര പുറത്താക്കുകയും ഡേവിഡ് വാര്‍ണര്‍(10 പന്തില്‍ 21) റണ്ണൗട്ടാവുകയും ചെയ്തതോടെ ഓസീസ് 64-4ലേക്ക് വീണു. ഗ്ലെന്‍ മാക്സ്‌വെല്ലും മാര്‍ക്കസ് സ്റ്റോയിനിസും ചേര്‍ന്ന് ഓസീസിനെ ലക്ഷ്യത്തിലെത്തിക്കുമെന്ന് കരുതിയെങ്കിലും മാക്സ്‌വെല്ലിനെ(19)യും ആഷ്ടണ്‍ ആഗറിനെയും(0) ഹസരങ്കയും സ്റ്റോയിനിസിനെ(9) ചമീരയും വീഴ്ത്തിയതോടെ ഓസീസ് തോല്‍വി മുന്നില്‍ കണ്ടു. എന്നാല്‍ വാലറ്റക്കാരന്‍ ജെയ് റിച്ചാര്‍ഡ്സണെ കൂട്ടുപിടിച്ച് മാത്യു വെയ്ഡ് നടത്തിയ പോരാട്ടം ഓസീസിനെ ലക്ഷ്യത്തിലെത്തിച്ചു. ലങ്കക്കായി ഹസരങ്ക നാലോവറില്‍ 33 റണ്‍സിന് നാലു വിക്കറ്റെടുത്തപ്പോള്‍ ചമരയും തുഷാരയും ഓരോ വിക്കറ്റ് വീഴ്ത്തി.
നേരത്തെ ടോസിലെ നിര്‍ഭാഗ്യം ബാറ്റിംഗിലും ലങ്കയെ പിടികൂടിയപ്പോള്‍ 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 124 റണ്‍സെടുക്കാനെ ആതിഥേയര്‍ക്കായുള്ളു. സ്കോര്‍ ബോര്‍ഡില്‍ ഏഴ് റണ്‍സെത്തിയപ്പോഴേക്കും ഓപ്പണര്‍മാരായ പാതും നിസങ്കയും(3), ഗുണതിലകയും(4) ഡ്രസ്സിംഗ് റൂമില്‍ തിരിച്ചെത്തി. മൂന്നാം വിക്കറ്റില്‍ അസലങ്കയും കുശാല്‍ മെന്‍ഡിസും ചേര്‍ന്ന് അര്‍ധസെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തി ലങ്കയെ മികച്ച സ്കോറിലേക്ക് നയിച്ചു. എന്നാല്‍ അസലങ്കയെ(36 പന്തില്‍ 39) മാക്സ്‌വെല്ലും മെന്‍ഡിസിനെ(36 പന്തില്‍ 36) ജെയ് റിച്ചാര്‍ഡ്സണും മടക്കിയതോടെ ആദ്യ ടി20യിലേതുപോലെ ലങ്ക അവിശ്വസനീയമായി തകര്‍ന്നു.
ടി20: വാര്‍ണര്‍ ഷോയില്‍ ശ്രീലങ്കക്കെതിരെ ഓസീസിന് 10 വിക്കറ്റ് ജയം
ഭാനുക രാജപക്ഷെ(13), ക്യാപ്റ്റന്‍ ഷനക(14), വാനിന്ദു ഹസരങ്ക(12) എന്നിവര്‍ മികച്ച തുടക്കം മുതലക്കാനാവാതെ മടങ്ങി. അവസാന ഏഴ് പന്തില്‍ നാലു വിക്കറ്റുകലാണ് ലങ്കക്ക് നഷ്ടമായത്. ഇന്നിംഗ്സിലെ അഴസാന ഓവറില്‍ കെയ്ന്‍ റിച്ചാര്‍ഡ്സണ്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി ലങ്കയെ 124ല്‍ തളച്ചു.
