ജോണ്‍സണ് പുറമെ 20 പന്തില്‍ 12 റണ്‍സ് വഴങ്ങി സുനില്‍ നരെയ്നും മൂന്ന് വിക്കറ്റെടുത്തു. ഹണ്‍ഡ്രഡ് ടൂര്‍ണമെന്‍റിന്‍റെ ചരിത്രത്തിലെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനങ്ങളിലൊന്നാണ് ജോണ്‍സന്‍റേത്.
ലണ്ടന്‍: ബാറ്റര്‍മാരുടെ മനസില്‍ തീ കോരിയിടുന്ന റണ്ണപ്പും ബൗളിംഗ് ആക്ഷനും അതിവേഗ പന്തുകളുമായി ലോക ക്രിക്കറ്റിനെ ഒരു ദശകത്തോളം ഭരിച്ച മിച്ചല്‍ ജോണ്‍സണുശേഷം പുതിയ വജ്രായുധത്തെ അവതരിപ്പിച്ച് ഓസ്ട്രേലിയ. സ്പെന്‍സര്‍ ജോണ്‍സണെന്ന ഇടം കൈയന്‍ പേസറാണ് ഇംഗ്ലണ്ടിലെ ഹണ്ട്രഡ് ക്രിക്കറ്റില്‍ സ്വപ്നതുല്യമായ അരങ്ങേറ്റം നടത്തിയത്. ഓവല്‍ ഇന്‍വിസിബിളിനായി അരങ്ങേറിയ ജോണ്‍സണ്‍ അരങ്ങേറ്റ മത്സരത്തില്‍ മാഞ്ചസ്റ്റര്‍ ഒറിജിനല്‍സിനെതിരെ ഒരു റണ്‍സ് മാത്രം വഴങ്ങി വീഴ്ത്തിയത് മൂന്ന് വിക്കറ്റുകളായിരുന്നു.
മത്സരത്തില്‍ നാലോവര്‍(ഓവറില്‍ അഞ്ച് പന്ത് വീതം) എറിഞ്ഞ ജോണ്‍സന്‍റെ 19 പന്തും ഡോട്ട് ബോളുകളായിരുന്നു. നാലോവറില്‍ ജോണ്‍സണ്‍ വഴങ്ങിയതാകട്ടെ ഒരേയൊരു റണ്ണും. ആദ്യം ബാറ്റ് ചെയ്ത ഓവല്‍ ഇന്‍വിസിബിള്‍സ് 100 പന്തില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സെടുത്തപ്പോള്‍ ജോണ്‍സന്‍റെ തീപ്പൊരി ബൗളിംഗിന് മുന്നില്‍ തകര്‍ന്നടിഞ്ഞ മാഞ്ചസ്റ്റര്‍ ഒറിജിനല്‍സ് 89പന്തില്‍ 92 റണ്‍സെടുത്ത് ഓള്‍ ഔട്ടായി.
ഏകദിനത്തില്‍ പരിചയകുറവുണ്ട്! നേരിടുന്ന വെല്ലുവിളികള്‍ തുറന്നുസമ്മതിച്ച് സൂര്യകുമാര്‍ യാദവ്
ജോണ്‍സണ് പുറമെ 20 പന്തില്‍ 12 റണ്‍സ് വഴങ്ങി സുനില്‍ നരെയ്നും മൂന്ന് വിക്കറ്റെടുത്തു. ഹണ്‍ഡ്രഡ് ടൂര്‍ണമെന്‍റിന്‍റെ ചരിത്രത്തിലെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനങ്ങളിലൊന്നാണ് ജോണ്‍സന്‍റേത്. ജോസ് ബട്‌ലറും ഫില്‍ സാള്‍ട്ടും ക്രീസിലുണ്ടായിട്ടും തന്‍റെ ആദ്യ സ്പെല്ലിലെ 10 പന്തുകളിലൊന്നില്‍ മാത്രമാണ് ജോണ്‍സണ്‍ ഒരു റണ്‍സ് വഴങ്ങിയത്. രണ്ടാം സ്പെല്ലിലെ 10 പന്തുകള്‍ക്കിടെയായിരുന്നു ഒരു രണ്‍ പോലും വഴങ്ങാതെ മൂന്ന് വിക്കറ്റുകള്‍ എറിഞ്ഞിട്ടത്. ഹണ്ട്രഡില്‍ ആറ് റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റെടുത്ത അഫ്ഗാന്‍ സ്പിന്നര്‍ മുജീബ് റഹ്മാന്‍റെ പേരിലുള്ള മികച്ച ഇക്കണോമിക്കല്‍ ബൗളിംഗ് റെക്കോര്‍ഡും ഇതോടെ ജോണ്‍സന്‍റെ പേരിലായി.
കരിയറിന്‍റെ തുടക്കകാലത്ത് പരിക്കും മറ്റ് പ്രശ്നങ്ങളും കാരണം വൈകിയാണ് 27കാരനായ ജോണ്‍സണ്‍ ഓസ്ട്രേലിയന്‍ ക്രിക്കറ്റില്‍ അരങ്ങേറിയത്. ബിഗ് ബാഷ് ലീഗിലും ഷെഫീല്‍ഡ് ഷീല്‍ഡിലും കഴിഞ്ഞ വര്‍ഷമായിരുന്നു ജോണ്‍സന്‍റെ അരങ്ങേറ്റം. എന്നാല്‍ അരങ്ങേറി ഒരു വര്‍ഷത്തിനകം തന്നെ മുന്‍ ഓസീസ് പേസര്‍ മിച്ചല്‍ ജോണ്‍സണുമായി താരതമ്യം ചെയ്യപ്പെട്ട സ്പെന്‍സര്‍ ജോണ്‍സണെ ഈ ആഴ്ച ആദ്യം ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരക്കുള്ള ഓസ്ട്രേലിയന്‍ ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നു.
ജോണ്‍സന്‍റെ ബൗളിംഗ് കണ്ട ഇംഗ്ലണ്ട് പേസ് ഇതിഹാസം ജെയിംസ് ആന്‍ഡേഴ്സണ്‍ പോലും പറഞ്ഞത് താന്‍ ഓസ്ട്രേലിയക്കാരനായിരുന്നെങ്കില്‍ ജോണ്‍സണ് ഇപ്പോഴെ കരാര്‍ നല്‍കുമായിരുന്നുവെന്നാണ്. ഏകദിന ലോകകപ്പില്‍ സ്പെന്‍സര്‍ ഉണ്ടായിരുന്നെങ്കില്‍ അവിശ്വസനീയമാകുമായിരുന്നുവെന്നും ആന്‍ഡേഴ്സണ്‍ പറഞ്ഞു.
