ധാക്കയില്‍ നടന്ന ആദ്യ ഏകദിനത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ബംഗ്ലാദേശിന് 74 റണ്‍സിന്റെ തകര്‍പ്പന്‍ ജയം. ആറ് വിക്കറ്റ് വീഴ്ത്തിയ റിഷാദ് ഹുസൈന്റെ ബൗളിംഗാണ് വിന്‍ഡീസിനെ 133 റണ്‍സിന് പുറത്താക്കാന്‍ സഹായിച്ചത്. 

ധാക്ക: ബംഗ്ലാദേശിനെതിരായ ആദ്യ ഏകദിനത്തില്‍ വെസ്റ്റ് ഇന്‍ഡീസിന് തോല്‍വി. ധാക്ക, ഷേര്‍ ബംഗ്ലാ സ്‌റ്റേഡിയത്തില്‍ 74 റണ്‍സിനാണ് ബംഗ്ലാദേശ് ജയിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ബംഗ്ലാദേശ്, 49.4 ഓവറില്‍ 207ന് എല്ലാവരും പുറത്തായി. 51 റണ്‍സ് നേടിയ തൗഹിദ് ഹൃദോയാണ് ടോപ് സ്‌കോറര്‍. മഹിദുള്‍ ഇസ്ലാം 46 റണ്‍സെടുത്തു. വിന്‍ഡീസിന് വേണ്ടി ജെയ്ഡന്‍ സീല്‍സ് മൂന്ന് വിക്കറ്റ് വീഴ്ത്തി. റോസ്റ്റണ്‍ ചേസ്, ജസ്റ്റിന്‍ ഗ്രീവ്‌സ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. മറുപടി ബാറ്റിംഗില്‍ വിന്‍ഡീസ് 39 ഓവറില്‍ 133ന് എല്ലാവരും പുറത്തായി. ആറ് വിക്കറ്റ് വീഴ്ത്തിയ റിഷാദ് ഹുസൈനാണ് വിന്‍ഡീസിനെ തകര്‍ത്തത്. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ബംഗ്ലാദേശ് മുന്നിലെത്തി.

44 റണ്‍സെടുത്ത ബ്രന്‍ഡന്‍ കിംഗാണ് വിന്‍ഡീസിന്റെ ടോപ് സ്‌കോറര്‍. ബ്രന്‍ഡന്‍ - അലിക് അതനാസെ (27) സഖ്യം മികച്ച തുടക്കമാണ് സന്ദര്‍ശകര്‍ക്ക് നല്‍കിയത്. ഇരുവരും ഒന്നാം വിക്കറ്റില്‍ 51 റണ്‍സ് ചേര്‍ത്തു. അതനാസെയെ പുറത്താക്കി റിഷാദാണ് ബംഗ്ലാദേശിന് ബ്രേക്ക് ത്രൂ നല്‍കിയത്. തുടര്‍ന്നങ്ങോട്ട് വിക്കറ്റുകളുടെ മഴയായിരുന്നു. കീസി കാര്‍ട്ടി (9), ഷായ് ഹോപ്പ് (15), ഷെഫാനെ റുതര്‍ഫോര്‍ഡ് (0), റോസ്റ്റണ്‍ ചേസ് (6) എന്നിവര്‍ക്കൊന്നും തളിങ്ങാനായില്ല. ഇതിനിടെ ബ്രന്‍ഡനും മടങ്ങി.

വാലറ്റക്കാരില്‍ ജസ്റ്റിന്‍ ഗ്രീവ്‌സ് (12) മാത്രമാണ് രണ്ടക്കം കണ്ടത്. ഗുഡകേഷ് മോത്തി (3), റൊമാരിയ ഷെപ്പേര്‍ഡ് (1), ജയ്ഡന്‍ സീല്‍സ് (3) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. ഖാരി പിയേറെ (7) പുറത്താവാതെ നിന്നു. റിഷാദിന് പുറമെ മുസ്തഫിസുര്‍ റഹ്മാന്‍ രണ്ട് വിക്കറ്റെടുത്തു.

നേരത്തെ ബംഗ്ലാദേശിന്റെ തുടക്കം മോശമായിരുന്നു. എട്ട് റണ്‍സെടുക്കുന്നതിനിടെ ഓപ്പണര്‍മാരായ സെയ്ഫ് ഹസന്‍ (3), സൗമ്യ സര്‍ക്കാര്‍ (4) എന്നിവരുടെ വിക്കറ്റുകള്‍ ബംഗ്ലാദേശിന് നഷ്ടമായി. തുടര്‍ന്ന് നജ്മുല്‍ ഹുസൈന്‍ ഷാന്റോ (32) - ഹൃദോയ് സഖ്യം 71 റണ്‍സ് കൂട്ടിചേര്‍ത്തു. ഇതാണ് തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചതും. എന്നാല്‍ ഷാന്റോയെ പിയേറെ പുറത്താക്കി. മഹിദുലിനൊപ്പം 36 റണ്‍സ് ചേര്‍ത്ത ശേഷം ഹൃദോയും മടങ്ങി. ക്യാപ്റ്റന്‍ മെഹിദി ഹസന്‍ മിറാസ് (17), നൂറൂല്‍ ഹസന്‍ (9) നിരാശപ്പെടുത്തിയെങ്കിലും ഹൃദോയ്, റിഷാദ് (26) എന്നിവരുടെ ഇന്നിംഗ്‌സുകള്‍ ബംഗ്ലാദേശിനെ മാന്യമായ സ്‌കോറിലേക്ക് നയിച്ചു. ടസ്‌കിന്‍ അഹമ്മദ് (0), മുസ്തഫിസുര്‍ (1) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. തന്‍വീര്‍ ഇസ്ലാം (9) പുറത്താവാതെ നിന്നു.

YouTube video player