ത്രിരാഷ്ട്ര പരമ്പരയിലെ ആദ്യ മത്സരത്തിൽ സിംബാബ്‌വെ ഉയർത്തിയ 148 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന പാകിസ്ഥാന് ബാറ്റിംഗ് തകർച്ച. നായകൻ ബാബർ അസം മൂന്ന് പന്തുകൾ നേരിട്ട് പൂജ്യത്തിന് പുറത്തായി. 

റാവല്‍പിണ്ടി: ത്രിരാഷ്ട്ര പരമ്പരയില്‍ സിംബാബ്‌വെക്കെതിരായ മത്സരത്തില്‍ പാകിസ്ഥാന്‍ താരം ബാബര്‍ അസം പൂജ്യത്തിന് പുറത്ത്. മൂന്ന് പന്തുകള്‍ മാത്രം നേരിട്ട ബാബര്‍ ബ്രാഡ് ഇവാന്‍സിന്റെ പന്തില്‍ വിക്കറ്റില്‍ മുന്നില്‍ കുടുങ്ങുകയായിരുന്നു. നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ സിംബാബ്‌വെ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 147 റണ്‍സാണ് നേടിയത്. 49 റണ്‍സ് നേടിയ ബ്രയാന്‍ ബെന്നറ്റാണ് സിംബാബ്‌വെയുടെ ടോപ് സ്‌കോറര്‍. സിക്കന്ദര്‍ റാസ 34 റണ്‍സുമായി പുറത്താവാതെ നിന്നു. പാകിസ്ഥാന് വേണ്ടി മുഹമ്മദ് നവാസ് രണ്ട് വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിംഗ് ആരംഭിച്ച പാകിസ്താന്‍ 12 ഓവര്‍ പിന്നിടുമ്പോള്‍ നാലിന് 69 എന്ന നിലയിലാണ്.

ബാബര്‍ അസമിന് പുറമെ സഹിബ്‌സാദ ഫര്‍ഹാന്‍ (16), സെയിം അയൂബ് (22), സല്‍മാന്‍ അഗ (1) എന്നിവരുടെ വിക്കറ്റുകളാണ് പാകിസ്ഥാന് നഷ്ടമായത്. സ്‌കോര്‍ബോര്‍ഡില്‍ 27 റണ്‍സ് മാത്രമുള്ളപ്പോഴാണ് ഫര്‍ഹാന്‍, ബാബര്‍ എന്നിവരുടെ വിക്കറ്റുകള്‍ പാകിസ്ഥാന് നഷ്ടമാകുന്നത്. ഇവാന്‍സ് എറിഞ്ഞ അഞ്ചാം ഓവറില്‍ ആദ്യ പന്തില്‍ ഫര്‍ഹാന്‍ ബൗള്‍ഡായി. അഞ്ചാം പന്തില്‍ ബാബര്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. ആറാം ഓവറില്‍ സല്‍മാന്‍ അഗയുടെ (1) വിക്കറ്റും പാകിസ്ഥാന് നഷ്ടമായി. ടിനൊതെന്‍ഡ മപോസയുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു. 10-ാം ഓവറില്‍ അയൂബും മടങ്ങിയതോടെ നാലിന് 54 എന്ന നിലയിലായി പാകിസ്ഥാന്‍. ഇനി ഫഖര്‍ സമാന്‍ (25) - ഉസ്മാന്‍ ഖാന്‍ (19) സഖ്യത്തിലാണ് പാക് പ്രതീക്ഷ.

നേരത്തെ മികച്ച തുടക്കമായിരുന്നു സിംബാബ്‌വെയ്ക്ക്. ഒന്നാം വിക്കറ്റില്‍ ബ്രയാന്‍ ബെന്നറ്റ് - തഡിവാന്‍ഷെ മറുമാനി (22 പന്തില്‍ 30) സഖ്യം 72 റണ്‍സ് ചേര്‍ത്തു. മറുമാനിയെ പുറത്താക്കി മുഹമ്മദ് നവാസാണ് സിംബാബ്‌വെയ്ക്ക് ബ്രേക്ക് ത്രൂ നല്‍കിയത്. തുടര്‍ന്നെത്തിയ ബ്രന്‍ഡന്‍ ടെയ്‌ലര്‍ (14), റ്യാന്‍ ബേള്‍ (8) എന്നിവര്‍ക്ക് തിളങ്ങാനായില്ല. ഇതിനിടെ ബെന്നറ്റും മടങ്ങി. തുടര്‍ന്ന് വന്നവരില്‍ റാസ ഒഴികെ മറ്റാര്‍ക്കും രണ്ടക്കം കാണാന്‍ സാധിച്ചില്ല. 24 പന്തുകള്‍ നേരിട്ട റാസ ഒരു സിക്‌സും മൂന്ന് ഫോറും നേടി. 

YouTube video player