അന്താരാഷ്ട്ര ടി20യില്‍ ഏറ്റവും കൂടുതല്‍ അര്‍ധ സെഞ്ചുറികളെന്ന വിരാട് കോലിയുടെ റെക്കോര്‍ഡ് പാകിസ്ഥാന്‍ നായകന്‍ ബാബര്‍ അസം മറികടന്നു.
ലാഹോര്‍: ടി20 ലോകകപ്പിന് മുന്നോടിയായി ബാബര്‍ അസം ഫോമിലേക്ക് തിരിച്ചെത്തിയതോടെ പാകിസ്ഥാന്‍ ക്രിക്കറ്റ് ആരാധകര്‍ ആവേശത്തില്‍. ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തില്‍ ഓസ്‌ട്രേലിയക്കെതിരെ നടന്ന മൂന്നാം ടി20യില്‍ പുറത്താകാതെ 50 റണ്‍സ് നേടിയ ബാബര്‍ അസം, അന്താരാഷ്ട്ര ടി20യില്‍ ഏറ്റവും കൂടുതല്‍ അര്‍ധ സെഞ്ചുറികള്‍ എന്ന വിരാട് കോഹ്ലിയുടെ റെക്കോര്‍ഡ് മറികടന്നു. 36 പന്തില്‍ മൂന്ന് ഫോറും ഒരു സിക്‌സും സഹിതമാണ് ബാബര്‍ 50 റണ്‍സ് നേടിയത്. താരത്തിന്റെ കരിയറിലെ 39-ാം ടി20 അര്‍ദ്ധ സെഞ്ചുറിയാണിത്.
38 അര്‍ദ്ധ സെഞ്ചുറികള്‍ നേടിയ വിരാട് കോലിയുടെ റെക്കോര്‍ഡാണ് ഇതോടെ പഴങ്കഥയായത്. നിലവില്‍ 132 ഇന്നിംഗ്സുകളില്‍ നിന്ന് 4,505 റണ്‍സുമായി ടി20യില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമെന്ന പദവിയും ബാബര്‍ അസമിനാണ്.
ഓസ്‌ട്രേലിയയെ തൂത്തുവാരി പാകിസ്ഥാന്‍
മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര 3-0ന് പാകിസ്ഥാന്‍ തൂത്തുവാരിയിരുന്നു. മൂന്നാം മത്സരത്തില്‍ 111 റണ്‍സിന്റെ പടുകൂറ്റന്‍ വിജയമാണ് പാക് ടീം സ്വന്തമാക്കിയത്. ടി20 ചരിത്രത്തില്‍ റണ്‍സ് അടിസ്ഥാനത്തില്‍ ഓസ്‌ട്രേലിയ നേരിടുന്ന ഏറ്റവും വലിയ തോല്‍വിയാണിത്. നായകന്‍ സല്‍മാന്‍ അലി അഗയാണ് പ്ലെയര്‍ ഓഫ് ദി സീരീസ്.
ഇന്ത്യ-പാക് പോരാട്ടം: ഐസിസിയുടെ മുന്നറിയിപ്പ്
ഫെബ്രുവരി 7ന് നെതര്‍ലന്‍ഡ്സിനെതിരെ പാകിസ്ഥാന്‍ ലോകകപ്പ് പോരാട്ടം തുടങ്ങാനിരിക്കെ, ഇന്ത്യയുമായുള്ള ഫെബ്രുവരി 15ലെ മത്സരം ബഹിഷ്‌കരിക്കാനുള്ള തീരുമാനത്തില്‍ പാകിസ്ഥാന് ഐസിസി കര്‍ശന മുന്നറിയിപ്പ് നല്‍കി. ഒരു നിശ്ചിത മത്സരം മാത്രം ബഹിഷ്‌കരിക്കുന്നത് കായിക മര്യാദയ്ക്ക് നിരക്കാത്തതാണെന്നും ഇത് പാകിസ്ഥാന്‍ ക്രിക്കറ്റിന് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും ഐസിസി വ്യക്തമാക്കി.
ലോകമെമ്പാടുമുള്ള ആരാധകര്‍ ഉറ്റുനോക്കുന്ന ഈ മത്സരം നടന്നില്ലെങ്കില്‍ സംപ്രേക്ഷണാവകാശമുള്ള ചാനലുകള്‍ക്ക് മാത്രം 200 മുതല്‍ 250 കോടി രൂപയുടെ വരെ നഷ്ടമുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. പാകിസ്ഥാന്‍ മത്സരത്തിന് ഇറങ്ങിയില്ലെങ്കില്‍ ഇന്ത്യയ്ക്ക് വാക്ക് ഓവര്‍ വഴി രണ്ട് പോയിന്റുകള്‍ ലഭിക്കും.

