42 റണ്‍സ് നേടിയ ഗ്ലെന്‍ ഫിലിപ്‌സ് മാത്രമാണ് കിവീസ് നിരയില്‍ തിളങ്ങിയിരുന്നത്. ജോഷ് ക്ലാര്‍ക്ക്‌സണ്‍ (10), ട്രന്റ് ബോള്‍ട്ട് (16) എന്നിവരാണ് രണ്ടക്കം കണ്ട മറ്റുതാരങ്ങള്‍.
ഓക്‌ലന്‍ഡ്: ന്യൂസിലന്‍ഡിനെതിരെ ടി20 പരമ്പര ഓസ്‌ട്രേലിയക്ക്. ഓക്‌ലന്‍ഡ് ഈഡന്‍ പാര്‍ക്കില്‍ നടന്ന രണ്ടാം ടി20യില്‍ 72 റണ്‍സിന് ജയിച്ചതോടെയാണ് മൂന്ന് മത്സരങ്ങളുടെ പരമ്പര സന്ദര്‍ശകര്‍ സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഓസീസ് 175 റണ്‍സ് വിജയലക്ഷ്യമാണ് മുന്നോട്ടുവച്ചത്. 19.5 ഓവറില്‍ ഓസീസ് എല്ലാവരും പുറത്താവുകയായിരുന്നു. ലോക്കി ഫെര്‍ഗൂസണ്‍ നാല് വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിംഗില്‍ ആതിഥേയര്‍ക്ക് 17 ഓവറില്‍ 102 റണ്‍സെടുക്കാനാണ് സാധിച്ചത്. നാല് വിക്കറ്റ് നേടിയ ആഡം സാംപയാണ് കിവീസിനെ തകര്‍ത്തത്. പരമ്പരയില്‍ ഇനി ഒരു മത്സരം മാത്രമാണ് അവശേഷിക്കുന്നത്. ആദ്യ മത്സരവും ഓസീസ് ജയിച്ചിരുന്നു.
42 റണ്‍സ് നേടിയ ഗ്ലെന്‍ ഫിലിപ്‌സ് മാത്രമാണ് കിവീസ് നിരയില്‍ തിളങ്ങിയിരുന്നത്. ജോഷ് ക്ലാര്‍ക്ക്‌സണ്‍ (10), ട്രന്റ് ബോള്‍ട്ട് (16) എന്നിവരാണ് രണ്ടക്കം കണ്ട മറ്റുതാരങ്ങള്‍. ഫിന്‍ അലന്‍ (6), വില്‍ യംഗ് (5), മിച്ചല്‍ സാന്റനര്‍ (7), മാര്‍ക് ചാപ്മാന്‍ (2), ആഡം മില്‍നെ (0) എന്നിവര്‍ തീര്‍ത്തും നിരാശപ്പെടുത്തി. ലോക്കി ഫെര്‍ഗൂസണാണ് (4) പുറത്തായ മറ്റൊരു താരം. ബെന്‍ സീര്‍സ് (2) പുറത്താവാതെ നിന്നു. പരിക്കിനെ തുടര്‍ന്ന് ഡെവോണ്‍ കോണ്‍വെ ബാറ്റിംഗിനെത്തിയിരുന്നില്ല. നതാന്‍ എല്ലിസ് രണ്ട് വിക്കറ്റ് വീഴ്ത്തി. ജോഷ് ഹേസല്‍വുഡ്, പാറ്റ് കമ്മിന്‍സ്, മിച്ചല്‍ മാര്‍ഷ് എന്നിവര്‍ക്ക് ഓരോ വിക്കറ്റുണ്ട്.
45 റണ്‍സ് നേടിയ ട്രാവിസ് ഹെഡാണ് ഓസീസിനെ ഭേദപ്പെട്ട സ്‌കോറിലേക്ക് നയിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചത്. ഡേവിഡ് വാര്‍ണര്‍ക്ക് പകരം സ്റ്റീവ് സ്മിത്തിനെ ഓപ്പണറാക്കിയാണ് ഓസീസ് ഇറങ്ങിയത്. എന്നാല്‍ അവസരം മുതലാക്കാന്‍ സ്മിത്തിന് സാധിച്ചില്ല. ഏഴ് പന്തില്‍ 11 റണ്‍സുമായി താരം മടങ്ങി. ലോക്കിയുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു താര. അപ്പോഴേക്കും സ്‌കോര്‍ബോര്‍ഡില്‍ 32 റണ്‍സുണ്ടായിരുന്നു. മൂന്നാം വിക്കറ്റില്‍ ഹെഡ് - മിച്ചല്‍ മാര്‍ഷ് സഖ്യം 53 റണ്‍സ് കൂട്ടിചേര്‍ത്തു. പവര്‍ പ്ലേ പൂര്‍ത്തിയാവുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 74 റണ്‍സ് നേടിയിരുന്നു ഓസീസ്.
പിന്നീടുള്ള 14 ഓവറില്‍ 100 റണ്‍സാണ് ഓസീസിനെടുക്കാന്‍ സാധിച്ചത്. കൃത്യമായ ഇടവേളകളില്‍ അവര്‍ക്ക് വിക്കറ്റ് നഷ്ടമായി. ഏഴാം ഓവറില്‍ ഹെഡ് മടങ്ങി. 22 പന്തില്‍ അഞ്ച് സിക്‌സും രണ്ട് ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഹെഡിന്റെ ഇന്നിംഗ്‌സ്. ഗ്ലെന്‍ മാക്‌സ്‌വെല്‍ (6), മിച്ചല്‍ മാര്‍ഷ് (26) ജോഷ് ഇന്‍ഗ്ലിസ് (5), ടിം ഡേവിഡ് (17), മാത്യു വെയ്ഡ് (1) എന്നിവര്‍ നിരാശപ്പെടുത്തിയത് ഓസീസിന് തിരിച്ചടിയായി.
രഹാനെ ശോകം തന്നെ! പൂജാരയും നിരാശപ്പെടുത്തി; രഞ്ജിയില്‍ തിളങ്ങാനാവാതെ സീനിയര്‍ താരങ്ങള്‍
വാലറ്റത്ത് പാറ്റ് കമ്മിന്‍സിന്റെ (22 പന്തില്‍ 28) ഇന്നിംഗ്‌സ് ഇല്ലായിരുന്നെങ്കില്‍ സന്ദര്‍ശകരുടെ അവസ്ഥ ഇതിലും പരിതപകരമായേനെ. നതാന്‍ എല്ലിസ് (11) പുറത്താവാതെ നിന്നു. 3.5 ഓവറില്‍ 14 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് നാല് പേരെ പുറത്താക്കിയത്. ആഡം മില്‍നെ, ബെന്‍ സീര്‍സ്, മിച്ചല്‍ സാന്റ്‌നര്‍ എന്നിവര്‍ക്ക് രണ്ട് വിക്കറ്റ് വീതമുണ്ട്.

