ധാക്ക: ഐസിസിയുടെ വിലക്ക് നേരിടുന്ന ബംഗ്ലാദേശ് സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഷാക്കിബ് അല്‍ ഹസന്‍ ശ്രീലങ്കന്‍ പര്യടനത്തില്‍ തിരിച്ചെത്തിയേക്കും. ഒക്‌ടോബര്‍ 24ന് ആരംഭിക്കുന്ന പര്യടനത്തില്‍ മൂന്ന് വീതം ടെസ്റ്റുകളും ടി20കളുമാണുള്ളത്. ഒക്‌ടോബര്‍ 29നാണ് ഷാക്കിബിന്‍റെ വിലക്ക് അവസാനിക്കുന്നത്. അതിനാല്‍ പരമ്പരയ്‌ക്കിടെ മാത്രമാവും ഷാക്കിബിന് ടീമിനൊപ്പം ചേരാനാവുക. 

ടീമിലേക്ക് മടങ്ങിയെത്താന്‍ ഷാക്കിബിന് മുന്നില്‍ വലിയ കടമ്പകളുണ്ടാവില്ല. സെപ്റ്റംബര്‍ 23നാണ് പരമ്പരക്കായി ബംഗ്ലാ ടീം ശ്രീലങ്കയിലേക്ക് പുറപ്പെടുന്നത്. ആദ്യ ടെസ്റ്റ് ഒക്‌ടോബര്‍ 24ന് തുടങ്ങും എന്നാണ് നിലവില്‍ പ്രതീക്ഷിക്കുന്നത്. ടീമിലേക്ക് തിരിച്ചുവിളിക്കും മുമ്പ് ഷാക്കിബിന്‍റെ ഫിറ്റ്നസും മാനസിക ആരോഗ്യവും വിലയിരുത്തുമെന്ന് സെലക്‌ടര്‍ വ്യക്തമാക്കി. എന്നാല്‍ വിലക്ക് അവസാനിക്കുന്ന ഒക്‌ടോബര്‍ 28 വരെ ഷാക്കിബിന് ടീമിനൊപ്പം പരിശീലനം നടത്താനാവില്ല.  

ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ നസ്‌മുല്‍ ഹസന്‍ ഷാക്കിബുമായി ഇതിനകം ചര്‍ച്ച നടത്തിയതായാണ് ക്രിക്‌ബസിന്‍റെ റിപ്പോര്‍ട്ട്. മടങ്ങിവരവിനെ കുറിച്ച് ഷാക്കിബിന്‍റെ നിലപാട് ആരാഞ്ഞതായാണ് വിവരം. ധാക്കയിലെ ബികെഎസ്‌പി സ്‌പോര്‍ട്സ് കോംപ്ലക്‌സില്‍ ഷാക്കിബ് അടുത്ത മാസം മുതല്‍ പരിശീലനം ആരംഭിക്കും. 

വാതുവയ്‌പുകാര്‍ സമീപിച്ചത് ഐസിസിയെ അറിയിക്കാത്തതിനെ തുടര്‍ന്നാണ് ബംഗ്ലാദേശ് ക്യാപ്റ്റന്‍ ഷാക്കിബ് അല്‍ ഹസനെ വിലക്കിയത്. കുറ്റം സമ്മതിച്ച ഷാക്കിബ് പരസ്യമായി മാപ്പ് പറഞ്ഞിരുന്നു. ക്രിക്കറ്റ് അഴിമതി രഹിതമായിരിക്കണമെന്ന് യുവതാരങ്ങളെ ബോധവല്‍ക്കരിക്കും എന്നും താരം വ്യക്തമാക്കി. ഷാക്കിബിനൊപ്പം രാജ്യം ഉറച്ചു നില്‍ക്കുമെന്ന് പ്രധാനമന്ത്രി ഷെയ്ക്ക് ഹസീന വ്യക്തമാക്കിയിരുന്നു. ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡും ഷാക്കിബിന് അന്ന് പിന്തുണ അറിയിച്ചതാണ്. 

ഷാക്കിബിന് വിലക്ക് നേരിട്ടതെങ്ങനെ- വിശദമായി വായിക്കാം...

'ബ്രോ, ഈ പരമ്പരയില്‍ വല്ലതും നടക്കുമോ'; ഷാക്കിബിനെ കുടുക്കിയ വാട്‌സാപ്പ് ചാറ്റ് പുറത്തുവിട്ട് ഐസിസി

ക്രിക്കറ്റ് അഴിമതിരഹിതമാവണമെന്ന് ഞാനും ആഗ്രഹിക്കുന്നു; ആരാധകര്‍ക്ക് മുന്നില്‍ ഷാക്കിബ് മാപ്പ് പറഞ്ഞു