ഇസ്‌ലാമാബാദ്: മുന്‍ പാകിസ്ഥാന്‍ താരം യൂനിസ് ഖാന്‍ ഗ്രാന്റ് ഫ്‌ളവറിന്റെ കഴുത്തില്‍ കത്തിവച്ചതുമായി ബന്ധപ്പെട്ട് വാര്‍ത്തയില്‍ വിചിത്ര വാദവുമായി റഷീദ് ലത്തീഫ്. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മുഹമ്മദ് അസറുദീന്‍ കാരണമായിരിക്കാം യൂനിസ് ഖാന്‍ ഇത്തരത്തില്‍ ചെയ്‌തെന്നാണ് ലത്തീഫ് പറയുന്നത്. കഴിഞ്ഞ ദിവസമാണ് ഗ്രാന്റ് ഫ്‌ളവര്‍ ഇത്തരത്തില്‍ ഒരു വെളിപ്പെടുത്തല്‍ നടത്തിയത്. ഓസ്‌ട്രേലിയന്‍ പര്യടനത്തിനിടെ യൂനിസ് ഖാന്‍ തന്റെ കഴുത്തില്‍ കത്തിവച്ച് വിരട്ടിയെന്നായിരുന്നു പാക്കിസ്ഥാന്റെ മുന്‍ ബാറ്റിങ് പരിശീലകന്‍ ഗ്രാന്റ് ഫ്‌ളവറിന്റെ വെളിപ്പെടുത്തല്‍.

ഇതിന് മറുപടിയായിട്ടാണ് ലത്തീഫ് എത്തിയത്. യുട്യൂബിലെ 'കോട്ട് ബിഹൈന്‍ഡ്' എന്ന ചാറ്റ് ഷോയിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലത്തീഫിന്റെ വാക്കുകള്‍. ''ഡ്രസിങ് റൂമില്‍ നടക്കുന്ന കാര്യങ്ങളെ കുറിച്ച് നമുക്കൊന്നും പറയാന്‍ കഴിയില്ല. യൂനിസ് ഖാന്‍ ഗ്രാന്റ് ഫ്‌ലവറിന്റെ കഴുത്തില്‍ കത്തിവച്ചതിന്റെ കാരണം അസറുദീനായിരിക്കാം. 

ഇംഗ്ലണ്ടിലെ ഓവലില്‍ യൂനിസ് ഖാന്‍ ഇരട്ടസെഞ്ചുറി നേടിയിരുന്നു. അന്ന് തന്റെ ബാറ്റിങ് മെച്ചപ്പെടാന്‍ കാരണം ഇന്ത്യയുടെ മുന്‍ താരം മുഹമ്മദ് അസറുദീനാണെന്ന് യൂനിസ് ഖാന്‍ പറഞ്ഞിരുന്നു. എന്നാല്‍ ബാറ്റിങ് കോച്ചിന്റെ പേര് പരാമര്‍ശിച്ചില്ല. ഒരു നേട്ടം കൈവരിക്കുമ്പോള്‍ അതിന്റെ ക്രെഡിറ്റ് പരിശീലകനു പകരം മറ്റൊരാള്‍ക്കു കൊടുക്കുന്നതില്‍ ചില പ്രശ്‌നങ്ങളുണ്ട്. ഇതായിരിക്കാം ഈ തര്‍ക്കത്തിന് കാരണം. അസറുദീന്‍ ഒരു ഘടകമാണെന്ന് എനിക്ക് തോന്നുന്നു.'' ലത്തീഫ് പറഞ്ഞു.

ഗുരുതര ആരോപണം നടത്തിയിട്ടും യൂനിസ് ഖാന്‍ ഇതിനെതിരെ ഒന്നും പ്രതികരിച്ചിട്ടില്ല. യൂനിസ് ഖാന്‍ ഗ്രാന്റ് ഫ്‌ളവറിന്റെ കഴുത്തില്‍ കത്തിവച്ച സംഭവം ആ സമയത്ത് പാക്ക് ടീമിന്റെ മുഖ്യ പരിശീലകനായിരുന്ന മിക്കി ആര്‍തര്‍ സ്ഥിരീകരിച്ചിരുന്നു.