എട്ട് മത്സരങ്ങള്‍ കളിച്ച ഓസ്ട്രേലിയ അഞ്ച് ജയവും രണ്ട് തോല്‍വിയും ഒരു സമനിലയും അടക്കം 54 പോയന്‍റും 56.25 വിജയശതമാനവുമായാണ് ഒന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നത്.
ദുബായ്: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയന്‍റ് ടേബിളില്‍ ഓസ്ട്രേലിയ വീണ്ടും ഒന്നാമത്. ദക്ഷിണാഫ്രിക്കക്കെതിരായ കേപ്ടൗണ്‍ ടെസ്റ്റില്‍ ജയിച്ച് ഒന്നാം സ്ഥാനത്തെത്തിയ ഇന്ത്യയെ ഒരു ദിവസത്തിനുള്ളില്‍ പിന്തള്ളിയാണ് ഓസ്ട്രേലിയ ഒന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നത്. പാകിസ്ഥാനെതിരായ അവസാന ടെസ്റ്റിലും ജയിച്ച് മൂന്ന് മത്സര പരമ്പര ഓസ്ട്രേലിയ 3-0ന് സ്വന്തമാക്കിയതോടെയാണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയന്‍റ് ടേബിളിലെ ഇന്ത്യയുടെ ഒന്നാം സ്ഥാനം ഒരു ദിവസം കൊണ്ട് നഷ്ടമായത്.
എട്ട് മത്സരങ്ങള്‍ കളിച്ച ഓസ്ട്രേലിയ അഞ്ച് ജയവും രണ്ട് തോല്‍വിയും ഒരു സമനിലയും അടക്കം 54 പോയന്‍റും 56.25 വിജയശതമാനവുമായാണ് ഒന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നത്. നാലു മത്സരങ്ങള്‍ കളിച്ച ഇന്ത്യ രണ്ട് ജയവും ഒരു തോല്‍വിയും ഒരു സമനിലയുമായി 26 പോയന്‍റും 54.16 വിജയശതമാനവുമായി രണ്ടാം സ്ഥാനത്താണ്. ഓസ്ട്രേലിയക്കെതിരായ സമ്പൂര്‍ണ തോല്‍വിയോടെ പാകിസ്ഥാന്‍ ആറാം സ്ഥാനത്തേക്ക് വീണു.
രണ്ട് മത്സരങ്ങള്‍ മാത്രം കളിച്ച ദക്ഷിണാഫ്രിക്ക ഒരു ജയവും ഒരു തോല്‍വിയും 50 വിജയശതമാനവുമായിമൂന്നാം സ്ഥാനത്തുള്ളപ്പോള്‍ ന്യൂസിലന്‍ഡ് ഇതേ പോയന്‍റും വിജയശതമാനവുമായി നാലാം സ്ഥാനത്തുണ്ട്. ബംഗ്ലാദേശ്, പാകിസ്ഥാന്‍, വെസ്റ്റ് ഇന്‍ഡീസ് ടീമുകളാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.
ഇന്ത്യക്കെതിരായ അഞ്ച് മത്സര ടെസ്റ്റ് പരമ്പരക്കൊരുങ്ങുന്ന ഇംഗ്ലണ്ട് നിലവില്‍ എട്ടാം സ്ഥാനത്താണ്. അഞ്ച് മത്സരങ്ങളില്‍ രണ്ട് ജയവും രണ്ട് തോല്‍വിയും ഒരു സമനിലയും അടക്കം ഒമ്പത് പോയന്‍റും 15 വിജയശതമാവുമായാണ് ഇംഗ്ലണ്ട് എട്ടാം സ്ഥാനത്ത് നില്‍ക്കുന്നത്. ഇന്ത്യക്കെതിരായ അഞ്ച് മത്സര ടെസ്റ്റ് പരമ്പരയില്‍ മികവ് കാട്ടിയാല്‍ ഇംഗ്ലണ്ടിന് മുന്നിലേക്ക് കയറാനാവും.ഇംഗ്ലണ്ടിനെതിരായ പരമ്പര നേടിയാല്‍ ഇന്ത്യക്കും ഒന്നാം സ്ഥാനത്തേക്ക് ഉയരാനാവും.
അതേസമയം വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പര കളിക്കുന്ന ഓസ്ട്രേലിയക്ക് ഒന്നാം സ്ഥാനം ഉറപ്പിക്കാനും അവസരമുണ്ട്. രണ്ട് മത്സരങ്ങളടങ്ങിയ പരമ്പരയിലാണ് ഓസ്ട്രേലിയയും വെസ്റ്റ് ഇന്‍ഡീസും കളിക്കുന്നത്. അടുത്ത മാസം ന്യൂസിലന്‍ഡിനെതിരെയും ഓസ്ട്രേലിയക്ക് ടെസ്റ്റ് പരമ്പരയുണ്ട്. ശ്രീലങ്കയാണ് പോയന്‍റ് പട്ടികയില്‍ അവസാന സ്ഥാനത്തുള്ള ടീം.
