ന്യൂസിലൻഡിനെതിരായ മൂന്നാം ടി20 മത്സരത്തിൽ പരമ്പര വിജയം ലക്ഷ്യമിട്ട് ഇന്ത്യ ഇന്നിറങ്ങുന്നു. ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച ഇന്ത്യയ്ക്ക് ഇന്ന് ജയിച്ചാൽ പരമ്പര സ്വന്തമാക്കാം.
വെല്ലിംഗ്ടണ്‍: ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തിൽ പരമ്പര വിജയം ലക്ഷ്യമിട്ട് ഇന്ത്യ ഇന്നിറങ്ങുന്നു. ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച് 2-0ന് മുന്നിലുള്ള ഇന്ത്യയ്ക്ക് വെല്ലിംഗ്ടണിൽ നടക്കുന്ന മത്സരത്തിൽ ജയിക്കാനായാൽ അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പര 3-0ന് സ്വന്തമാക്കാം. ശ്രേയസ് അയ്യരുടെ നേതൃത്വത്തിലിറങ്ങുന്ന ഇന്ത്യൻ നിര വിജയം തുടരാൻ ഉറച്ചാണ് വെല്ലിംഗ്ടണിൽ ഇറങ്ങുന്നത്. ആദ്യ രണ്ട് മത്സരങ്ങളിലും 226, 181 എന്നീ വൻ ലക്ഷ്യങ്ങൾ നാല് വിക്കറ്റുകൾ ശേഷിക്കെ ഇന്ത്യ മറികടന്നിരുന്നു. ബാറ്റിംഗ് നിര മികച്ച പ്രകടനം പുറത്തെടുക്കുമ്പോഴും ബൗളർമാർ റൺസ് വഴങ്ങുന്നത് ആശങ്കയായി തുടരുന്നു.
ശ്രദ്ധാകേന്ദ്രമായി ഭുവനേശ്വറും വൈഭവവും
കഴിഞ്ഞ രണ്ട് മത്സരങ്ങളിൽ നിന്നായി എട്ട് ഓവറിൽ 99 റൺസ് വഴങ്ങിയ സീനിയര്‍ പേസർ ഭുവനേശ്വർ കുമാറിന് ഈ മത്സരം നിർണായകമാണ്. നീണ്ട ഇടവേളയ്ക്ക് ശേഷം ടീമിലേക്ക് തിരിച്ചെത്തിയ ഭുവനേശ്വറിന് താളം കണ്ടെത്തേണ്ടതുണ്ട്.പരിക്കേറ്റ ഇഷാൻ കിഷന് പകരക്കാരനായി ടീമിലെത്തിയ 15-കാരൻ വൈഭവ് സൂര്യവംശിക്കും ഇന്നത്തെ മത്സരത്തില്‍ തിളങ്ങേണ്ടത് അനിവാര്യമാണ്. രണ്ടാം ടി20യിൽ എട്ട് പന്തിൽ നാല് റൺസ് മാത്രം നേടി പുറത്തായ വൈഭവിന് തന്റെ മികവ് കാട്ടാൻ വീണ്ടുമൊരു അവസരം ലഭിക്കും.കഴിഞ്ഞ മത്സരത്തില്‍ മൂന്നാം നമ്പറിലിറങ്ങിയ വൈഭവിനെ ഇന്ന് ഓപ്പണാറാക്കുമെന്നാണ് കരുതുന്നത്. വൈഭവ് ഓപ്പണിംഗിലേക്ക് തിരിച്ചെത്തിയാൽ മലയാളി താരം സഞ്ജു സാംസണ് മൂന്നാം നമ്പറിലേക്ക് മാറും.
അതേസമയം, പരമ്പരയിൽ ജീവൻ നിലനിർത്താൻ ന്യൂസിലന്‍ഡിന് ഇന്ന് ജയം അനിവാര്യമാണ്. പ്രമുഖ താരങ്ങളുടെ പരിക്കാണ് കിവീസിനെ ആശങ്കയിലാഴ്ത്തുന്നത്. പേസർ മാറ്റ് ഹെൻറി പരമ്പരയിൽ നിന്ന് പുറത്തായതും ലോക്കി ഫെർഗൂസൺ ഇന്നത്തെ മത്സരത്തിന് ലഭ്യമല്ലാത്തതും ന്യൂസിലൻഡിന് തിരിച്ചടിയാണ്. ഗ്ലെൻ ഫിലിപ്സ്, ഫിൻ അലൻ എന്നിവരുടെ ബാറ്റിംഗ് മികവിലാണ് ആതിഥേയരുടെ പ്രതീക്ഷ.ടിവിയിൽ ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12:30ന് സോണി സ്പോർട്സ് നെറ്റ്വർക്കിലും ലൈവ് സ്ട്രീമിംഗില് സോണി ലിവ് ആപ്പിലും മത്സരം തത്സമയം കാണാം.
ഇന്ത്യ സാധ്യതാ ടീം: സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), അഭിഷേക് ശർമ്മ, വൈഭവ് സൂര്യവംശി, ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), തിലക് വർമ്മ, നിതീഷ് കുമാർ റെഡ്ഡി, നമൻ ധിർ, അക്ഷർ പട്ടേൽ, ഭുവനേശ്വർ കുമാർ, അർഷ്ദീപ് സിംഗ്, പ്രിൻസ് യാദവ്.





