ന്യൂസിലൻഡ് എ-യ്‌ക്കെതിരായ ആദ്യ അനൗദ്യോഗിക ടെസ്റ്റ് മത്സരത്തിൽ ഇന്ത്യ എ-യ്ക്ക് സമനില. 313 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കിവീസ് 187-9 എന്ന നിലയിൽ തകർന്നപ്പോൾ വെളിച്ചക്കുറവ് വില്ലനാവുകയായിരുന്നു.
ലിങ്കൺ: ടെസ്റ്റ് പരമ്പരക്ക് മുന്നോടിയായി ന്യൂസിലൻഡ് എ-യ്‌ക്കെതിരായ ആദ്യ അനൗദ്യോഗിക ടെസ്റ്റ് മത്സരത്തിൽ വിജയം കൈവിട്ട് ഇന്ത്യ എ. 313 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ന്യൂസിലന്‍ഡ് എ 187-9 എന്ന നിലയില്‍ തോല്‍വി ഉറപ്പിച്ചപ്പോഴാണ് വെളിച്ചക്കുറവ് വില്ലനായത്. 18 ഓവറോളം ബാക്കിയുണ്ടായിരുന്നെങ്കിലും വെളിച്ചക്കുറവ് മൂലം സ്പിന്നര്‍മാരെ ഉപയോഗിച്ച് മാത്രം അവസാന സെഷനില്‍ പന്തെറിയാൻ നിര്‍ബന്ധിതരായത് ഇന്ത്യക്ക് തിരിച്ചടിയായി. ആദ്യ ഇന്നിംഗ്സില്‍ 204 റണ്‍സിന്‍റെ കൂറ്റൻ ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങിയശേഷമാണ് ഇന്ത്യ എ രണ്ടാം ഇന്നിംഗ്സിലെ മികച്ച ബാറ്റിംഗിന്‍റെയും ബൗളിംഗിന്‍റെയും കരുത്തില്‍ ന്യൂസിലന്‍ഡ് എക്കെതിരെ വിജയത്തിന് അടുത്തെത്തിയത്.
രണ്ടാം ഇന്നിംഗ്സില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 488 റണ്‍സെന്ന നിലയില്‍ അവസാന ദിനം ക്രീസിലിറങ്ങിയ ഇന്ത്യ എ 516 റണ്‍സിന് ഓള്‍ ഔട്ടായിരുന്നു. ഓപ്പണറായി ഇറങ്ങി 90 റണ്‍സുമായി പുറത്താകാതെ നിന്ന കര്‍ട്ടിസ് ഹീഫിയും 24 പന്തില്‍ 6 റൺസുമായി പുറത്താകാതെ നിന്ന അവസാന ബാറ്റര്‍ ജെയ്ഡൻ ലെനോക്സും ചേര്‍ന്നാണ് ന്യൂസിസലന്‍ഡ് എക്ക് സമനില സമ്മാനിച്ചത്. ഇരുവര്‍ക്കും പുറമെ 42 റണ്‍സെടുത്ത ഡീൻ ഫോക്സ്ക്രോഫ്റ്റ് മാത്രമാണ് ന്യൂസിലന്‍ഡ് നിരയില്‍ തിളങ്ങിയത്. ഇന്ത്യ എക്കായി ആഖിബ് നബി മൂന്ന് വിക്കറ്റെടുത്തപ്പോള്‍ ദേവ്ദത്ത് പടിക്കല്‍ 2 വിക്കറ്റെടുത്തു. സ്കോര്‍ ഇന്ത്യ എ 113, 516, ന്യൂസിലന്‍ഡ് എ 317, 186/9.
8 വിക്കറ്റ് നഷ്ടത്തില്‍ 488 റണ്‍സെന്ന നിലയില്‍ അവസാന ദിനം ക്രീസിലിറങ്ങിയ ഇന്ത്യക്ക് വാഷിംഗ്ടൺ സുന്ദറിന്‍റെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. 52 റണ്‍സെടുത്ത് വാഷിംഗ്ടണ്‍ സുന്ദർ പുറത്തായെങ്കിലും 17 പന്തില്‍ 25 റണ്‍സടിച്ച ആകാശ്ദിപ് ഇന്ത്യയെ 500 കടത്തി വിജയലക്ഷ്യം 300 കടത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. നേരത്തെ മലയാളി താരം ദേവ്ദത്ത് പടിക്കലിന്‍റെ വെടിക്കെട്ട് സെഞ്ചുറിയുടെയും(199) സായ് സുദര്‍ശൻ(91), യാഷ് റാത്തോഡ്(66), ആഖിബ് നബി(38) എന്നിവരുടെ ബാറ്റിംഗ് മികവിന്‍റെയും കരുത്തിലാണ് ഇന്ത്യ മികച്ച സ്കോറിലെത്തിയത്.
ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക
313 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ ന്യൂസിലന്‍ഡ് എയെ തുടക്കത്തിലെ ആഖിന് നബി എറിഞ്ഞിട്ടു. ക്യാപ്റ്റൻ റൈസ് മരിയും(2), ടിം റോബിന്‍സണ്‍(0), മാത്യു ബോയ്‌ലെ(4) എന്നിവരെ തുടക്കത്തിലെ പുറത്താക്കിയ ആഖിബ് നബി ന്യൂസിലന്‍ഡ് എയെ 13-3ലേക്ക് തള്ളിയിട്ടു. ഫോക്സ്ക്രോഫ്റ്റും കര്‍ട്ടിസ് ഹീഫിയും ചേര്‍ന്ന് സ്കോര്‍ 92 റണ്‍സില്‍ എത്തിച്ചെങ്കിലും മുകേഷ് ചൗധരി ഫോക്സ്ക്രോഫ്റ്റിനെ(42) പുറത്താക്കിയതോടെ ന്യൂസിലന്‍ഡ് എ വീണ്ടും തകര്‍ന്നടിഞ്ഞു. ഒരറ്റത്ത് ഒറ്റക്ക് പൊരുതിയ കര്‍ട്ടിസ് ഹീഫി തകര്‍ച്ചക്കിടയിലും പൊരുതി കിവീസിന് സമനില സമ്മാനിച്ചു.





