Asianet News MalayalamAsianet News Malayalam

ക്രിക്കറ്റിൽ അപൂർവങ്ങളിൽ അപൂർവം, ന്യൂസിലൻഡിനെതിരെ നാണക്കേടായി മുഷ്ഫീഖുർ റഹീമിന്‍റെ പുറത്താകൽ-വീഡിയോ

ടെസ്റ്റില്‍ ഒബ്സ്‌ട്രക്ടിങ് ദ് ഫീല്‍ഡ് രീതിയില്‍ ഔട്ടാവുന്ന എട്ടാമത്തെ ബാറ്ററും പുരുഷ ക്രിക്കറ്റിലെ പതിനൊന്നാമത്തെ കളിക്കാരനുമാണ് റഹീം. 1957ല്‍ ദക്ഷിണാഫ്രിക്കയുടെ റസല് എന്‍ഡിയാനാണ് ഇത്തരത്തില്‍ പുറത്തായ ആദ്യ ബാറ്റര്‍.

Bangladesh batter Mushfiqur Rahim out handling the ball vs New Zealand in Dhaka Test
Author
First Published Dec 6, 2023, 1:51 PM IST

ധാക്ക: ന്യൂസിലന്‍ഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ പന്ത് കൈ കൊണ്ട് പിടിച്ചതിന് പുറത്തായി ബംഗ്ലാദേശ് താരം മുഷ്ഫീഖുര്‍ റഹീം. ക്രിക്കറ്റില്‍ അപൂര്‍വങ്ങളില്‍ അപൂര്‍വമായി മാത്രം സംഭവിക്കുന്ന ഒബ്സ്‌ട്രക്ടിങ് ദ് ഫീല്‍ഡ് ഔട്ടായാണ് മുഷ്ഫീഖുര്‍ ഈ രീതിയില്‍ പുറത്താവുന്ന ആദ്യ ബംഗ്ലാദേശി താരമായി നാണക്കേടിന്‍റെ റെക്കോര്‍ഡിട്ടത്. കെയ്ല്‍ ജമൈസണ്‍ എറിഞ്ഞ ബംഗ്ലാദേശ് ഇന്നിംഗ്സിലെ 41-ാം ഓവറിലായിരുന്നു മുഷ്ഫീഖുറിന്‍റെ നാടകീയമായ പുറത്താകല്‍.

ആദ്യ സെഷനിലും സ്റ്റംപിലേക്ക് പോകുന്ന പന്ത് കൈ കൊണ്ട് തട്ടിയകറ്റാനായി മുഷ്ഫീഖുര്‍ ശ്രമിച്ചിരുന്നു. എന്നാല്‍ പന്ത് ബൗണ്‍സ് ചെയ്ത് വിക്കറ്റിന് മുകളിലൂടെ  മുഷ്ഫീഖുറിന്‍റെ കൈകളില്‍ തട്ടാതെ പിന്നിലേക്ക് പോയതിനാല്‍ കിവീസ് താരങ്ങള്‍ അപ്പീല്‍ ചെയ്തില്ല. ഇതിന് പിന്നാലെ 41 ഓവറിലെ ജമൈസണിന്‍റെ ഓവറിലെ നാലാം പന്ത് മുഷ്ഫീഖുര്‍ ഓഫ് സ്റ്റംപിന് പുറത്ത് പ്രതിരോധിച്ചെങ്കിലും  ബാറ്റില്‍ തട്ടി ബൗണ്‍സ് ചെയ്ത പന്ത് വിക്കറ്റിലേക്ക് പോകുമോ എന്ന സംശയത്തില്‍ മുഷ്പീഖുര്‍ കൈ കൊണ്ട് തട്ടിയകറ്റുകയായിരുന്നു. പിന്നാലെ കിവീസ് താരങ്ങള്‍ ഒബ്സ്‌ട്രക്ടിങ് ദ് ഫീല്‍ഡ് ഔട്ടിനായി അപ്പീല്‍ ചെയ്തു. റീപ്ലേകള്‍ പരിശോധിച്ചശേഷം അമ്പയര്‍ ഔട്ട് വിധിച്ചു.

ബാറ്റിംഗിനിടെ ഒരു നിമിഷത്തേക്ക് ബാബറിന്‍റെ 'കിളി പോയി'; ഫീല്‍ഡറായി പന്ത് കൈകൊണ്ട് തടുത്തിടാന്‍ ശ്രമം-വീഡിയോ

പരമ്പരയിലെ ആദ്യ ടെസ്റ്റ് ജയിച്ച ബംഗ്ലാദേശ് ചരിത്രനേട്ടം സ്വന്തമാക്കിയിരുന്നു. എന്നാല്‍ രണ്ടാം ടെസ്റ്റില്‍ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശിന് തുടക്കത്തിലെ അടിതെറ്റി. 47-4ലേക്ക് കൂപ്പുകുത്തിയ ബംഗ്ലാദേശിനെ ഷഹദാത്ത് ഹസനൊപ്പം(31) ചേര്‍ന്ന് റഹീം അര്‍ധസെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തി 100 കടത്തി. ഇരുവരും ബംഗ്ലാദേശിനെ കരകയറ്റുമെന്ന് കരുതിയിരിക്കെയാണ് റഹീം(35) അസാധാരണമായി രീതിയില്‍ പുറത്തായത്.

ടെസ്റ്റില്‍ ഒബ്സ്‌ട്രക്ടിങ് ദ് ഫീല്‍ഡ് ഔട്ടാവുന്ന എട്ടാമത്തെ ബാറ്ററും പുരുഷ ക്രിക്കറ്റിലെ പതിനൊന്നാമത്തെ കളിക്കാരനുമാണ് റഹീം. 1957ല്‍ ദക്ഷിണാഫ്രിക്കയുടെ റസൽ എന്‍ഡിയാനാണ് ഇത്തരത്തില്‍ പുറത്തായ ആദ്യ ബാറ്റര്‍. ഓസ്ട്രേലിയക്കെതിരെ 1986ല്‍ ഇന്ത്യയുടെ മൊഹീന്ദര്‍ അമര്‍നാഥും 2001ല്‍ ഇന്ത്യക്കെതിരെ ഓസ്ട്രേലിയയുടെ സ്റ്റീവ് വോയും ഇത്തരത്തില്‍ പുറത്തായി. 2015ല്‍ അഫ്ഗാനിസ്ഥാനെതിരെ ഇത്തരത്തില്‍ പുറത്തായ സിംബാബ്‌വെയുടെ ചാമു ചിബാബക്ക് ശേഷം ആദ്യമായാണ് ഒരു ബാറ്റര്‍ ഹാന്‍ഡ്‌ലിങ് ദ് ബോളിന് ഔട്ടാവുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios