വനിതാ ഏകദിന ലോകകപ്പ് സെമി ഫൈനലില്‍ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യക്ക് ടോസ് നഷ്ടമായി. ബാറ്റിംഗ് തിരഞ്ഞെടുത്ത ഓസീസിനെതിരെ മൂന്ന് മാറ്റങ്ങളുമായാണ് ഇന്ത്യ ഇറങ്ങുന്നത്. 

നവി മുംബൈ: വനിതാ ഏകദിന ലോകകപ്പ് സെമി ഫൈനലില്‍ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യക്ക് ടോസ് നഷ്ടം. നവി മുംബൈ, ഡി വൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ ടോസ് നേടിയ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ അലീസ ഹീലി ബാറ്റിംഗ് തെരഞ്ഞെടുത്തു. മൂന്ന് മാറ്റങ്ങളുമായിട്ടാണ് ഇന്ത്യ ഇറങ്ങുന്നത്. പ്രതീക്ഷിച്ചത് പോലെ പരിക്കേറ്റ പ്രതിക റാവലിന് പകരം ഷെഫാലി വര്‍മ ടീമിലെത്തി.

റിച്ചാ ഘോഷ്, ക്രാന്തി ഗൗദ് എന്നിവരും മടങ്ങിയെത്തി. ഉമ ചേത്രി, ഹര്‍ലീന്‍ ഡിയോള്‍ എന്നിവരാണ് വഴി മാറിയത്. ബംഗ്ലാദേശിനെതിരെ അവസാന മത്സരം കളിച്ച രാധാ യാദവ് സ്ഥാനം നിലനിര്‍ത്തി. ഓസ്‌ട്രേലിയ ഒരു മാറ്റം വരുത്തി. സോഫി മൊളിനെക്‌സ് ടീമിലെത്തി. ജോര്‍ജിയ വറേഹം പുറത്തായി. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം.

ഇന്ത്യ: ഷെഫാലി വര്‍മ, സ്മൃതി മന്ദാന, അമന്‍ജോത് കൗര്‍, ജെമീമ റോഡ്രിഗസ്, ഹര്‍മന്‍പ്രീത് കൗര്‍ (ക്യാപ്റ്റന്‍), ദീപ്തി ശര്‍മ, റിച്ച ഘോഷ് (വിക്കറ്റ് കീപ്പര്‍), രാധ യാദവ്, ക്രാന്തി ഗൗഡ്, ശ്രീ ചരണി, രേണുക സിങ് താക്കൂര്‍.

ഓസ്ട്രേലിയ: ഫീബ് ലിച്ച്ഫീല്‍ഡ്, അലിസ ഹീലി (ക്യാപ്റ്റന്‍ / വിക്കറ്റ് കീപ്പര്‍), എല്ലിസ് പെറി, ബെത്ത് മൂണി, അന്നബെല്‍ സതര്‍ലാന്‍ഡ്, ആഷ്ലീ ഗാര്‍ഡ്നര്‍, തഹ്ലിയ മഗ്രാത്ത്, സോഫി മൊളിനെക്സ്, അലാന കിംഗ്, കിം ഗാര്‍ത്ത്, മേഗന്‍ ഷട്ട്.

ഇന്ന് ജയിക്കുന്നവര്‍ ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ നേരിടും. സ്വന്തം മണ്ണിലെ വിശ്വകിരീട പോരില്‍ ഒട്ടും എളുപ്പമായിരുന്നില്ല ഇന്ത്യയുടെ മുന്നേറ്റം. ഏഴ് മത്സരങ്ങള്‍. മൂന്ന് വീതം ജയവും തോല്‍വിയും. ഗ്രൂപ്പില്‍ തോല്‍പിച്ചവരില്‍ ഓസ്ട്രേലിയയുമുണ്ട്. 330 റണ്‍സ് നേടിയ ശേഷമായിരുന്നു ഇന്ത്യയുടെ തോല്‍വി.

മത്സരം മഴ തടസപ്പെടുത്തിയാല്‍ എന്ത് സംഭവിക്കും?

മത്സരത്തിന് റിസര്‍വ് ദിനം അനുവദിച്ചിട്ടുണ്ട്. ഇന്ന് മത്സരം മഴ മുടക്കിയാലും നാളെ പുനരാരംഭിക്കും. എല്ലാ നോക്കൗട്ട് മത്സരങ്ങള്‍ക്കും ഐസിസി റിസര്‍വ് ദിനങ്ങള്‍ നിശ്ചയിച്ചിട്ടുണ്ട്. റിസര്‍വ് ദിനത്തില്‍ പോലും കാലാവസ്ഥ അനുകൂലമായില്ലെങ്കില്‍ ഓസ്ട്രേലിയ ഫൈനലില്‍ പ്രവേശിക്കും. പ്രാഥമിക റൗണ്ടില്‍ കൂടുതല്‍ പോയിന്റ് നേടിയ ടീമിനെയാണ് ഫൈനലിലേക്ക് കടത്തി വിടുക. ഓസ്ട്രേലിയ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തായിരുന്നു. ഇന്ത്യ നാലാമതും.

YouTube video player