മുംബൈ: മികച്ച പ്രകടനവുമായി ഇന്ത്യക്കായി ടെസ്റ്റ് അരങ്ങേറ്റം ഗംഭീരമാക്കിയിരുന്നു ഇരുപത്തിരണ്ടുകാരനായ ശുഭ്‌മാന്‍ ഗില്‍. ഇതിന് പിന്നാലെ ഗില്ലിനെ തേടി നിരവധി പ്രശംസകളെത്തി. എന്നാല്‍ ഗില്ലിനെ ആരുമായും താരതമ്യം ചെയ്യേണ്ടതില്ല എന്ന് വാദിക്കുകയാണ് ഇന്ത്യന്‍ മുന്‍ ഓപ്പണര്‍ വസീം ജാഫര്‍. 

'ശുഭ്മാന്‍ സ്‌പെഷ്യല്‍ താരമാണ്. ക്രിക്കറ്റ് ആസ്വദിച്ച് കളിക്കാനും കരിയര്‍ വളര്‍ത്താനും അദേഹത്തെ അനുവദിക്കുക. മറ്റാരെങ്കിലുമായി താരതമ്യം ചെയ്ത് ഗില്ലിന് മേല്‍ സമ്മര്‍ദം സൃഷ്‌ടിക്കരുത്. അയാള്‍ അടുത്ത ആരുമല്ല, നമ്മുടെ ആദ്യ ശുഭ്‌മാന്‍ ഗില്ലാണ്. അനാവശ്യമായ സമ്മര്‍ദവും പ്രതീക്ഷകളും വഴി നിരവധി പ്രതിഭകളുടെ കരിയര്‍ നാം തുലച്ചിട്ടുണ്ട്' എന്നും ജാഫര്‍ ട്വീറ്റ് ചെയ്തു. 

ഓസ്‌ട്രേലിയക്കെതിരെ മെല്‍ബണില്‍ ബോക്‌സിംഗ് ഡേ ടെസ്റ്റിലായിരുന്നു ശുഭ്‌മാന്‍ ഗില്ലിന്‍റെ അരങ്ങേറ്റം. ആദ്യ ഇന്നിംഗ്‌സില്‍ 65 പന്തില്‍ എട്ട് ബൗണ്ടറികള്‍ സഹിതം താരം 45 റണ്‍സെടുത്തു. മത്സരം ഇന്ത്യ എട്ട് വിക്കറ്റിന് ജയിച്ചപ്പോള്‍ രണ്ടാം ഇന്നിംഗ്‌സില്‍ 36 പന്തില്‍ ഏഴ് ബൗണ്ടറികള്‍ ഉള്‍പ്പടെ 35 റണ്‍സുമായി പുറത്താകാതെ നിന്നു. 

ഐസിസി ബൗളര്‍മാരുടെ റാങ്കിങ്ങില്‍ നേട്ടമുണ്ടാക്കി അശ്വിനും ബുമ്രയും; കമ്മിന്‍സ് ഒന്നാം സ്ഥാനം നിലനിര്‍ത്തി

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ മികച്ച റെക്കോര്‍ഡുള്ള താരമാണ് ശുഭ്‌മാന്‍ ഗില്‍. എഴുപതിന് മുകളിലാണ് താരത്തിന്‍റെ ബാറ്റിംഗ് ശരാശരി. 24 മത്സരങ്ങളില്‍ ഏഴ് ശതകങ്ങളും 11 അര്‍ധ സെഞ്ചുറികളും സഹിതം 2350 റണ്‍സ് സ്വന്തമായുണ്ട്. 2018ലെ ഐസിസി അണ്ടര്‍ 19 ലോകകപ്പില്‍ ടൂര്‍ണമെന്‍റിലെ മികച്ച താരത്തിനുള്ള പുരസ്‌കാരം നേടിയാണ് ഗില്‍ അന്താരാഷ്‌ട്ര തലത്തില്‍ ശ്രദ്ധിക്കപ്പെട്ടത്. 

ഐസിസി ടെസ്റ്റ് ബാറ്റ്‌സ്മാന്മാരുടെ ഒന്നാം റാങ്കിന് പുതിയ അവകാശി; വന്‍ നേട്ടമുണ്ടാക്കി രഹാനെ, പൂജാര താഴോട്ട്