കഴിഞ്ഞ വര്‍ഷം ഓസ്ട്രേലിയ അണ്ടര്‍ 19നെതിരെ നടത്തിയ മികച്ച പ്രകടനമാണ് ഇനാനെ ടീമിലെത്തിച്ചത്. കഴിഞ്ഞ വര്‍ഷം ഓസ്ട്രേലിയക്കെതിരായ അണ്ടര്‍ 19 ടെസ്റ്റില്‍ ഇനാന്‍ 16 വിക്കറ്റുമായി തിളങ്ങിയിരുന്നു.
മുംബൈ: അടുത്ത മാസം നടക്കുന്ന ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യൻ അണ്ടര്‍ 19 ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരം മുഹമ്മദ് ഇനാന്‍ ടീമില്‍ ഇടം നേടിയപ്പോള്‍ ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനായി തിളങ്ങിയ മുംബൈ യുവതാരം ആയുഷ് മാത്രെയാണ് ടീമിന്‍റെ നായകന്‍. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനായി തിളങ്ങിയ പതിനാലുകാരന്‍ വൈഭവ് സൂര്യവന്‍ഷിയും ടീമിലുണ്ട്. മുംബൈ വിക്കറ്റ് കീപ്പര്‍ അഭിഗ്യാൻ കുണ്ടു ആണ് ടീമിന്‍റെ വൈസ് ക്യാപ്റ്റൻ.
അടുത്ത മാസം 24ന് ആരംഭിക്കുന്ന പരമ്പരയില്‍ ഒരു സന്നാഹ മത്സരവും അഞ്ച് ഏകദിന മത്സരങ്ങളും രണ്ട് ദ്വിദിന മത്സരങ്ങളുമാണുള്ളത്. കഴിഞ്ഞ വര്‍ഷം ഓസ്ട്രേലിയ അണ്ടര്‍ 19നെതിരെ നടത്തിയ മികച്ച പ്രകടനമാണ് ഇനാനെ ടീമിലെത്തിച്ചത്. കഴിഞ്ഞ വര്‍ഷം ഓസ്ട്രേലിയക്കെതിരായ അണ്ടര്‍ 19 ടെസ്റ്റില്‍ ഇനാന്‍ 16 വിക്കറ്റുമായി തിളങ്ങിയിരുന്നു. പഞ്ചാബ് സ്പിന്നര്‍ അന്‍മോല്‍ജീത് സിംഗും ടീമിലെത്തി. ജൂണ്‍ 24ന് ആദ്യം ഏകദിന സന്നാഹ മത്സരം നടക്കും.
27നാണ് ഏകദിന പരമ്പരയിലെ ആദ്യ മത്സരം. 30, ജൂലൈ രണ്ട്, ജൂലൈ അഞ്ച്, ജൂലൈ ഏഴ് ദിവസങ്ങളിലാണ് ഏകദിന പരമ്പരയില മത്സരങ്ങള്‍. ജൂലൈ 12നും ജൂലൈ 20നുമാണ് ദ്വിദിന മത്സരങ്ങള്‍.
ഇംഗ്ലണ്ട് പര്യടനത്തിനുള്ള അണ്ടര്‍ 19 ടീം: ആയുഷ് മാത്രേ (ക്യാപ്റ്റൻ), വൈഭവ് സൂര്യവംശി, വിഹാൻ മൽഹോത്ര, മൗല്യരാജ്‌സിംഗ് ചാവ്‌ദ, രാഹുൽ കുമാർ, അഭിഗ്യാൻ കുണ്ടു (വൈസ് ക്യാപ്റ്റൻ & വിക്കറ്റ് കീപ്പര്‍), ഹർവൻഷ് സിംഗ് (വിക്കറ്റ് കീപ്പർ), ആർ എസ് അംബ്രീഷ്, കനിഷ്‌ക് ചൗഹാൻ, ഖിലാൻ പട്ടേൽ, ഹെനിൽ ഗുഹവ്, യുധാജിത്ത്, ഇ. ആദിത്യ റാണ, അൻമോൽജീത് സിംഗ്.
സ്റ്റാൻഡ്ബൈ കളിക്കാർ: നമൻ പുഷ്പക്, ഡി ദീപേഷ്, വേദാന്ത് ത്രിവേദി, വികൽപ് തിവാരി, അലങ്ക്രിത് റാപോൾ


