കോലിയെ പോലെ പാക് ബാറ്റര്‍മാരും സ്വാര്‍ത്ഥരായിരുന്നെങ്കിൽ ജയിക്കാമായിരുന്നു, ഹഫീസിനെ പരിഹസിച്ച് മൈക്കല്‍ വോൺ
49-ാം സെഞ്ചുറി തികക്കാനായി ഇന്ത്യന്‍ ഇന്നിംഗ്സിനൊടുവില്‍ കോലി ബാറ്റിംഗ് വേഗം കുറച്ചുവെന്നും റെക്കോര്‍ഡിലായിരുന്നു കോലിയുടെ കണ്ണെന്നും ഹഫീസ് പറഞ്ഞിരുന്നു.

കറാച്ചി: ലോകകപ്പില്‍ പാകിസ്ഥാന്‍ സെമി കാണാതെ പുറത്തായതിന് പിന്നാലെ പാകിസ്ഥാന്‍ മുന്‍ ക്യാപ്റ്റന്‍ മുഹമ്മദ് ഹഫീസിനെ പരിഹസിച്ച് ഇംഗ്ലണ്ട് മുന്‍ നായകന്‍ മൈക്കല്‍ വോണ്‍. ലോകകപ്പില്‍ ദക്ഷിണാഫ്രിക്കക്കെതിരായ അവസാന മത്സരത്തില്‍ സെഞ്ചുറി നേടി സച്ചിന്‍റെ 49 ഏകദിന സെഞ്ചുറികളെന്ന റെക്കോര്‍ഡിനൊപ്പമെത്തിയ വിരാട് കോലിയുടെ പ്രകടനം സ്വാര്‍ത്ഥത നിറഞ്ഞതായിരുന്നുവെന്ന് ഹഫീസ് മുമ്പ് ടെലിവിഷന്‍ ചര്‍ച്ചയില്‍ പറഞ്ഞിരുന്നു.
49-ാം സെഞ്ചുറി തികക്കാനായി ഇന്ത്യന്‍ ഇന്നിംഗ്സിനൊടുവില്‍ കോലി ബാറ്റിംഗ് വേഗം കുറച്ചുവെന്നും റെക്കോര്‍ഡിലായിരുന്നു കോലിയുടെ കണ്ണെന്നും ഹഫീസ് പറഞ്ഞിരുന്നു. ക്യാപ്റ്റന്‍ രോഹിത് ശര്‍മ ടീമിന്‍റെ താല്‍പര്യത്തിന് മുന്‍തൂക്കം നല്‍കുമ്പോള്‍ കോലി വ്യക്തിഗത റെക്കോര്‍ഡുകളാണ് ലക്ഷ്യമിടുന്നതെന്നും ഹഫീസ് ആരോപിച്ചിരുന്നു.
എന്നാല്‍ ശ്രീലങ്കക്കെതിരെ ന്യൂസിലന്‍ഡ് വമ്പന്‍ ജയം നേടിയതോടെ ലോകകപ്പില്‍ സെമി സാധ്യത ഏതാണ്ട് അവസാനിച്ച പാകിസ്ഥാന് ഇന്നലെ ഇംഗ്ലണ്ടിനെതിരെ ഇറങ്ങുമ്പോള്‍ അത്ഭുതങ്ങള്‍ സംഭവിച്ചാല്‍ മാത്രമെ സെമിയിലെത്താന്‍ കഴിയുമായിരുന്നുള്ളു. എന്നാല്‍ ഇംഗ്ലണ്ടിനോട് 93 റണ്‍സിന്‍റെ കനത്ത തോല്‍വി വഴങ്ങിയതോടെ പാകിസ്ഥാന്‍ സെമിയിലെത്താതെ പുറത്തായി.
ഇതിന് പിന്നാലെയാണ് ഹഫീസിനുള്ള മറുപടിയായി കോലിയെപ്പോലെ പാക് ബാറ്റര്‍മാരും കുറച്ച് കൂടി സ്വര്‍ത്ഥത കാണിച്ചിരുന്നെങ്കില്‍ പാകിസ്ഥാന്‍ ജയിച്ചേനെ അല്ലെ മുഹമ്മദ് ഫഫീസ് ചോദിച്ചത്. ഇതിന് ഇതുവരെ ഹഫീസ് മറുപടി നല്‍കിയിട്ടില്ല.ലോകകപ്പില്‍ ആദ്യ എട്ടു കളികളും ജയിച്ച ഇന്ത്യ ഇന്ന് നെതര്‍ലന്‍ഡ്സിനെ നേരിടാനിറങ്ങുകയാണ്. ബുധനാഴ്ച നടക്കുന്ന സെമിയില്‍ ന്യൂസിലന്‍ഡാണ് ഇന്ത്യയുടെ എതിരാളികള്‍.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക