മെല്‍ബണ്‍: ഓസ്‌ട്രേലിയക്കെതിരായ പരമ്പരയില്‍ സിഡ്‌നി വേദിയാകുന്ന മൂന്നാം ടെസ്റ്റിനുള്ള ഒരുക്കം ടീം ഇന്ത്യ തുടങ്ങി. പരിക്ക് മാറിയെത്തിയ ഹിറ്റ്‌മാന്‍ രോഹിത് ശര്‍മ്മ സിഡ്‌നിയില്‍ കളിക്കുമെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്. മത്സരത്തിനായി കഠിന പരിശ്രമങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു ഹിറ്റ്‌മാന്‍. 

രോഹിത് ശര്‍മ്മ നെറ്റ്‌സില്‍ പരിശീലനം നടത്തുന്ന വീഡിയോ ഐസിസി ആരാധകര്‍ക്കായി സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചു. 'നോക്കൂ, ആരാണ് നെറ്റ്സില്‍ തിരിച്ചെത്തിയിരിക്കുന്നത്...' എന്ന കുറിപ്പോടെയാണ് ഐസിസിയുടെ ട്വീറ്റ്. മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ ശനിയാഴ്‌ചത്തെ പരിശീലനത്തില്‍ ഇന്ത്യന്‍ താരങ്ങളെല്ലാം പങ്കെടുത്തു. പ്രധാനമായും ഫീല്‍ഡിംഗ് പരിശീലനമാണ് ടീം നടത്തിയത്. 

രോഹിത്തിനെ അവസാന രണ്ട് മത്സരങ്ങള്‍ക്കുള്ള വൈസ് ക്യാപ്റ്റനായി ഇന്നലെ പ്രഖ്യാപിച്ചിരുന്നു. യുഎഇയില്‍ നടന്ന ഐപിഎല്ലിനിടെ പരിക്കേറ്റ രോഹിത് ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ പരിശീലനത്തിലായിരുന്നു. ഓസ്‌ട്രേലിയയിലെ 14 ദിവസത്തെ നിര്‍ബന്ധിത ക്വാറന്‍റീന്‍ കഴിഞ്ഞാണ് മെല്‍ബണില്‍ ഇന്ത്യന്‍ ടീമിനൊപ്പം ചേര്‍ന്നത്. സിഡ്‌നിയില്‍ കൊവിഡ് ആശങ്കകള്‍ നിലനില്‍ക്കുന്നതിനാല്‍ ഇരു ടീമും മെല്‍ബണില്‍ തുടരുകയാണ്. 

സിഡ്‌നിയില്‍ ഏഴാം തിയതിയാണ് മൂന്നാം ടെസ്റ്റ് ആരംഭിക്കേണ്ടത്. ഓരോ മത്സരങ്ങള്‍ ജയിച്ച് ഇരു ടീമും തുല്യത പാലിക്കുകയാണ് നിലവില്‍. പരമ്പരയിലെ നാലാമത്തേയും അവസാനത്തേയും ടെസ്റ്റ് 15-ാം തിയതി മുതല്‍ ബ്രിസ്‌ബേനില്‍ നടക്കും. 

ഇന്ത്യന്‍ സ്‌ക്വാഡ്

അജിങ്ക്യ രഹാനെ(നായകന്‍), രോഹിത് ശര്‍മ്മ(ഉപനായകന്‍), മായങ്ക് അഗര്‍വാള്‍, പൃഥ്വി ഷാ, കെ എല്‍ രാഹുല്‍, ചേതേശ്വര്‍ പൂജാര, ഹനുമാ വിഹാരി, ശുഭ്‌മാന്‍ ഗില്‍, വൃദ്ധിമാന്‍ സാഹ, റിഷഭ് പന്ത്, ജസ്‌പ്രീത് ബുമ്ര, നവ്‌ദീപ് സെയ്‌നി, കുല്‍ദീപ് യാദവ്, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, മുഹമ്മദ് സിറാജ്, ഷാര്‍ദുല്‍ താക്കൂര്‍, ടി നടരാജന്‍.